Wed. Jan 22nd, 2025
Mullappally against fake encounter

കൊല്ലം:

വയനാട്ടില്‍ യുവാവ്‌ തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റു മരിച്ച സംഭവം വ്യാജഏറ്റുമുട്ടലെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ലാത്തികൊണ്ടും തോക്കു കൊണ്ടുമല്ല മാവോയിസത്തെ നേരിടേണ്ടത്‌. ഏറ്റുമുട്ടലിനെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ്‌ അധികാരത്തില്‍ വന്ന ശേഷം പത്തോളം വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷമുണ്ടായ എല്ലാ ഏറ്റുമുട്ടലുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണം. ആന്ധ്രയിലോ ഛത്തീസ്‌ഗഡിലോ ഉള്ളതു പോലുള്ള തീവ്രവാദ ഗ്രൂപ്പുകളല്ല ഇവിടെ പ്രവര്‍ത്തിക്കുന്നത്‌, കുറേ പട്ടിണിപ്പാവങ്ങളാണ്‌. അവരെയാണ്‌ വെടിവെച്ചു കൊല്ലുന്നത്‌.

യുവാക്കളെ വെടിവെച്ച്‌ കൊല്ലുന്നത്‌ ഒന്നിനും പരിഹാരമല്ല. ആദിവാസി ഊരുകളില്‍ സാമ്പത്തിക സുരക്ഷിതത്വമില്ല. അവരുടെ പട്ടിണി മാറ്റുകയാണ്‌ ആദ്യം ചെയ്യേണ്ടത്‌. ആദിവാസികളുടെ ദാരിദ്ര്യത്തിനും പട്ടിണിക്കും ആദ്യം പരിഹാരം കാണുകയാണ്‌ വേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം പിആര്‍ വര്‍ക്കാണ്‌. സ്വര്‍ണക്കടത്തു കേസില്‍ ഇപ്പോള്‍ രോഗത്തെക്കുറിച്ചല്ല, രോഗിയെക്കുറിച്ചാണ്‌ മുഖ്യമന്ത്രി സംസാരിക്കുന്നത്‌. അന്വേഷണ ഏജന്‍സികള്‍ക്ക്‌ പിഴച്ചുവെന്നും അവര്‍ രാഷ്ട്രീയം കളിക്കുന്നുവെന്നുമാണ്‌ പറയുന്നത്‌.

ലൈഫ്‌ പദ്ധതി അന്വേഷണം വിജിലന്‍സ്‌ ചാടി ഏറ്റെടുത്തത്‌ തെളിവു നശിപ്പിക്കാന്‍ വേണ്ടിയാണ്‌. മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും വസതിയിലേക്കും അന്വേഷണം എത്തുമെന്ന്‌ അറിഞ്ഞതോടെ പിണറായിയുടെ നെഞ്ചിടിപ്പ്‌ കൂടി. അന്വേഷണത്തിനു തുരങ്കം വെക്കാന്‍ വിജിലന്‍സിനെ ഉപയോഗിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

വയനാട്ടിലെ പടിഞ്ഞാറത്തറയില്‍ പുലര്‍ച്ചെ ആറുമണിയോടെയാണ്‌ പോലിസിന്റെ സായുധസേന, തണ്ടര്‍ബോള്‍ട്ടുമായി നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റെന്നു സംശയിക്കപ്പെടുന്ന 35 കാരന്‍ കൊല്ലപ്പെട്ടത്‌. ഏറ്റുമുട്ടലിനിടെ മാവോയിസ്‌റ്റുകള്‍ വെടിയുതിര്‍ത്തപ്പോഴുണ്ടായ പ്രത്യാക്രമണത്തിനിടെയാണു മരണം സംഭവിച്ചതെന്നാണ്‌ പോലിസ്‌ അറിയിച്ചത്‌.

ഇയാള്‍ മലയാളിയല്ലെന്നാണു പ്രാഥമികനിഗമനം. ഇരട്ടക്കുഴല്‍ത്തോക്കുകള്‍ അടക്കമുള്ള ആയുധങ്ങള്‍ അക്രമികളില്‍ നിന്നു പിടിച്ചെടുത്തു. തോക്കേന്തിയ ആളാണു കൊല്ലപ്പെട്ടതെന്നും പോലിസുകാര്‍ക്കു പരിക്കില്ലെന്നുമാണ്‌ റിപ്പോര്‍ട്ട്‌.