Mon. Dec 23rd, 2024

തിരുവനന്തപുരം:

കോവിഡ്‌ രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സ്‌പ്രിംക്ലര്‍ കമ്പനി 1.8 ലക്ഷം പേരുടെ ഡേറ്റ ചോര്‍ത്തിയതായി വിദഗ്‌ധസമിതി. കരാറിനു മുമ്പ്‌ ഉദ്യോഗസ്ഥരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്താത്തത്‌ വീഴ്‌ചയാണെന്നും സര്‍ക്കാര്‍ നിയോഗിച്ച ഐടി വിദഗ്‌ധരടങ്ങിയ സമിതി കണ്ടെത്തി.

നിയമസെക്രട്ടറിയുടെയോ ആരോഗ്യവകുപ്പിന്റെയോ അഭിപ്രായം തേടിയില്ല. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്വര്‍ണക്കടത്തുകേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി  എം. ശിവശങ്കര്‍ നേരിട്ടു തീരുമാനമെടുക്കുകയായിരുന്നു.

വ്യക്തികളുടെ പ്രാഥമിക രോഗവിവരങ്ങള്‍ കമ്പനിക്കു കിട്ടിയിട്ടുണ്ടാകും. പനി, തലവേദന, ഛര്‍ദ്ദി തുടങ്ങിയ രോഗങ്ങളുടെ വിവരങ്ങളാണ്‌ കിട്ടിയത്‌. എന്നാല്‍ ഗൗരവസ്വഭാവമുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

സ്‌പ്രിംക്ലര്‍ നല്‍കിയ ഉപകരണം വിവരവിശകലനത്തിന്‌ ഉപയോഗിച്ചിട്ടില്ല. 10 ദിവസം കൊണ്ടാണ്‌ സി-ഡിറ്റിന്റെ സെര്‍വ്വറിലേക്ക്‌ വിവരങ്ങള്‍ മാറ്റിയത്‌. വിവരച്ചോര്‍ച്ച തടയാന്‍ സര്‍ക്കാരിനു സംവിധാനങ്ങളില്ലെന്നും സമിതി കണ്ടെത്തി.

ഭാവിയില്‍ ഇത്തരം വീഴ്‌ചകള്‍ ഒഴിവാക്കാന്‍ എട്ടു നിര്‍ദേശങ്ങളും സമിതി മുമ്പോട്ടു വെച്ചിട്ടുണ്ട്‌. സി-ഡിറ്റ്‌, ഐടി വകുപ്പ്‌ എന്നിവയില്‍ സാങ്കേതികസൗകര്യം വികസിപ്പിക്കണം, സൈബര്‍ സുരക്ഷാ ഓഡിറ്റിംഗിന്‌ വിദഗ്‌ധകമ്പനികളുടെ പാനല്‍ തയാറാക്കണം തുടങ്ങിയവയാണു നിര്‍ദേശങ്ങള്‍.

മുന്‍ വ്യോമയാന സെക്രട്ടറി എം മാധവന്‍ നമ്പ്യാരും സൈബര്‍ സുരക്ഷാവിദഗ്‌ധന്‍ ഗുല്‍ഷന്‍ റോയിയുമടങ്ങുന്ന സമിതിയാണ്‌ അന്വേഷണം നടത്തിയത്‌. ‌ സ്‌പ്രിംക്ലര്‍ സിഇഒ രാജി തോമസില്‍ നിന്നും കമ്പനി ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചാണു സമിതി 23 പേജ്‌ വരുന്ന റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌.