Wed. Nov 6th, 2024
Actress abduction case at KERALA HIGHCOURT

 

കൊച്ചി:

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ സർക്കാരും രംഗത്തെത്തി. പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഇത് അറിയിച്ചിട്ടും വിചാരണക്കോടതി കണക്കിലെടുക്കുന്നില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രതികൾക്ക് നൽകുന്ന പല രേഖകളുടെയും പകർപ്പുകൾ പ്രോസിക്യൂഷന് നൽകുന്നില്ല. കോടതിയിൽ സംഭവിച്ച കാര്യങ്ങൾ സീൽഡ് കവറിൽ നൽകാൻ തയ്യാറാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം പ്രോസിക്യൂഷൻ തന്നെ നീതി കിട്ടില്ല എന്ന് പറയുമ്പോൾ തന്റെ അവസ്ഥ മനസ്സിലാക്കണമെന്ന് നടി കോടതിയിൽ പറഞ്ഞു. നിലവിൽ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിച്ചുവരികയാണ്. വിസ്താരത്തിന്റെ പേരിൽ കോടതി മുറിയിൽ മുഖ്യ പ്രതിയുടെ അഭിഭാഷകൻ തന്നോട് മോശമായി പെരുമാറിയപ്പോൾ കോടതി നിശബ്ദമായി നിന്നതായി ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ പല സുപ്രധാന മൊഴികളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആക്ഷേപവും ഹർജിയിലുണ്ട്. വിചാരണക്കോടതിയുടെ നടപടികൾ ശത്രുതാപരവും പക്ഷപാതപരവുമാണെന്നാണ് നടിയുടെ ആരോപണം.

എട്ടാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ കോടതി ഒരു തീരുമാനവും എടുത്തില്ല. പ്രോസിക്യൂഷൻ ആവർത്തിച്ച് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും നടി ആരോപിക്കുന്നു.

വിചാരണ നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും നേരത്തെ വിചാരണക്കോടതിയിൽ അപേക്ഷ നൽകിയെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ആക്രമിക്കപ്പെട്ട നടി ഹ‍ർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam