Wed. Jan 22nd, 2025
തിരുവനന്തപുരം:

മുന്നോക്ക സംവരണവിഷയത്തില്‍ മുസ്‌ലിം ലീഗിന്‌ കെപിസിസി രാഷ്ട്രീയകാര്യസമിതിയോഗത്തില്‍ വിമര്‍ശനം. മുന്നോക്കസംവരണത്തെ യോഗം സ്വാഗതം ചെയ്‌തു. വിഷയത്തില്‍ കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പമെന്നു പ്രഖ്യാപിച്ച യോഗം, മുസ്‌ലിം ലീഗിന്റെ സമരനീക്കം ഉചിതമായില്ലെന്നു വിമര്‍ശിച്ചു. ലീഗിനെ കോണ്‍ഗ്രസ്‌ നിലപാട്‌ ബോധ്യപ്പെടുത്താന്‍ യോഗം തീരുമാനിച്ചു

മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ 10 ശതമാനം സംവരണം എന്നത്‌ കോണ്‍ഗ്രസിന്റെ ദേശീയതലത്തിലുള്ള നയമാണ്‌. ഇക്കാര്യത്തില്‍ പിന്നോക്കവിഭാഗത്തിന്റെ ആശങ്കകള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നു സമിതി ആവശ്യപ്പെട്ടു. അവരുടെ നിലവിലെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടരുതെന്ന്‌ സമിതി അഭിപ്രായപ്പെട്ടു.

മുന്നോക്കസംവരണ വിഷയം യുഡിഎഫില്‍ ചര്‍ച്ച ചെയ്യും മുമ്പ്‌ ലീഗ്‌ പരസ്യനിലപാട്‌ സ്വീകരിച്ചതിനെതിരേ വി ഡി സതീശനും പി ജെ കുര്യനും രംഗത്തു വന്നു. ലീഗിന്റെ പരസ്യനിലപാട്‌ അനുചിതമെന്ന്‌ ഇരുവരും അഭിപ്രായപ്പെട്ടു. എന്നാല്‍ ലീഗിന്റേത്‌ പ്രഖ്യാപിതനിലപാടാണെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ന്യായീകരിച്ചു.

അതേസമയം സംവരണ വിഷയത്തില്‍ കോണ്‍ഗ്രസും പ്രഖ്യാപിത നിലപാടിനൊപ്പമാണെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. സംവരണകാര്യത്തില്‍ സാമുദായിക ധ്രുവീകരണത്തിനാണ്‌ സിപിഎമ്മിന്റെ ശ്രമം. ഇക്കാര്യത്തില്‍ ധൃതികാണിക്കുന്നത്‌ വോട്ട്‌ ബാങ്കി ലക്ഷ്യമിട്ടാണ്‌. എന്നാല്‍ ശബരിമലവിഷയത്തില്‍ കിട്ടിയ തിരിച്ചടി അവര്‍ക്ക്‌ ഈ പ്രശ്‌നത്തിലും കിട്ടുമെന്ന്‌ അദ്ദേഹം പറഞ്ഞു.