Mon. Dec 23rd, 2024

തിരുവനന്തപുരം:

ലോക്ക്‌ഡൗണ്‍ കാലത്ത് കുട്ടികളിലെ ആത്മഹത്യാനിരക്ക്‌ വര്‍ധിച്ചതായി റിപ്പോര്‍ട്ട്‌. 15- 18 വയസ്‌ പ്രായപരിധിയില്‍പ്പെട്ട 158 കുട്ടികളാണ്‌ ഇക്കാലളവില്‍ ജീവനൊടുക്കിയത്‌. ഇതില്‍  പകുതിയിലധികവും പെണ്‍കുട്ടികളാണ്‌. ഡിജിപി ആര്‍ ശ്രീലേഖ അധ്യക്ഷയായ അഞ്ചംഗസമിതിയുടേതാണ്‌ റിപ്പോര്‍ട്ട്‌.

ഏറ്റവും കൂടുതല്‍ ആത്മഹത്യ നടന്നത്‌ മലപ്പുറത്താണ്‌. തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട്‌ ജില്ലകളിലും കുട്ടികളുടെ ആത്മഹത്യകള്‍ കൂടുതലായി നടക്കുന്നു.
ലോക്ക്‌ ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച്‌ 25 മുതല്‍ അണ്‍ ലോക്ക്‌ ഡൗണ്‍ തുടങ്ങി ജീവിതം സാധാരണനിലയിലേക്ക്‌ എത്തിത്തുടങ്ങിയ ജൂലൈ എട്ടു വരെ 66 കുട്ടികള്‍ ആത്മഹത്യ ചെയ്‌തു.

12- 18 പ്രായപരിധിയിലുള്ളവര്‍ വളരെ പെട്ടെന്ന്‌ ആത്മഹത്യയിലേക്ക്‌ നീങ്ങുന്നു.
അണുകുടുംബങ്ങളില്‍പ്പെട്ട കുട്ടികളാണ്‌ ഇതില്‍ ഭൂരിപക്ഷം.  90 പെണ്‍കുട്ടികളാണ്‌ ആത്മഹത്യ ചെയ്‌തത്‌. ഇത് 57 ശതമാനം വരും. പെണ്‍കുട്ടികളുടെ ആത്മഹത്യകള്‍ക്കു പിന്നില്‍ ലൈംഗികപീഡനങ്ങളാണ് പ്രധാന കാരണം. പരീക്ഷയില്‍ പരാജയപ്പെടുമോയെന്ന ഭീതിയും മാനസികപ്രശ്‌നങ്ങളും പെണ്‍കുട്ടികളെ ആത്മഹത്യക്കു പ്രേരിപ്പിക്കുന്നു.

നിരാശ, ഒറ്റപ്പെടല്‍, കുടുംബവഴക്കുകള്‍, മാനസികപ്രശ്‌നങ്ങള്‍, രക്ഷിതാക്കളുടെ അമിത മദ്യപാനം, രക്ഷിതാക്കളുടെ അവഗണന, ആര്‍ക്കും വേണ്ടാത്തവരെന്നും മറ്റുള്ളവരേക്കാള്‍ താഴ്‌ന്നവരെന്നുമുള്ള അപകര്‍ഷത, സഹോദരങ്ങളുമായുള്ള കലഹം, ശാരീരികവൈകല്യങ്ങള്‍, പ്രണയനൈരാശ്യം, കൂട്ടുകെട്ടുകള്‍, കുടുംബത്തകര്‍ച്ച, രണ്ടാനമ്മ/അച്ഛന്‍ പോര്‌, രക്ഷിതാക്കളുടെ അമിതശ്രദ്ധ മൂലമുള്ള സംഘര്‍ഷം, മോശം സാമൂഹ്യസാഹചര്യം, പീഡനം എന്നിവയാണ്‌ മറ്റു കാരണങ്ങള്‍.

രക്ഷിതാക്കളുടെ ശകാരം, സൈക്കിള്‍, മൊബൈല്‍ഫോണ്‍, ടിവി റിമോട്ട് എന്നിവ നല്‍കാതിരിക്കുന്നത് എന്നിവയാണ് ആണ്‍കുട്ടികളിലെ പ്രധാന  ആത്മഹത്യാകാരണങ്ങള്‍.  പഠനസമ്മര്‍ദ്ദമാണ് ഏറ്റവും കൂടുതല്‍ കേസുകളില്‍ വില്ലനായത്. പത്താംക്ലാസ് വിദ്യാര്‍ത്ഥികളില്‍ 27 ശതമാനവും പ്ലസ് വണ്ണില്‍ 23 ശതമാനവും പ്ലസ് ടുവില്‍ 18 ശതമാനം പേരും ആത്മഹത്യ ചെയ്തു.

ലോക്ക്‌ഡൗണ്‍ മൂലം കുട്ടികളുടെ സമഗ്രവളര്‍ച്ചയ്‌ക്ക്‌ അവസരം നഷ്ടപ്പെട്ടതും സമപ്രായക്കാരുമായുള്ള ഇടപഴകല്‍ ഇല്ലാതായതും കലാകായികമേഖലകളില്‍ സജീവമാകാന്‍ കഴിയാതിരുന്നതുമാകാം പെട്ടെന്നുള്ള ഈ അസാധാരണ പ്രവണതയ്‌ക്കു കാരണമെന്ന് പല വിദഗ്ധരും പറഞ്ഞിരുന്നു. എന്നാലിത്‌ റിപ്പോര്‍ട്ട് അംഗീകരിക്കുന്നില്ല.

പരീക്ഷക്കാലമാകുമ്പോള്‍ ഉത്‌ക്കണ്‌ഠയനുഭവിക്കുന്ന കുട്ടികളില്‍ മാനസികപിരിമുറുക്കത്തിന്റെ ഭാഗമായി ആത്മഹത്യാപ്രവണത കണ്ടുവരാറുണ്ട്‌. എന്നാല്‍ ഇത്തവണ അത്തരം പ്രശ്‌നങ്ങളുള്ളവര്‍ മാത്രമല്ല ആത്മഹത്യ ചെയ്‌തിരിക്കുന്നതെന്നത്‌ കൂടുതല്‍ ആശങ്കപ്പെടുത്തുന്നു.

മരണം വരിച്ചവരില്‍ 93 ശതമാനം പേരും മുമ്പ്‌ ആത്മഹത്യാപ്രവണത കാണിച്ചിരുന്നില്ലെന്നതാണ്‌ വസ്‌തുത. ആത്മഹത്യ ചെയ്‌തവരില്‍ 141 പേര്‍ക്കും കാര്യമായ മാനസികപ്രശ്‌നങ്ങളുണ്ടായിരുന്നില്ല.

പഠനത്തില്‍ ഒന്നാംസ്ഥാനത്തുള്ളവര്‍, സ്റ്റുഡന്റ്‌സ് പോലിസ്‌ കേഡറ്റുകള്‍, രാഷ്ട്രപതിയുടെ മെഡല്‍ ജേതാക്കള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ പ്രശ്‌നങ്ങളെ വേണ്ടരീതിയില്‍ പരിഗണിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീടുകളാണ്‌ കുട്ടികള്‍ ആത്മഹത്യക്കായി കൂടുതലും തെരഞ്ഞെടുക്കുന്നത്‌. മിക്കവാറും പേര്‍ പകല്‍ സമയമാണ്‌ ആത്മഹത്യ ചെയ്‌തിരിക്കുന്നതെന്ന്‌ പഠനം പറയുന്നു. 77 കുട്ടികള്‍ പകല്‍ ആത്മഹത്യ ചെയ്‌തു.