കോട്ടയം:
സാമ്പത്തിക സംവരണ വിഷയത്തില്‍ കോണ്‍ഗ്രസിനെയും മുസ്‌ലിം ലീഗിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സീറോ മലബാര്‍ സഭ. മുസ്ലീം ലീഗ് സംവരണത്തെ എതിർക്കുന്നത് ആദർശത്തിന്റെ പേരിലല്ലെന്നും ലീഗിന്‍റെ നിലപാടിൽ വർഗീയത മുഖംമൂടി മാറ്റി പുറത്തേക്ക് വരുകയാണെന്നും ദീപികയിലെ എഡിറ്റോറിയല്‍ പേജ് ലേഖനത്തിലാണ് വിമര്‍ശനം. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം എഴുതിയ ‘സാമ്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത’ എന്ന ലേഖനത്തിലാണ് ലീഗിനെതിരെ വിമര്‍ശനമുള്ളത്.
അഭിപ്രായം പറയാനാവാത്ത വിധം യുഡിഎഫ് ദുർബലമായോ എന്നും അദ്ദേഹം ലേഖനത്തിലൂടെ ചോദിക്കുന്നു. ഇതുവരെ യാതൊരു വിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27%ല്‍ അധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്(ഇ.ഡബ്ല്യൂ.എസ്.) വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികള്‍ അകാരണമായി എതിര്‍ക്കുന്നത് തികച്ചും ഖേദകരമാണെന്നും ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം പറയുന്നു.
സ്വന്തം പാത്രത്തില്‍ ഒരു കുറവും ഉണ്ടാകുന്നില്ലെങ്കിലും അടുത്തിരിക്കുന്നവന്റെ പാത്രത്തില്‍ ഒന്നും വിളമ്പരുതെന്ന് ശഠിക്കുന്നത് എന്ത് വികാരമാണെന്നും ലേഖനത്തിലൂടെ ചോദിക്കുന്നു.
അതേസമയം, എംഎൽഎമാരുടെ മേൽ യുഡിഎഫിന് നിയന്ത്രണം നഷ്ടമായെന്നും ജോസഫ് പെരുന്തോട്ടം വിമര്‍ശിക്കുന്നു. യുഡിഎഫിന്‍റെ വെൽഫെയർ പാർട്ടി സഖ്യത്തിനും രൂക്ഷ വിമർശനമാണ് ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ഉയര്‍ത്തുന്നത്.