Mon. Dec 23rd, 2024
Lack of Higher Secondary seats for Tribal students
കൽപ്പറ്റ:

ഹയർസെക്കണ്ടറി പഠനത്തിന് സീറ്റുകൾ ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണ് വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികൾ. സംവരണം ചെയ്ത സീറ്റുകളുടെ എണ്ണവും ജയിച്ച ആദിവാസി വിഭാഗത്തിൽപെടുന്ന കുട്ടികളുടെ എണ്ണവും തമ്മിലുള്ള അന്തരമാണ് ഈ കുട്ടികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇത്തവണ പത്താംക്ലാസ് ജയിച്ച 200ൽ അധികം വിദ്യാർത്ഥികൾക്കാണ് ഉപരിപഠനത്തിന് സൗകര്യമില്ലാതെ അനിശ്ചിതത്ത്വത്തിലായിരിക്കുന്നത്.

ബത്തേരി മൂലങ്കാവ് സ്വദേശികളായ അമ്മുവും പ്രിയയും കൊച്ചിയിലാണ് പ്ളസ് വണ്ണിന് പഠിക്കുന്നത്. രണ്ട് വർഷം മുൻപ് ഇവർ പത്താം ക്ലാസ് പാസായെങ്കിലും ഉപരിപഠനത്തിന് നാട്ടിൽ സൗകര്യമില്ലായിരുന്നു.

ജില്ലയിൽ എസ്ടി വിഭാഗത്തിന് സംവരണം ഉള്ളത് 529 സീറ്റുകൾ മാത്രമാണ്. എന്നാൽ, 2009 ആദിവാസി കുട്ടികൾ പത്താം ക്ലാസ് പാസായി. എസ്‌സി സീറ്റുകൾ കൂടെ കൂട്ടിയാലും എണ്ണം 829 മാത്രമാണ് ഉള്ളത്. അതേസമയം, സ്പോട്ട് അഡ്മിഷനും മറ്റുമായി കൂടുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയെന്നാണ് അധികൃതരുടെ വാദം. എന്നാൽ, സ്പോട്ട് അഡ്മിഷൻ നടക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളിൽ അഡ്മിഷൻ കിട്ടുന്നില്ല എന്ന വസ്തുതയുമുണ്ട്.

ചില സ്കൂളുകളിൽ ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണം 75വരെയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ ബാച്ചുകൾ അനുവദിക്കുക മാത്രമാണ് പരിഹാരം. പ്രതിസന്ധി ചൂണ്ടിക്കാട്ടി ആദിവാസി വിദ്യാർത്ഥി സംഘടനകൾ അടുത്ത ആഴ്ച മുതൽ സെക്രട്ടേറിയറ്റ് നടക്കൽ സമരം ആരംഭിക്കാനൊരുങ്ങുകയാണ്.

By Arya MR