Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ച് വിജയിച്ച ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിതാ എസ് നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വയനാട് സീറ്റില്‍ മത്സരിക്കാന്‍ താന്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തള്ളിയത് ചോദ്യം ചെയ്താണ് സരിതാ എസ് നായര്‍ ഹര്‍ജി സമര്‍പ്പിച്ചത്. വയനാട് മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ്‌ ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇതേ ആവശ്യമുന്നയിച്ചുള്ള സരിതയുടെ ഹർജി ഹൈക്കോടതി മുമ്പ് തള്ളിയിരുന്നു.

2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ സരിത നൽകിയ നാമനിർദ്ദേശ പത്രിക തള്ളിയിരുന്നു. സോളാർ കേസിൽ സരിതയെ കോടതി ശിക്ഷിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പത്രിക തള്ളിയത്. അതേസമയം രാഹുലിനെതിരെ മത്സരിക്കാൻ അമേഠി മണ്ഡലത്തി‌ൽ നൽകിയ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തു. വയനാട്ടിലെ പത്രിക തള്ളിയ നടപടിയിൽ വരണാധികാരിയുടെ ഭാഗത്ത് പിഴവുണ്ടായെന്നും അതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് സരിതയുടെ ആവശ്യം.

അന്ന് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി അമേഠിക്ക് പുറമെ വയനാട് മണ്ഡലത്തിലും മത്സരിക്കുകയായിരുന്നു. 431770 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട് മണ്ഡലത്തിൽ രാഹുൽ വിജയിച്ചത്. അമേഠിയില്‍ സ്മൃതി ഇറാനിയോട് രാഹുല്‍ പരാജയപ്പെട്ടിരുന്നു.

 

 

By Binsha Das

Digital Journalist at Woke Malayalam