ദുർഗ്ഗാഷ്ടമി ദിവസം വടിവാളും, കത്തികളും, തോക്കുകളും, വെടിയുണ്ടകളും അടക്കമുള്ള മാരകായുധങ്ങൾ പൂജവെയ്ക്കുന്ന ചിത്രങ്ങൾ ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇത്രത്തോളം മാരകായുധങ്ങൾ കൈവശം വെയ്ക്കുകയും അത് പരസ്യമായി പ്രദർശിപ്പിക്കുകയും ചെയ്ത പ്രതീഷ് വിശ്വനാഥിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു.
എന്നാൽ, പ്രതീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ടാഗ് ചെയ്ത ചിലർക്ക് കേരള പോലീസ് നൽകിയ മറുപടി ‘നോട്ട് ഇൻ കേരള ‘ എന്നാണ്. അതായത് പ്രതീഷ് വിശ്വനാഥ് കേരളത്തിൽ നിന്നല്ല പോസ്റ്റ് ചെയ്തത് ആയതിനാൽ കേസെടുക്കാൻ സാധിക്കില്ലെന്നുള്ളതാണ് പോലീസിന്റെ വാദം. എന്നാൽ, പോലീസിന്റെ വാദത്തിനെതിരെയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുന്നുണ്ട്.
അയോധ്യ വിധിയ്‌ക്കെതിരെയുള്ള ഒരു വിമര്‍ശനം ഗള്‍ഫില്‍ വെച്ച് പോസ്റ്റ് ചെയ്ത പ്രവാസിയ്‌ക്കെതിരെ കേരളത്തില്‍ കേസെടുക്കുകയും അദ്ദേഹം നാട്ടിലെത്തിയപ്പോള്‍ നിയമ നടപടികള്‍ സ്വീകരിക്കുകയും കേരള പോലീസ് ചെയ്തിട്ടുണ്ട് എന്നത് അടക്കമുള്ള ഉദാഹരണങ്ങൾ നിരത്തിയാണ് പോലീസ് വാദത്തെ പ്രതിരോധിക്കുന്നത് .
ഈ സംഭവത്തെ ആക്ഷേപഹാസ്യ രൂപേണ അവതരിപ്പിച്ചിരിക്കുന്ന പെൻസിലാശാൻ എന്ന സോഷ്യൽ മീഡിയ നാമധേയമുള്ള ഗ്രാഫിക്ക് ആർട്ടിസ്റ്റിന്റെ കാർട്ടൂണാണ് ഇപ്പോൾ തരംഗമാകുന്നത്. ലഘുലേഖകളും പുസ്തകങ്ങളും കൈവശം വെച്ചതിന് അലനെയും താഹയെയും മാസങ്ങളോളം തടവിലിട്ട കേരളത്തിലാണ് ആയുധ ശേഖരം കയ്യിലുണ്ടെന്ന് കാട്ടിയ ഹിന്ദുത്വ നേതാവിനെതിരെ കേസെടുക്കാൻ പോലീസ് മടിക്കുന്നതെന്ന് ഈ കാർട്ടൂൺ വ്യക്തമാക്കുന്നു.
“നിരന്തര കലാപാഹ്വാനം, ആയുധ പ്രദര്ശനം, പരാതികൾ ഒത്തിരികിട്ടിയിട്ടും ഒരു തീവ്രവാദിക്കെതിരെ നടപടികൾ എടുക്കാത്തത് ‘’Not in Kerala’’ആയോണ്ടാ, അല്ലാതെ ഷേയ്!,” എന്ന തലക്കെട്ടോടെയാണ് പെൻസിലാശാൻ കാർട്ടൂൺ പങ്കുവെച്ചത്.
നിരന്തരം കലാപ ആഹ്വാനം അടക്കം നടത്തുന്ന പ്രതീഷ് വിശ്വനാഥിനെതിരെ നടപടിയെടുക്കാൻ കേരള പോലീസ് മടിക്കുന്നത് ഭയം കൊണ്ടാണോ എന്ന് പോലും പലരും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റിനെ വിമര്ശിച്ചുകൊണ്ടുള്ള എസ്എ അജിംസ്ന്റെ പോസ്റ്റ്
വിവാദങ്ങൾക്ക് ആധാരമായ പ്രതീഷ് വിശ്വനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ്.