Sun. Dec 22nd, 2024
cyber attack against ira khan

കൊച്ചി:

14-ാം വയസ്സില്‍ താന്‍ ലെെംഗികമായി ഉപദ്രവിക്കപ്പെട്ടകാര്യം ആമീര്‍ ഖാന്‍റെ മകള്‍ ഇറ ഖാന്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. താൻ വിഷാദ രോഗത്തിന്​ അടിമയാണെന്നും നാല്​ വർഷത്തോളം അതിന്​ ചികിത്സതേടിയിരുന്നുവെന്നും ലോക മാനസികാരോ​ഗ്യ ദിനത്തോടനുബന്ധിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഇറ ഖാന്‍ തുറന്നുപറഞ്ഞിരുന്നു. എന്നാല്‍, അതിനുള്ള കാരണത്തെ കുറിച്ച് അന്ന് വ്യക്തമാക്കത്ത ഇറ ഇന്നലെയായിരുന്നു താന്‍ നേരിട്ട ലെെംഗികാതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇത് മുഖ്യധാര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ വാര്‍ത്തയാവുകയും ചെയ്തു. പക്ഷേഫെയ്സ്ബുക്ക് പേജുകളില്‍ ഈ വാര്‍ത്തയ്ക്ക് താഴെ വരുന്ന കമന്‍റുകളും റിയാക്ഷനും ഇറ ഖാനെ അങ്ങേയറ്റം വേദനിപ്പിക്കുന്നതും പരിതാപകരവുമാണ്.

മാതൃഭൂമിയിലെ കോളം റെെറ്ററായ നെല്‍സണ്‍ ജോസഫ് സോഷ്യല്‍ മീഡിയയിലൂടെ ഇത്തരം അശ്ലീല ചുവയുള്ള കമന്‍റുകള്‍ പടച്ചുവിടുന്നവരെ കുറിച്ചെഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധനേടുകയാണ്. ഇറഖാന്‍റെ വാര്‍ത്തയ്ക്ക് കിട്ടുന്ന റിയാക്ഷന്‍ കണ്ട് തന്‍റെ കണ്ണ് തള്ളിയിരിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഇറ ഖാന്‍റെ വീഡിയോയ്ക്കുള്‍പ്പെടെ പൊട്ടിച്ചിരിക്കുന്ന സ്മെെലികള്‍ റിയാക്ഷനായുണ്ട്.

സീനിയര്‍ റിട്ടേര്‍ഡ് അക്കൗണ്ടന്‍റ്  ഓഫീസര്‍ ജോണ്‍ കുരുവിള എന്നു പേരുള്ള ഫെയ്സ്ബുക്ക് പ്രൊഫെെലില്‍ നിന്നുള്ള കമന്‍റിനെ നെല്‍സണ്‍ ജോസഫ് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ‘ചെറുപ്പത്തിലേ തൊഴില്‍ പഠിച്ചുവെന്നായിരുന്നു ജോണ്‍ കുരുവിളയുടെ കമന്‍റ്.  ”നീചവും നിന്ദ്യവുമായ കമൻ്റിട്ടയാളുടെ പ്രൊഫൈൽ ഒറിജിനലാണോയെന്നറിയില്ല. ആണെങ്കിൽ ഭൂലോകദുരന്തമാണ്. പ്രായവും ജോലിയും ഒക്കെ വച്ച് നോക്കിയാൽ കൂടുതൽ ശോചനീയമാണ്. പ്രായമായവരെ ബഹുമാനിക്കണമെന്നും കൊള്ളാവുന്ന ജോലിയെന്നുമൊക്കെ നമ്മൾ പറഞ്ഞ് പഠിപ്പിക്കുന്ന കൂട്ടത്തിലാണ്”-എന്നായിരുന്നു നെല്‍സണ്‍ ജോസഫ് കുറിപ്പില്‍ പറയുന്നത്.

അന്ന് സുഖമായിരുന്നു, ഇന്ന് ആ സുഖം തീർന്നതുകൊണ്ടാണോ പറഞ്ഞത്. ഇതിപ്പോൾ ഒരു ഫാഷന്‍ ആണല്ലോ. ലൈംഗിക അതിക്രമം നടന്നാൽ വല്യ എന്തോ അവാർഡ് കിട്ടിയ പോലെ ആണ് സെലിബ്രിറ്റീസ് പറയുന്നതെന്നാണ് സന്ധ്യ കക്കാട് എന്ന ഒരു പ്രൊഫെെലില്‍ നിന്ന് വന്ന കമന്‍റ്. പെണ്‍കുട്ടികളുടെ പേര്കള്‍ വച്ചുകൊണ്ടുള്ള അപരന്‍മാരും അല്ലാത്തവരുമായി നിരവധി മോശം കമന്‍റുകളാണ് ഇറ ഖാന്‍റെ വാര്‍ത്തയ്ക്ക് താഴെ വരുന്നത്.  വേര്‍ബല്‍ റേപ്പിസ്റ്റുകളും അടുത്ത ഗോവിന്ദചാമികളുമാണ് കമന്‍റിടുന്നവരില്‍ ഭൂരിഭാഗം പേരുമെന്ന് ഉരുളയ്ക്കുപ്പേരി പോലെ മറുപടി നല്‍കുന്നവരുമുണ്ട്.

”പൊതു കക്കൂസിൻ്റെയും ട്രെയിൻ്റെ ലാട്രിൻ്റെയും ചുമരിൽ ഫോൺ നമ്പരും പേരും എഴുതി വച്ചോണ്ടിരുന്നവരൊക്കെ ഇപ്പൊ ഫേസ്ബുക്കിലാണ് എഴുതുന്നതെന്ന് തോന്നുന്നു”. എന്നാണ് നെല്‍സണ്‍ പരിഹസിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam