Mon. Jan 6th, 2025
ഡല്‍ഹി:

വിവിധ സംസ്ഥാനങ്ങളില്‍ സഖ്യങ്ങള്‍ക്കും ധാരണയ്‌ക്കും സിപിഎം കേന്ദ്രക്കമ്മിറ്റിയില്‍ തീരുമാനമായി. പാര്‍ട്ടി ശക്തമല്ലാത്ത സംസ്ഥാനങ്ങളില്‍ നിയമസഭാ, ലോക്‌ സഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്‌ ഉള്‍പ്പെടുന്ന മതേതര ജനാധിപത്യ പാര്‍ട്ടികളുടെ മുന്നണിയില്‍ ചേരുകയോ സീറ്റ്‌ നീക്കു പോക്കുകളുണ്ടാക്കുകയോ ചെയ്യാന്‍ തീരുമാനിച്ചു. ഈ ധാരണയനുസരിച്ച്‌ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും.

പശ്ചിമബംഗാളിലും അസമിലും കോണ്‍ഗ്രസിനൊപ്പം സഹകരിക്കും. ഈ സംസ്ഥാനങ്ങളില്‍ നീക്കു പോക്കുകള്‍ക്കാണ്‌ തയാറാകുക. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്‌ ഉള്‍പ്പെടുന്ന ഡിഎംകെ മുന്നണിയില്‍ തുടരും. കോണ്‍ഗ്രസുമായി യാതൊരു രാഷ്ട്രീയസഖ്യവും പാടില്ലെന്ന്‌ അഭിപ്രായപ്പെട്ട എട്ട്‌ പേര്‍ വോട്ടെടുപ്പില്‍ നിന്ന്‌ വിട്ടു നിന്നതായി റിപ്പോര്‍ട്ടുണ്ട്‌.

കേരളം, ബംഗാള്‍, അസം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭാതെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിലാണ്‌ ധാരണ സംബന്ധിച്ച കേന്ദ്ര കമ്മിറ്റി ചര്‍ച്ച ശ്രദ്ധേയമാകുന്നത്‌. ബംഗാളില്‍ കോണ്‍ഗ്രസ്‌ സഖ്യം വേണ്ടെന്നു വാദിച്ച കേരള നേതാക്കളും രാഷ്ട്രീയസാഹചര്യം മാറിയെന്ന‌ വിലയിരുത്തലിലാണ്‌.

സിപിഎം കേരളഘടകവും കേന്ദ്ര കമ്മിറ്റിയിലെ ഒരു വിഭാഗവും കോണ്‍ഗ്രസുമായി കൂട്ടുകെട്ടുണ്ടാക്കുന്നതിനെ ശക്തമായി ചെറുത്തിരുന്നു. കോണ്‍ഗ്രസുമായി ചേരുന്നത്‌ പാര്‍ട്ടിയെ ദേശീയതലത്തിലും കേരളം പോലുള്ള സംസ്ഥാനങ്ങളിലും തളര്‍ത്തുമെന്നായിരുന്നു‌ അവരുടെ വാദം.

ഈ വിഷയത്തിലെ അഭിപ്രായഭിന്നത കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലും വലിയ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കു കാരണമായി. എന്നാല്‍, ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസുമായി ചേരാമെന്ന ബംഗാള്‍ ഘടകത്തിന്റെ നിലപാട്‌ പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി ശരി വെക്കുകയായിരുന്നു.

ബിജെപിയെ എതിര്‍ക്കാന്‍ സാധ്യമായ എല്ലാ ജനാധിപത്യ മതേതര കക്ഷികളെയും യോജിപ്പിക്കണമെന്ന്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌ അംഗീകരിച്ച്‌ നിലപാടാണ്‌. പശ്ചിമബംഗാളില്‍ കഴിഞ്ഞ തവണത്തേതു പോലെ സീറ്റുകള്‍ വീതം വെക്കാനും അസമില്‍ കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി സീറ്റ്‌ ധാരണയുണ്ടാക്കാനുമാണ്‌ തീരുമാനിച്ചിരിക്കുന്നത്‌.