Fri. Nov 22nd, 2024

ലക്നൗ:

ഉത്തര്‍പ്രദേശില്‍ ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതായി അലഹബാദ് ഹൈക്കോടതി. ബീഫ് കെെവശം വച്ചെന്ന പേരില്‍ നിരപരാധികളെ അറസ്റ്റ് ചെയ്യുന്നതായി കോടതി നിരീക്ഷിച്ചു. ഏതു മാംസം പിടികൂടിയാലും അത് ഗോമാംസമായി ചിത്രീകരിക്കപ്പെടുകയാണെന്നും ഇത് തെളിയിക്കാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് പോലും അയക്കുന്നില്ലെന്നും കോടതി വിലയിരുത്തി.

കശാപ്പിനായി കൊണ്ടുപോകുന്ന വഴി പിടിച്ചെടുക്കുന്ന  പശുക്കളുടെ വിവരങ്ങള്‍ സംബന്ധിച്ച് രേഖകള്‍ സൂക്ഷിക്കുന്നില്ല. പിടിച്ചെടുത്ത പശുക്കള്‍ പിന്നീട് എങ്ങോട്ടു പോകുന്നു എന്ന് വ്യക്തമല്ലെന്നും കോടതി കണ്ടെത്തി. കറവവറ്റിയ പശുക്കളെ ഗോശാലകള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ലയെന്നത് വാസ്തവമാണെന്നും കോടതി നിരീക്ഷിച്ചു. ഗോവധത്തിന്റെയും മാംസ വ്യാപാരത്തിന്റെയും പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട റഹ്മുദ്ദീന്‍ എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് സിദ്ധാര്‍ഥ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഉപേക്ഷിക്കപ്പെടുന്ന പശുക്കള്‍ തെരുവില്‍ അലഞ്ഞുതിരിയുകയും കൃഷിനശിപ്പിക്കുകയും ചെയ്യുന്നു. ജനങ്ങളെയും പോലീസിനെയും ഭയന്ന് ഇത്തരം പശുക്കളെ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റിയയ്ക്കാനും ഉടമസ്ഥര്‍ ഭയപ്പെടുന്നതായും കോടതി ചൂണ്ടിക്കാട്ടി. ഈ പ്രശ്നങ്ങള്‍ക്കൊക്കെ പരിഹാരം കാണാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു. 1955ലാണ്  യുപിയില്‍ ഗോവധ നിരോധന നിയമം നടപ്പിലാക്കിയത്.

By Binsha Das

Digital Journalist at Woke Malayalam