Fri. Nov 22nd, 2024
Hariharan got JC Daniel award

 

തിരുവനന്തപുരം:

ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്‌ക്കുള്ള 2019ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്‌. അഞ്ചു ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ്‌ പുരസ്‌കാരം.

എം ടി വാസുദേവന്‍ നായര്‍ ചെയര്‍മാനും സംവിധായകന്‍ ഹരികുമാര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, നടി വിധുബാല, സാംസ്‌കാരികവകുപ്പ്‌ സെക്രട്ടറി റാണി ജോര്‍ജ്ജ്‌ എന്നിവര്‍ അംഗങ്ങളുമായ സമിതിയുടേതാണ്‌ തീരുമാനം. സാംസ്‌കാരികമന്ത്രി എ കെ ബാലനാണ്‌ അവാര്‍ഡ്‌ വിവരം അറിയിച്ചത്‌.

മലയാളത്തിന്റെ മിഴിവാര്‍ന്ന നിരവധി ചലച്ചിത്രങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഹരിഹരന്‍ ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടാവുന്ന  ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്‌തു. മലയാളിയുടെ അഭിമാനമായ എം ടി വാസുദേവന്‍ നായരോടൊപ്പം എന്നും ഏറ്റവും കൂടുതല്‍ ചേര്‍ത്തു വായിക്കുന്ന പേര്‌ ഹരിഹരന്റേതാണ്‌.

ഇരുവരും ഒന്നിച്ച ഒരു വടക്കന്‍വീരഗാഥ, നഖക്ഷതങ്ങള്‍, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പഞ്ചാഗ്നി, കേരളവര്‍മ്മ പഴശ്ശിരാജ എന്നീ സിനിമകള്‍ ക്ലാസിക്കുകളായി വാഴ്‌ത്തപ്പെടുന്നവയാണ്‌.

വടക്കന്‍ വീരഗാഥയ്‌ക്ക്‌ 1988ലെ നാല്‌ ദേശീയ അവാര്‍ഡുകളും ആറ്‌ സംസ്ഥാന അവാര്‍ഡുകളും കിട്ടി. സര്‍ഗത്തിന്‌ 1992ലെ കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രത്തിനും പരിണയത്തിന്‌ 1995ലെ സാമൂഹ്യപ്രസക്തിയുള്ള ചലച്ചിത്രത്തിനുമുള്ള ദേശീയ അവാര്‍ഡുകള്‍ കിട്ടി.  പഴശിരാജയ്‌ക്ക്‌ 2009ലെ മികച്ച മലയാളചിത്രത്തിനുള്ളതടക്കം നാല്‌ ദേശീയ പുരസ്‌കാരങ്ങളും മികച്ച സംവിധായകനുള്‍പ്പെടെയുള്ള എട്ട്‌ സംസ്ഥാന അവാര്‍ഡുകളും ലഭിച്ചു.

1965ല്‍ മദ്രാസിലെത്തിയ ഹരിഹരന്‍, എം കൃഷ്‌ണന്‍ നായര്‍, എ ബി രാജ്‌, ജെ ഡി തോട്ടാന്‍ എന്നിവര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചു തുടങ്ങി. 1972ലാണ്‌ ആദ്യ സിനിമ ലേഡീസ്‌ ഹോസ്‌റ്റല്‍ സംവിധാനം ചെയ്‌തത്‌.

തുടക്കകാലത്ത്‌ കോമഡിക്കു പ്രാധാന്യം നല്‍കുന്ന സിനിമകള്‍ സംവിധാനം ചെയ്‌ത അദ്ദേഹം പിന്നീട്‌ ഗൗരവമാര്‍ന്ന കുടുംബകഥകളും വികാരാര്‍ദ്രമായ മനുഷ്യകഥാനുഗായികകളും സംവിധാനം ചെയ്‌തു.

കോളെജ്‌ ഗേള്‍, അയലത്തെ സുന്ദരി, രാജഹംസം, ഭൂമി ദേവി പുഷ്‌പിണിയായി, സര്‍ഗ്ഗം തുടങ്ങിയവയാണ്‌ അദ്ദേഹത്തിന്റെ കരിയറിലെ മറ്റു പ്രധാന ചിത്രങ്ങള്‍. ഹിന്ദി, തമിഴ്‌ ചിത്രങ്ങളും സംവിധാനം ചെയ്‌തു.

കോഴിക്കോട്‌ പള്ളിപ്പുറം സ്വദേശി എന്‍ മാധവന്‍ നമ്പീശന്റെയും പാര്‍വ്വതി ബ്രാഹ്മണിയമ്മയുടെയും മകനായ ഹരിഹരന്‍ മാവേലിക്കര രവിവര്‍മ്മ പെയിന്‍റിംഗ്‌ സ്‌കൂള്‍, കോഴിക്കോട്‌ യൂണിവേഴ്‌സല്‍ ആര്‍ട്‌സ്‌ കോളെജ്‌ എന്നിവിടങ്ങളില്‍ നിന്ന്‌ ചിത്ര രചന പഠിച്ച ശേഷമായിരുന്നു സിനിമാപഠനത്തിനായി മദ്രാസിലേക്കു പോയത്‌.

ചെന്നൈ നുങ്കംപാക്കത്താണ്‌ താമസം. നിര്‍മാണക്കമ്പനിയായ ഗായത്രിയുടെ ഉടമസ്ഥ ഭവാനിയമ്മയാണു ഭാര്യ. ഡോ. പാര്‍വ്വതി, ഗായത്രി, ആനന്ദ്‌ കിഷോര്‍ എന്നിവര്‍ മക്കളാണ്‌.