Wed. Jan 22nd, 2025
മലപ്പുറം:

സ്വർണ്ണാഭരണങ്ങളില്ലാതെ ഒരു വിവാഹത്തെ പറ്റി സങ്കൽപ്പിക്കാൻ എത്ര പേർക്ക് സാധിക്കും? അധികമാർക്കും സാധിക്കില്ല എന്ന് തന്നെയാണ് ഉത്തരം. ഭൂരിഭാഗം മാതാപിതാക്കളും അവരുടെ ഒരു ആയുഷ്ക്കാലം മുഴുവനുള്ള സമ്പാദ്യം നീക്കിവെയ്ക്കുന്നത് പെണ്മക്കളുടെ വിവാഹത്തിന് വേണ്ടിയാണ്. സ്ത്രീധന നിരോധനം നിയമപരമായി നടപ്പാക്കിയിട്ടുണ്ടെകിലും പലരും പണം സ്വർണ്ണാഭരണങ്ങളായി മാറ്റിയാകും കൈമാറുക. അതിലുപരി പലർക്കും സ്വർണ്ണാഭരണങ്ങൾ ആഡംബര സൂചികയുമാണ്.

എന്നാൽ, സ്വന്തം മക്കൾക്ക് വിവാഹത്തിന് ഒരുതരി പൊന്ന് നൽകില്ലെന്ന് പ്രഖ്യാപിച്ച് മാതൃകയാവുകയാണ് മലപ്പുറം എടക്കര സ്വദേശി ഷാഫി ആലുങ്കൽ പാലമേട്. വിവാഹത്തിനെന്ന് മാത്രമല്ല തന്റെ മൂന്ന് പെൺമക്കളെയും ഇതുവരെയും ഒരു സ്വർണ്ണാഭരണം പോലും അണിയിച്ചിട്ടില്ലെന്ന് അഭിമാനത്തോടെ പറയുകയാണ് ഷാഫി.

ഇതുവരെയും അവരുടെ കാത് പോലും കുത്തിച്ചിട്ടില്ലെന്നും ഷാഫി പറയുന്നു. ‘കാതുകുത്താത്ത കല്യാണത്തിന് വെറും മൂവായിരം രൂപ ചിലവ്’ എന്ന തലക്കെട്ടിൽ ഷാഫി തന്നെയാണ് തന്റെ നിലപാട് ഫേസ്ബുക്കിലേക്ക് എത്തിച്ചത്. മകൾ ഷഫ്‌നയുടെ കല്യാണം വരുന്ന ഞായറാഴ്ചയാണ്. മൂത്തമകളുടെ വിവാഹ സമയത്ത് സ്വർണ്ണം നൽകില്ലെന്ന് പറഞ്ഞപ്പോൾ അത്‌ അംഗീകരിച്ച് തന്റെ നിലപാടിനൊപ്പം ചെറുക്കന്റെ വീട്ടുകാരും നിന്നുവെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.

തന്റെ നിലപാടുകൾക്ക് പിന്തുണയും പ്രചോദനവും നൽകുന്നത് തന്റെ ഭാര്യയാണെന്നും ഷാഫി കുറിപ്പിൽ പറയുന്നു. മകൾ ഷഫ്‌നയുടെ വിവാഹത്തിനായി വാങ്ങിയ മൂവായിരം രൂപയുടെ വെള്ളി ആഭരണങ്ങളുടെയും, ഭാര്യയുടെയും മകളുടെയും, മകളുടെ പ്രതിശ്രുത വരന്റെയും ചിത്രം ഷാഫി പങ്കുവെച്ചിട്ടുണ്ട്.

ഷാഫിയുടെ നിലപാട് തികച്ചും മാതൃകാപരമാണെന്ന് പറഞ്ഞ് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
@കാതുകുത്താത്ത കല്യാണത്തിന് ആഭരണ ചിലവ് വെറും മൂവായിരം രൂപ@
“സ്വർണ്ണത്തിന് അല്പം പണം അഡ്വാൻസ് അടച്ചാൽ പല ഓഫറുകളുമുണ്ട്”. മകളുടെ വിവാഹ വിവരമറിഞ്ഞ് പ്രശസ്ത ജ്വല്ലറിയിൽ ഫോൺ വിളി വന്നു. എന്റെ മകളുടെ വിവാഹത്തിന് സ്വർണ്ണത്തിന്റെ ആവശ്യമില്ല- ഞാൻ മറുപടിയും കൊടുത്തു.
വർഷങ്ങൾക്ക് മുൻപ് എന്റെ സഹോദരിമാരെ വിവാഹമന്വേഷിച്ച ഇന്നത്തെ എന്റെ പ്രിയപ്പെട്ട അളിയന്മാർ അന്ന് സ്വർണ്ണം ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും അക്കാലത്തെ നാട്ടു നടപ്പ് നടപ്പിലാക്കാൻ ഞാൻ പാടു പെട്ടതും, മറ്റുള്ളവരിൽ നിന്ന് അതിനായി പണം വാങ്ങേണ്ടി വന്നതും എനിക്കിന്നും മറക്കാനാവുന്ന ഓർമ്മയല്ല. അന്ന് ഞാൻ എടുത്ത പ്രതിജ്ഞക്ക് ഇന്ന് പ്രായം ഇരുപത് കഴിഞ്ഞു.
ഇരുപത് വർഷം മുൻപ് എന്റെ ആദ്യത്തെ പെൺ കണ്മണി ജനിച്ചപ്പോൾ തന്നെ ഞാൻ മക്കളെ സ്വർണ്ണം ധരിപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചു. അതുകൊണ്ട് മൂന്ന് പെണ്മക്കളുടെ കാത് പോലും ഇന്നേവരെ കുത്തിയിട്ടില്ല. ചെറു പ്രായത്തിൽ ആഭരണം ധരിച്ച മറ്റു കുട്ടികളെ കാണുമ്പോൾ എന്റെ മക്കൾ അവരുടെ ചെവിയിൽ പിടിച്ചും മറ്റും ആഭരണങ്ങൾക്ക് ചിലപ്പോൾ വാശി പിടിക്കുമായിരുന്നു. മുതിർന്നപ്പോൾ അവർക്കാർക്കും ആഭരണങ്ങളോട് യാതൊരു താല്പര്യവുമില്ലാതായി. പ്രത്യേകിച്ചും സ്വർണ്ണത്തോട്‌.
മൂത്ത മകളെ വിവാഹമന്വേഷിച്ച ചെറുക്കന്റെ പിതാവിനോട് ഞാൻ എന്റെ നിലപാടുകൾ വിശദീകരിച്ചു. ‘ഒരു ഗ്രാം സ്വർണ്ണം വിവാഹത്തിനായി ഞാൻ ഒരുക്കിവെച്ചിട്ടില്ല. ഇന്നേവരെ എന്റെ മക്കളെ സ്വർണ്ണം ധരിപ്പിച്ചിട്ടില്ല. ഒരു ചെറു കമ്മൽ ധരിക്കാൻ പോലും അവരുടെ ചെവികളിൽ ഞാൻ ദ്വാരമിട്ടിട്ടില്ല. നാട്ടു നടപ്പുകളോ ആചാരങ്ങളോ കീഴ് വഴക്കങ്ങളോ ഞാൻ എന്റെ മക്കളുടെ വിവാഹത്തിന് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ല. പിതാവ് എന്ന നിലക്ക് അവർക്ക് നല്ല വിദ്യാഭ്യാസവും സംസ്കാരവും പകർന്നു നൽകാൻ മാത്രമേ ഞാൻ ശ്രദ്ധിച്ചിട്ടുള്ളൂ. അതിന് മാത്രമേ ഞാൻ കാര്യമായി പണം ചിലവഴിക്കാറുള്ളൂ. ഭൗതികമായി വളരെ ഉയർന്ന വിവാഹാലോചനകൾ മകൾക്ക് വന്നിട്ടുണ്ടെങ്കിലും വരനാകാൻ പോകുന്നവന്റെ സ്വഭാവവും സംസ്കാരവും വിദ്യാഭ്യാസവും മാത്രമേ ഞാൻ പരിഗണിച്ചിട്ടുള്ളൂ’.
പെണ്ണിന് ഒരു തരി സ്വർണ്ണം നൽകില്ല എന്ന എന്റെ തീരുമാനത്തെ വരനാകാൻ പോകുന്ന അബ്ദുൽ ബാസിത്തിന്റെ പിതാവ് അരീക്കോട്ടുകാരൻ B.K ഇബ്രാഹീകുട്ടി സാഹിബ്‌ വളരെ സന്തോഷപൂർവ്വമാണ് സ്വീകരിച്ചത്. മാതാവ് ബുഷ്‌റ ടീച്ചർക്കും അതുപോലെ തന്നെ. ഒരേ നിലപാടുള്ളവരെ യാദൃച്ഛികമായി കൂട്ടിയോജിപ്പിച്ച നാഥൻ എത്ര പരിശുദ്ധനാണ്!.
സ്ത്രീകളാണ് പലപ്പോഴും സ്ത്രീകളുടെ തന്നെ അന്തകരാവുന്നത്. സ്വർണ്ണത്തോടുള്ള സ്ത്രീകളുടെ ആർത്തിയും ഭ്രമവും കുറയാതെ സ്ത്രീധനം മൂലമുള്ള സ്ത്രീപീഡനങ്ങൾ നമുക്ക് തടയാനാവില്ല. വിവാഹ സന്ദർഭത്തിൽ നിന്ന് പണത്തെ മാറ്റി നിർത്തിയത് പോലെ സ്വർണ്ണത്തെ കൂടി അകറ്റിയാൽ മാത്രമേ പെൺ മക്കളുടെ വിവാഹത്തിനായുള്ള പാവപ്പെട്ട മാതാപിതാക്കളുടെ നാടുനീളെയുള്ള യാചനകൾക്ക് അറുതിയാവൂ. എല്ലാ മതങ്ങളും ഗവണ്മെന്റും നിയമം മൂലം നിരോധിച്ച സ്ത്രീധനമെന്ന വിപത്തിനെ വിപാടനം ചെയ്യാൻ ഈ മഞ്ഞ ലോഹത്തെ കാണുമ്പോൾ കൂടി നമ്മുടെ കണ്ണ് മഞ്ഞളിക്കാതിരിക്കണം.
ഞായറാഴ്ച്ച നടക്കാൻ പോകുന്ന എന്റെ മകൾ ഷിഫ ബിൻത് ഷാഫിയുടെ വിവാഹത്തിന് വാങ്ങിയ വെറും മൂവായിരം രൂപയുടെ വെറൈറ്റി വെള്ളി ആഭരണങ്ങളാണ് മുകളിലെ ഫോട്ടോയിലുള്ളത്. ഇരുപത്തൊന്ന് വർഷമായി എന്റേതായ നിലപാടുകൾക്ക് നിരുപാധികം നിറം പകർന്ന് എല്ലാ പിന്തുണയും നൽകുന്ന പ്രണയിനിയാണ് എന്റെ ശക്തിയും പ്രചോദനവും…
കോവിഡ് സാഹചര്യത്തിൽ വേണ്ടപ്പെട്ട പലരേയും നിക്കാഹിന് വിളിക്കാൻ കഴിയാത്ത ഞങ്ങളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കി നിങ്ങളുടെ പ്രാർത്ഥനയിലും ആശീർവാദത്തിലും ഉൾപ്പെടുത്തണമെന്ന അപേക്ഷയോടെ…
സ്നേഹദരവുകളോടെ,
ഷാഫി ആലുങ്ങൽ&സുൽഫത്ത്,പാലേമാട്. 9447472003.

 

By Arya MR