വണ്ണപ്പുറം:
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈൽ നെറ്റ്‌വർക്കിന് റേഞ്ചില്ലെങ്കിൽ പിന്നെ എന്തുചെയ്യും. റേഞ്ചുള്ളയിടത്ത് പോയിരുന്നു പഠിക്കണം. പാറപ്പുറം പോലെ ഉയർന്ന പ്രദേശത്ത് കയറിയാൽ മാത്രമേ റേഞ്ച് കിട്ടൂ എന്നാണ് വണ്ണപ്പുറം പഞ്ചായത്തിലെ മുണ്ടൻമുടി, കമ്പകക്കാനം, നാരങ്ങാനം, വട്ടത്തൊട്ടി പ്രദേശങ്ങളിലെ സ്ഥിതി. അതുകൊണ്ടു തന്നെ ഈ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് പഠിക്കണമെങ്കില്‍ പാറപ്പുറത്തു കയറണം. ഓൺലൈൻ ക്ലാസ് സമയത്ത് വിദ്യാർഥികൾ കൂട്ടമായി പാറപുറങ്ങളിൽ എത്തിയാണ് ക്ലാസ്സുകളിൽ പങ്കെടുക്കുന്നത്.
വെയിലാണെങ്കിലും, മഴയാണെങ്കിലും ഇവർക്ക് റേഞ്ച് കിട്ടണമെങ്കിൽ ഈ പാറപ്പുറത്ത് കയറിയേ മതിയാകൂ. കാരണം, വണ്ണപ്പുറത്തും, മുണ്ടൻമുടിയിലും തൊമ്മൻകുത്തിലും ബിഎസ്എൻഎല്ലിന് ടവർ ഉണ്ടെങ്കിലും റേഞ്ച് ഇല്ല എന്നത് തന്നെ കാരണം. മുമ്പ് സ്വകാര്യ കമ്പനികൾക്ക് ഇവിടെ റേഞ്ച് കിട്ടിയിരുന്നു. എന്നാൽ, ഇപ്പോൾ അതുമില്ലാത്ത അവസ്ഥയാണ്. കോവിഡ് ഭീതി ഒഴിയാതെ നിൽക്കുന്നതിനാൽ എന്നുവരെ ഈ പാറപ്പുറത്തെ പഠനം തുടരേണ്ടിവരുമെന്ന ആശങ്കയാണ് വിദ്യാർഥികൾ ഇപ്പോൾ. ഈ വാർത്ത പുറംലോകം അറിഞ്ഞാൽ ഉടൻ അവരുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് ആ കുരുന്നുകൾ പ്രതീഷിക്കുന്നത്.