Wed. Jan 22nd, 2025
rift in kerala government over fake encounters against maoist

വയനാട്‌ ബാണാസുര മലയില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകത്തോടെ സംസ്ഥാനത്ത്‌ മാവോയിസ്‌റ്റ്‌ വേട്ടയും വ്യാജ ഏറ്റുമുട്ടലുകളും വീണ്ടും സജീവ ചര്‍ച്ചയാകുകയാണ്‌. വയനാട്ടിലെ പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ വാളാരം കുന്നില്‍ പുലര്‍ച്ചെ ആറുമണിയോടെയാണ്‌ പോലിസിന്റെ സായുധസേന, തണ്ടര്‍ബോള്‍ട്ടുമായി നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റെന്നു സംശയിക്കപ്പെടുന്ന 35 കാരന്‍ കൊല്ലപ്പെട്ടത്‌.

പത്തോളം വ്യാജഏറ്റുമുട്ടലുകള്‍ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായി എന്നാണ്‌ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിക്കുന്നത്‌. ഏതായാലും പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാലു വര്‍ഷത്തിനിടെ ഏഴു പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌. നിലമ്പൂരും പാലക്കാട്ടും വയനാടും സമാനമായ ദുരൂഹസാഹചര്യങ്ങളിലാണ്‌ പോലിസ്‌ വെടിവെപ്പില്‍ മാവോയിസ്‌റ്റ്‌ എന്ന്‌ ആരോപിക്കപ്പെട്ടവര്‍ കൊല്ലപ്പെട്ടത്‌.

ഇതില്‍ ആദ്യത്തേത്‌ മലപ്പുറം, കുരുളായി വനപ്രദേശത്താണ്‌. 2016 നവംബര്‍ 24ന്‌ സിപിഐ മാവോയിസ്‌റ്റ്‌ കേന്ദ്രകമ്മിറ്റിയംഗം കുപ്പുസ്വാമി എന്ന ദേവരാജും കാവേരി എന്നു വിളിക്കുന്ന അജിതയുമാണ്‌ അന്ന്‌ കൊല്ലപ്പെട്ടത്‌. കുപ്പുസ്വാമിക്ക്‌ അടുത്തു നിന്ന്‌ പുറകിലാണ്‌ കൂടുതല്‍ വെടിയേറ്റത്‌. ഇയാളുടെ ശരീരത്തില്‍ ഏഴും കാവേരിയുടെ ദേഹത്ത്‌ 19 വെടിയുണ്ടകളും കണ്ടെത്തി.

ആന്തരികാവയങ്ങള്‍ തകര്‍ന്നതായി ഫൊറന്‍സിക്‌ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. 20- 60 മീറ്റര്‍ മാത്രം അകലെ നിന്നാണ്‌ വെടി വെച്ചതെന്നാണ്‌ ബാലിസ്‌റ്റിക്‌ റിപ്പോര്‍ട്ട്‌ കാണിക്കുന്നത്‌. എ കെ 47, എസ്‌ എല്‍ ആര്‍ യന്ത്രത്തോക്കുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണ്‌ കണ്ടെടുത്തത്‌. ഇവര്‍ രണ്ടു പേര്‍ മാത്രമാണ്‌ ഉണ്ടായിരുന്നതെന്നും ആക്രമണസന്നദ്ധരായിരുന്നില്ലെന്നും ആരോപണമുയര്‍ന്നിരുന്നു.

അതിനു ശേഷം 2019 മാര്‍ച്ച്‌ ഏഴിന്‌ വയനാട്‌ ലക്കിടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ മാവോവാദിയായ സി പി ജലീല്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്‌. റിസോര്‍ട്ടിനു പുറത്ത്‌ വാട്ടര്‍ ഫൗണ്ടനു സമീപം കമിഴ്‌ന്നു കിടക്കുന്ന നിലയിലാണു മൃതദേഹം കണ്ടെത്തിയത്‌. ശരീരമാസകലം നിരവധി വെടിയേറ്റിരുന്നു. പുറകില്‍ നിന്നുള്ള വെടിയേറ്റ്‌ ഉണ്ട കണ്ണിനു സമീപം തുളച്ചു പോയിരുന്നു, കൈക്കും വെടിയേറ്റിരുന്നു.

ഇവിടെയും ജലീലാണ്‌ ആദ്യം വെടിയുതിര്‍ത്തതെന്നാണ്‌ പോലീസ്‌ അറിയിച്ചത്‌. തണ്ടര്‍ബോള്‍ട്ട്‌ സ്വയരക്ഷയ്‌ക്കായി തിരിച്ചു വെടി വെക്കുകയായിരുന്നെന്നുമായിരുന്നു വാദം. എന്നാല്‍ ഫൊറന്‍സിക്‌ റിപ്പോര്‍ട്ടില്‍ ജലീല്‍ വെടിവെച്ചിട്ടില്ലായിരുന്നു എന്നാണ്‌ വ്യക്തമായത്‌.

ആ വര്‍ഷം ഒക്‌റ്റോബര്‍ 28ന്‌ പാലക്കാട്‌ മഞ്ചക്കട്ടിയിലെ ആദിവാസി ഊരില്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടത്‌. ചിക്കമംഗലൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്‌, കാര്‍ത്തി എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. ഇവരില്‍ പലരില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തിരുന്നുവെന്നാണ്‌ പോലിസ്‌ ഭാഷ്യം.

പലപ്പോഴും തീരെ അവശനിലയിലായവരാണ്‌ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നതെന്ന്‌ തെളിഞ്ഞിട്ടുള്ളത്‌. ഇന്ത്യയില്‍ പിന്നോക്കസംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ ഗിരിവര്‍ഗ്ഗമേഖലളിലും മാവോയിസ്‌റ്റുകള്‍ സായുധ സേനയ്‌ക്കെതിരേ കൂട്ടക്കൊലകള്‍ നടത്തുമ്പോള്‍ കേരളത്തില്‍ പലപ്പോഴും വയനാട്ടിലും ഇടുക്കിയിലും അനധികൃത പാറമടകള്‍ക്കും റിസോര്‍ട്ടുകള്‍ക്കുമെതിരേയാണ്‌ അവര്‍ ലഘുലേഖ പ്രചാരണങ്ങളും പ്രതീകാത്മക ഓപ്പറേഷനുകളും നടത്താറുള്ളത്‌.

രാജ്യത്തെ മറ്റിടങ്ങളില്‍ വ്യാജ ഏറ്റുമുട്ടലുകളുണ്ടാകുമ്പോഴും അതിലെ ഭരണകൂടഭീകരതയും മനുഷ്യത്വലംഘനവും ചര്‍ച്ചയാക്കുന്നത്‌ ഇടതുപക്ഷമായിരുന്നു. എന്നാല്‍ അതേ ഭരണതന്ത്രങ്ങള്‍ ഇവിടെ ഇടതുപക്ഷമാണ്‌ പ്രയോഗിക്കുന്നതെന്ന ആരോപണം ശക്തമാണ്‌. ഇടത്‌ ചിന്താധാരകള്‍ക്കു വേരോട്ടമുള്ള കേരളത്തില്‍ തീവ്ര ഇടതു ചിന്താഗതികളോട്‌ ആഭിമുഖ്യമുള്ളവരും എക്കാലവുമുണ്ടായിരുന്നു. ഇത്തരം ചിന്താഗതിക്കാരെ ജനാധിപത്യപാതയിലേക്ക്‌ ആകര്‍ഷിക്കുകയെന്നതാണ്‌ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികള്‍ അംഗീകരിച്ച നയം.

അടിയന്തരാവസ്ഥക്കാലത്ത്‌ സിപിഐ മുഖ്യമന്ത്രി സി. അച്യുതമേനോന്‍ മന്ത്രിസഭയില്‍ കെ കരുണാകരന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ്‌ ശക്തമായ നക്‌സല്‍വേട്ട നടന്നിട്ടുള്ളത്‌. തൃശ്ശൂര്‍ എന്‍ജിനീയറിംഗ്‌ കോളെജ്‌ വിദ്യാര്‍ഥി രാജന്റെ തിരോധാനവും വയനാട്ടിലെ നക്‌സല്‍ നേതാവ്‌ വര്‍ഗ്ഗീസിന്റെ കൊലപാതകവും  കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന ഏടുകളാണ്‌. ഇത്‌ പലപ്പോഴും സിപിഐക്കെതിരേ രാഷ്ട്രീയായുധമായി മാറിയിട്ടുണ്ട്‌.

അതിനു ശേഷം ഏറ്റവും കൂടുതല്‍ മാവോവാദി വേട്ട നടന്നത്‌ പിണറായി വിജയന്റെ ഭരണകാലത്തായിരിക്കുമെന്നാണ്‌ പ്രതിപക്ഷ ആരോപണം. മാവോയിസ്‌റ്റ്‌ നേതാവ്‌ രൂപേഷിനും ഷൈനയ്‌ക്കുമെതിരേയും  ലഘുലേഖകള്‍ സൂക്ഷിച്ചെന്ന വിഷയത്തില്‍ അലന്‍, താഹ എന്നീ വിദ്യാര്‍ത്ഥികള്‍ക്കെതിരേ യുഎപിഎ കുറ്റം ചുമത്തിയും നടത്തിയ പോലിസ്‌ വേട്ട സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.