Wed. Jan 22nd, 2025
Shani against Mullappally
ആലപ്പുഴ:

സ്‌ത്രീവിരുദ്ധ പ്രസ്‌താവനയില്‍ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ കോണ്‍ഗ്രസില്‍ നിന്നടക്കം കൂടുതല്‍ പേര്‍ വിമര്‍ശനവുമായി രംഗത്ത്‌. മുല്ലപ്പള്ളിയുടെ വാക്കുകള്‍ വേട്ടക്കാരന്റേതാണെന്നും പീഡനക്കേസിലെ പ്രതികളെ രക്ഷിക്കുകയെന്നതാണ്‌ അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും വനിതാകമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. പരാമര്‍ശം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ ഷാനിമോള്‍ ഉസ്‌മാന്‍ എംഎല്‍എയും പറഞ്ഞു.

നേരത്തേ പ്രസ്‌താവനക്കെതിരേ മന്ത്രി കെ കെ ഷൈലജയും വനിതാക്കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈനും രംഗത്തെത്തിയിരുന്നു. മുല്ലപ്പള്ളിയുടെ പ്രസ്‌താവന കടുത്ത സ്‌ത്രീവിരുദ്ധതയാണെന്നും ഉത്തരവാദിത്തമുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ ആരും ഇത്തരം പ്രസ്‌താവനകള്‍ നടത്തരുതെന്നും ഇരുവരും ആവശ്യപ്പെട്ടു.

സോളാര്‍ കേസ്‌ പ്രതി അഭിസാരികയാണെന്നും ബലാത്സംഗത്തിന്‌ ഇരയായെന്ന്‌ വിളിച്ചു പറയുന്ന അവരെ സര്‍ക്കാര്‍ യുഡിഎഫിനെതിരേ ഉപയോഗിക്കുകയാണെന്നുമാണ്‌ മുല്ലപ്പള്ളി പ്രതികരിച്ചത്‌. ബലാത്സംഗത്തിനിരയാകുന്ന സ്‌ത്രീകള്‍ ആത്മാഭിമാനമുള്ളവരാണെങ്കില്‍ മരിക്കാനാണു തയാറാകുകയെന്നും അദ്ദേഹം സാമാന്യവത്‌കരിച്ചിരുന്നു.