Mon. Dec 23rd, 2024

തിരുവനന്തപുരം:

നിയമസഭ കയ്യാങ്കളിക്കേസിൽ മന്ത്രിമാരായ ഇ.പി. ജയരാജനും കെ.ടി. ജലീലും ഇന്ന് തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരാകും. കേസ് സ്‌റ്റേ ചെയ്യണമെന്ന സർക്കാരിന്‍റെ ആവശ്യം കോടതി തള്ളിയ സാഹചര്യത്തിലാണ് ഇരുവരോടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. അന്നത്തെ എംഎല്‍എമാരായിരുന്ന ഇ.പി ജയരാജന്‍ കെ.ടി ജലീല്‍ എന്നിവര്‍ക്കെതിരേ പൊതു മുതല്‍ നശിപ്പിച്ചതിനായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.

2015 ൽ അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടയാൻ സ്പീക്കറുടെ വേദി ഉൾപ്പെടെ തകർത്തതിന്റെ പേരിലുള്ള കേസ് പിൻവലിക്കാനാവില്ലെന്നു തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി കഴിഞ്ഞമാസം 22നു വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്. എന്നാല്‍, സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അത് തടയാന്‍ കോടതിക്ക് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

രണ്ട് മന്ത്രിമാർ ഉൾപ്പെടെ ആറുഇടതുനേതാക്കളാണ് കേസിലെ പ്രതികള്‍. കേസ് പിൻവലിക്കാനുള്ള സർക്കാരിന്‍റെ ഹർജി തള്ളിയതിനെ തുടർന്ന് നാല് ഇടതുനേതാക്കള്‍ കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. അന്ന് എംഎൽഎമാരായിരുന്ന വി. ശിവൻകുട്ടി, കെ. അജിത്, സി. കെ. സദാശിവൻ, കെ. കുഞ്ഞമ്മദ് എന്നിവരായിരുന്നു ജാമ്യമെടുത്തത്. അതേ സമയം സർക്കാർ നല്‍കിയ അപ്പീല്‍ ഹര്‍ജിയിൽ അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.

 

By Binsha Das

Digital Journalist at Woke Malayalam