Fri. Jan 10th, 2025

 

വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി പ്രദീപ് കുമാർ തൂങ്ങി മരിച്ച നിലയിൽ. ചേർത്തല വയലാറിലെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്നാണ് പ്രഥമിക വിവരം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.

അമ്മയോടൊപ്പം ബാങ്കിൽ പോയി തിരികെയെത്തിയ ശേഷം മുറിയിലേക്ക് പോയ പ്രദീപ് കുമാറിനെ പുറത്തേക്ക് കാണാതായതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

2017ൽ 52  ദിവസത്തെ ഇടവേളയിൽ പതിമൂന്നും ഒമ്പതും വയസ്സുള്ള രണ്ടു സഹോദരിമാരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ് പ്രദീപ്. കേസിലെ അഞ്ച് പ്രതികൾക്കെതിരെ ഐപിസി 305 ( ആത്മഹത്യക്ക് പ്രേരിപ്പിക്കൽ), ഐപിസി 376 (ബലാത്സംഗം), SC /ST ( പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ്) ആക്റ്റ്, POCSO, ജുവനൈൽ ജസ്റ്റിസ് ആക്റ്റ് എന്നിവ ചുമത്തിയിരുന്നു. എന്നാൽ തെളിവ് ശേഖരണത്തിന്റെ അഭാവം മൂലം കഴിഞ്ഞ വർഷം ഒക്ടോബറിൽ കോടതി ഇയാളെ വെറുതെ വിടുകയായിരുന്നു.

 

By Athira Sreekumar

Digital Journalist at Woke Malayalam