Wed. Jan 22nd, 2025
cp rasheed criticize kerala government

വയനാട്:

വയനാട്ടില്‍ മാവോയിസ്റ്റ് തണ്ടര്‍ബോള്‍ട്ടിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് വൈത്തിരിയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി പി ജലീലിന്‍റെ സഹോദരന്‍ സിപി റഷീദ്.തന്‍റെ സഹോദരന്‍റെ കൊലപാതകത്തിന് സമാനമായ സംഭവം തന്നെയാണ് ഇന്ന് വയനാട്ടിൽ ഉണ്ടായിരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ സിപി റഷീദ് ആരോപിച്ചു.

രാഷ്ട്രീയമായ പ്രതിസന്ധിയുണ്ടാകുന്ന ഘട്ടത്തില്‍ മാവോവാദികളെ വളഞ്ഞിട്ട് ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന തന്ത്രമാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നതെന്ന് സി പി റഷീദ് പറഞ്ഞു. വാളയാര്‍ സംഭവം അതിരൂക്ഷമായി കത്തി നിന്നപ്പോഴാണ് മഞ്ചിക്കണ്ടിയില്‍ വെടിവെപ്പ് ഉണ്ടാകുന്നത്. ഇപ്പോള്‍ ശിവശങ്കറും കോടിയേരിയുടെ മകനും തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് നാണംകെട്ട് നില്‍ക്കുമ്പോള്‍ ഏറ്റുമുട്ടൽ ഉണ്ടാകുന്നത് ദുരൂഹതയാണ്. ജനാധിപത്യ സമൂഹത്തെ വെല്ലുവിളിക്കുകയാണ് സര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു.

വയനാട്ടിലെ സംഭവം വ്യാജഏറ്റുമുട്ടലാണെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചിരുന്നു. ലാത്തികൊണ്ടും തോക്കു കൊണ്ടുമല്ല മാവോയിസത്തെ നേരിടേണ്ടത്. യുവാക്കളെ വെടിവെച്ച് കൊല്ലുക അല്ല പരിഹാരം. പട്ടിണി മാറ്റുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam