മലപ്പുറം:
മുന്നാക്ക സംവരണം നടപ്പാക്കിയതിന്റെ പേരില്‍ സംസ്‌ഥാന സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ വര്‍ഗീയവാദികളാണെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍. മുസ്ലിം ലീഗാണ്‌ അതിന്‌ മുന്‍കൈ എടുക്കുന്നത്‌. തീവ്ര വര്‍ഗീയവല്‍ക്കരണം നടത്തുകയാണ്‌ മുസ്ലിം ലീഗ്‌. തെറ്റായ പ്രചാരണം നടത്തി തീവ്ര വര്‍ഗീയ മുദ്രാവാക്യങ്ങളുമായി മുന്നോട്ടുപോകാനാണ്‌ ലീഗ്‌ ശ്രമിക്കുന്നത്‌.

സംവരണത്തിന്റെ പേരില്‍ മത ഏകീകരണമുണ്ടാക്കാനാണ്‌ ലീഗ്‌ ശ്രമിക്കുന്നതെന്നും വിജയരാഘവന്‍ ആരോപിച്ചു. മനുഷ്യാവകാശത്തിന്റെ മറവില്‍ തീവ്ര വര്‍ഗീയത പ്രചരിപ്പിക്കുന്ന ജമാ അത്തെ ഇസ്ലാമിയെ യുഡിഎഫിന്റെ ഭാഗമാക്കാനാണ്‌ ലീഗിന്റെ ശ്രമം. തീവ്ര വര്‍ഗീയതയുടെ മുദ്രാവാക്യങ്ങളെ അംഗീകരിച്ചാണ്‌ അവര്‍ മുന്നോട്ടുപോകുന്നത്‌.

കേന്ദ്ര നിയമമായ മുന്നാക്ക സംവരണത്തിനെതിരെ സുപ്രീം കോടതിയെയാണ്‌ സമീപിക്കേണ്ടത്‌. അതിന്‌ പകരം കേരള സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ്‌ ലീഗ്‌ എന്നും വിജയരാഘവന്‍ മലപ്പുറത്ത്‌ പറഞ്ഞു.

Advertisement