Thu. Jan 23rd, 2025

കൊച്ചി:

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണം എന്നാവശ്യപ്പെട്ട്  ആക്രമിക്കപ്പെട്ട നടി നൽകിയ ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതി പക്ഷപാത പരമായി പെരുമാറുന്നുവെന്നാണാണ് പ്രധാന ആരോപണം. നടിയുടെ പരാതിയെ സർക്കാരും പിന്തുണച്ചിട്ടുണ്ട്. പ്രതിഭാഗത്തെ ഇരുപതോളം അഭിഭാഷകർ കോടതി മുറിയിലെത്തി തന്നെ മാനസികമായി തേജോവധം ചെയ്തെന്നും ഹ‍ർജിയിൽ നടി വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഇത് അറിയിച്ചിട്ടും വിചാരണക്കോടതി കണക്കിലെടുക്കുന്നില്ലെന്നും സർക്കാർ ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. പ്രതികൾക്ക് നൽകുന്ന പല രേഖകളുടെയും പകർപ്പുകൾ പ്രോസിക്യൂഷന് നൽകുന്നില്ല. കോടതിയിൽ സംഭവിച്ച കാര്യങ്ങൾ സീൽഡ് കവറിൽ നൽകാൻ തയ്യാറാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍, ഇക്കാര്യം എന്തുകൊണ്ട് അപ്പോൾ തന്നെ വിചാരണക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. അറിയിച്ചെങ്കിലും കോടതി ഇടപെട്ടില്ലെന്നായിരുന്നു സർക്കാരിന്‍റെ മറുപടി.

 

By Binsha Das

Digital Journalist at Woke Malayalam