Wed. Nov 6th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് പച്ചക്കറികൾക്ക് തറവില ഇന്ന് പ്രഖ്യാപിക്കും. 16 ഇനം പച്ചക്കറികൾക്കാണ് തറവില പ്രഖ്യാപിക്കുന്നത്. രാജ്യത്ത് ഇതാദ്യമായാണ് ഇത്തരം ഒരു നടപടി. പ്രതിസന്ധിയിലായ കാർഷിക മേഖലയെ സംരക്ഷിക്കുന്നതിനും കർഷകർക്ക് കൃത്യമായ വില കിട്ടുന്നതിനുമാണ് നടപടിയെന്ന് കൃഷി മന്ത്രി വിഎസ് സുനിൽകുമാർ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തുന്നത്.

താങ്ങ് വില നിശ്ചയിക്കാൻ കേന്ദ്രത്തിന് മാത്രമേ അധികാരമുള്ളൂ. അതിനാലാണ്, തറവില പ്രഖ്യാപിക്കുന്നത്. ഉത്പാദനവിലയേക്കാൾ ഇരുപത് ശതമാനം അധികമായിരിക്കും തറവിലയെന്നും മന്ത്രി വിശദീകരിച്ചു.

കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമം കർഷകർക്ക് താങ്ങുവില ലഭ്യമാക്കുന്നതിനെ പോലും തടയിടുന്നതായിരുന്നു. ഈ നിയമത്തെ മറികടക്കാൻ പഞ്ചാബ് പുതിയ കാർഷിക നിയമങ്ങൾ പാസാക്കിയിരുന്നു. പിന്നാലെ, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും ഇതേ നീക്കങ്ങൾ പിന്തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേരള സർക്കാരിന്റെ പുതിയ പ്രഖ്യാപനം വരുന്നത്.

അതേസമയം, സംസ്ഥാനത്ത് ഉള്ളി വില കുതിച്ചുയരുന്നത് തടയാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സവാള വില നിയന്ത്രിക്കാൻ ധനകാര്യ വകുപ്പ്, ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, സഹകരണ വകുപ്പ്, കൃഷി വകുപ്പ് മന്ത്രിമാർ യോഗം ചേർന്നു. പ്രധാനപ്പെട്ട ഏജൻസികളായ സപ്ലൈകോ, ഹോർട്ടികോർപ്പ്, കൺസ്യൂമർഫെഡ് മുഖേന നാഫെഡിൽ നിന്നും 1800 ടൺ സവാള വാങ്ങാൻ തീരുമാനിച്ചു.

By Arya MR