കാസർഗോഡ്:
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ എം സി കമറുദ്ദീൻ എംഎൽഎയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എംഎൽഎയുടെ വീട്ടിലേക്ക് നിക്ഷേപകർ പ്രതിഷേധ മാർച്ച് നടത്തി. 87 വഞ്ചന കേസുകളിൽ പ്രതിയായ കമറുദ്ദീനെതിരായ അന്വേഷണ സംഘത്തിന്‍റെ മെല്ലെപ്പോക്കിൽ വലിയ അതൃപ്തിയുണ്ടെന്നും മുഖ്യമന്ത്രി ഇടപണമെന്നും നിക്ഷേപകർ പറയുന്നു. എംഎൽഎയുടെ ഉപ്പളയിലെ വീട്ടിലേക്കാണ് നിക്ഷേപകർ മാർച്ച് നടത്തിയത്.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നിശ്ചിത എണ്ണം ആളുകൾ മാത്രമാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. അതേസമയം വഞ്ചന കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംസി കമറുദ്ദീൻ എംഎൽഎ ഹൈക്കോടതിയിൽ നൽകിയ ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് നിക്ഷേപകരുടെ സമരം.
ആഗസ്റ്റ് 27 നാണ് 3 നിക്ഷേപകരുടെ പരാതിയിൽ എംസി കമറുദ്ദീനെതിരെ ആദ്യ 3 വഞ്ചനാ കേസുകൾ രജിസ്റ്റർ ചെയ്തത്. നിലവിലുള്ള 87 വഞ്ചന കേസുകൾ എഎസ്പി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ 30 അംഗ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്.