വയനാട്:
വയനാട് ബാണാസുര വനത്തിൽ മാവോയിസ്റ്റ് സംഘവും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. കേരള പൊലീസിൻ്റെ സായുധസേനാ വിഭാഗമായ തണ്ടർ ബോൾട്ടും മാവോയിസ്റ്റുകളും തമ്മിലാണ് ഏറ്റുമുട്ടിയത്. പടിഞ്ഞാറെത്തറ മീൻമുട്ടി വാളരം കുന്നില്‍ ഇന്ന് രാവിലയോടെയാണ് വെടിവെപ്പ് നടന്നതെന്നാണ് വിവരം. ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം. തണ്ടർബോൾട്ട് സംഘത്തെ മാവോയിസ്റ്റുകൾ ആക്രമിച്ചതാണെന്ന് പൊലീസ് പറഞ്ഞു.
35 വയസ്സ് തോന്നിക്കുന്നയാളാണ് പൊലീസ് വെടിവെയ്പ്പില്‍ മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. മലയാളിയല്ലെന്നാണ് സൂചന. ഇരട്ടക്കുഴൽ തോക്കും ലഘുലേഖകളും ഇവരില്‍ നിന്ന് കണ്ടെത്തിയി പൊലീസ് അറിയിച്ചു. മാവോയിസ്റ്റ് സംഘത്തില്‍ മൂന്ന് പേരുണ്ട്. ഉപയോഗിച്ചത് 303 റെെഫിളെന്നും പൊലീസ് അറയിച്ചു.
രാവിലെ ഈ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് സംഘം മാവോയിസ്റ്റുകളെ കണ്ടെത്തുകയും തുടർന്ന് മാവോയിസ്റ്റുകൾ വെടിവെച്ചതിനെ തുടർന്ന് ഏറ്റുമുട്ടൽ ആരംഭിക്കുകയും ചെയ്തുവെന്നാണ് പൊലീസ് ആസ്ഥാനത്ത് നിന്നും ആദ്യഘട്ടത്തിൽ ലഭിക്കുന്ന വിശദീകരണം. വിശദ വിവരങ്ങള്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കാമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലത്തേക്ക് ആരേയും പൊലീസ് കയറ്റിവിടുന്നില്ല. ഇവിടെ മൊബൈൽ ഫോണിന് റേഞ്ചില്ലെന്നും സാറ്റലൈറ്റ് ഫോണ് വഴി പൊലീസ് ആസ്ഥാനത്ത് നിന്നും തണ്ടർ ബോൾട്ട് സംഘവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നുമാണ് സൂചന.