Sun. Dec 22nd, 2024
കൊച്ചി:

സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ നടപടിക്ക്‌ വനിതാകമ്മിഷന്‍. പരാമര്‍ശത്തില്‍ നടപടിയെടുക്കുമെന്ന്‌ അധ്യക്ഷ എം സി ജോസഫൈന്‍ അറിയിച്ചു. ഒരു രാഷ്ട്രീയ നേതാവിന്റെ അന്തസ്സിന്‌ യോജിച്ച പരാമര്‍ശമല്ലിത്‌. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും ജോസഫൈന്‍ പറഞ്ഞു.

ബലാത്സംഗം എന്താണെന്ന്‌ മുല്ലപ്പള്ളി മനസിലാക്കണം. സ്‌ത്രീയുടെ ശരീരത്തിനു മേല്‍ പുരുഷന്‍ നടത്തുന്ന കൈയേറ്റമാണ്‌ ബലാത്സംഗം. അത്‌ അപലപനീയമാണ്‌. ഒരു സ്‌ത്രീക്കെതിരേ നടത്താവുന്ന ഏറ്റവും മോശപ്പെട്ട ആക്രമണമാണിത്‌. മുല്ലപ്പള്ളിയുടെ പ്രസ്‌താവനയെ നിഷ്‌കരണം തള്ളിക്കളയുന്നു.

സ്‌ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ആരു പറഞ്ഞാലും വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. ശക്തമായ പ്രതിഷേധമുണ്ടായിട്ടും ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ അഹംഭാവികളാണ്‌. സമൂഹത്തോട്‌ യാതൊരു നീതിബോധവും ഇല്ലാത്തവരാണ്‌ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ജോസഫൈന്‍ പറഞ്ഞു.

ഇത്തരം പ്രസ്‌താവനകള്‍ മേലില്‍ ആവര്‍ത്തിക്കരുതെന്ന്‌ രാഷ്ട്രീയനേതാക്കളോട്‌ അഭ്യര്‍ത്ഥിക്കുന്നു. വേശ്യയായ സ്‌ത്രീക്കു പോലും സ്വന്തം അന്തസ്സിനും അഭിമാനത്തിനും പ്രാധാന്യമുണ്ട്‌. ബലാത്സംഗിതരാകുന്ന സ്‌ത്രീകള്‍ ആത്മഹത്യ ചെയ്യണമെന്നു പറയാന്‍ മുല്ലപ്പള്ളി ആരാണെന്നും ജോസഫൈന്‍ ചോദിച്ചു.

ബലാത്സംഗത്തിനിരയായ സ്‌ത്രീകള്‍ ആത്മാഭിമാനമുണ്ടെങ്കില്‍ മരിക്കുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്‌താവന.