ഷോളയൂർ:
ജൈവകർഷകരെ പ്രോത്സാഹിപ്പിക്കാനായുള്ള അന്താരാഷ്ട്ര സംഘടനയായ പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ് വർക്ക് (പാൻ) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വെബിനാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ചത് അട്ടപ്പാടി സമ്പാർക്കോട്ടിലെ ആദിവാസിമൂപ്പത്തി കാളി മരുതനാണ്. ബുധനാഴ്ച വൈകുന്നേരം ഏഴുമണിക്കായിരുന്നു വെബ്ബിനാർ നടന്നത്.
ഇരുളഭാഷയിൽ പരമ്പരാഗതമായ പഞ്ചകൃഷിയെക്കുറിച്ച് കാളിമൂപ്പത്തി സംസാരിച്ചത് ഇംഗ്ലീഷ്, സ്പാനിഷ്,ഫ്രഞ്ച് തുടങ്ങിയ ഭാഷകളിൽ ഐടിഡിപിയിലെ കാർഷികപദ്ധതിയിലെ പ്രോജക്ട് ഇംപ്ലിമെന്റ് കോ-ഓർഡിനേറ്റർ ഭരതൻ പി. അശോക് പരിഭാഷ ചെയ്തു. പാരമ്പര്യ കൃഷി തിരിച്ചുകൊണ്ടുവരുന്നതിനായി ‘ത ണൽ’ എന്ന സന്നദ്ധ സംഘടനയുടെ സാങ്കേതികസഹായത്തോടെ തുടങ്ങിയ പദ്ധതിയിലെ അംഗമാണ് കാളിമൂപ്പത്തി. പാരമ്പര്യ കൃഷികൾ അവസാനിച്ചതോടെ കൃഷി മേഖലയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു കാളിമൂപ്പത്തി. എന്നാൽ, പട്ടികവർഗവികസന വകുപ്പിന്റെ കാർഷികപദ്ധതിയിലൂടെ മൂപ്പത്തിയെ ജൈവ കൃഷിയിലേക്ക് തിരിച്ചുകൊണ്ടുവന്നു.
റാഗി, തിന, ചോളം, ചീര, കരനെല്ല് തുടങ്ങിയ വിളകളെല്ലാം പരീക്ഷിച്ച് കഴിഞ്ഞവർഷം വിളവെടുത്തിരുന്നു. ഇത് ഊരിലെ പോഷകാഹാര പ്രശ്നപരിഹാരത്തിനായി ധാന്യങ്ങളെല്ലാം വിനിയോഗിക്കയും ചെയ്തു.