Mon. Dec 23rd, 2024
കൊച്ചി:

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കുള്ള സ്റ്റേ ഹൈക്കോടതി നീട്ടി. പ്രോസിക്യൂട്ടർ ക്വാറന്റീനിൽ ആയതാണ് സ്റ്റേ നീട്ടാൻ കാരണം. ഈ മാസം 16 വരെ വിചാരണ നടപടികൾ പാടില്ല. ഹൈക്കോടതി അന്ന് കേസ് വീണ്ടും പരിഗണിക്കും.  നേരത്തെ വെള്ളിയാഴ്ച വരെ വിചാരണ നിര്‍ത്തിവെക്കാനാണ് കോടതി ഉത്തരവിട്ടത്. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും സര്‍ക്കാറും കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് നടി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. തന്നെ ദിലീപിന്‍റെ അഭിഭാഷകന്‍ അധിക്ഷേപിച്ച് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ കോടതി ഇടപെട്ടില്ല, പല പ്രധാന വസ്തുതകളും കോടതി രേഖപ്പെടുത്തിയിരുന്നില്ല, നിരവധി അഭിഭാഷകരുടെ മുന്നിലാണ് തന്നെ വിസ്തരിച്ചത്, അഭിഭാഷകരെ കോടതി നിയന്ത്രിച്ചില്ല, ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് കോടതി അധിക്ഷേപിച്ചെന്ന് കേസിലെ 7ാം സാക്ഷിയായ നടി തന്നോട് പറഞ്ഞു തുടങ്ങിയ കാര്യങ്ങളാണ് നടി ഹൈക്കോടതിയെ അറിയിച്ചത്.