Wed. Nov 6th, 2024

‘മാറ്റങ്ങളുടെ മാർപ്പാപ്പ’ എന്നാണ് മാധ്യമങ്ങൾ പലകുറി ഫ്രാൻസിസ് മാർപ്പാപ്പയെ വിശേഷിപ്പിച്ചിട്ടുള്ളത്.  ശൈലിയിലും വിശ്വാസങ്ങളിലും പ്രവൃത്തികളിലും തീരുമാനങ്ങളിലുമെല്ലാം തന്റെ മുൻഗാമികളെക്കാൾ വ്യത്യസ്തത പുലർത്തുന്ന വ്യക്തിയാണ് ആഗോള കത്തോലിക്കാ സഭയുടെ  266-ആമത് തലവൻ എന്നതിൽ തർക്കമില്ല. 

സ്വവർഗ്ഗ വിവാഹ ബന്ധങ്ങള്‍ക്ക് നിയമ പരിരക്ഷ വേണമെന്ന  ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭിപ്രായമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.  സ്വവര്‍ഗ ബന്ധങ്ങള്‍ പാപമാണെന്ന മുന്‍ഗാമികളുടെ നിലപാടാണ് ഇതോടെ തിരുത്തപ്പെട്ടത്. ‘ഫ്രാൻസിസ്കോ’ എന്ന ഡോകുമെന്ററിയിലാണ് എൽജിബിടി വ്യക്തിത്വങ്ങളും ദൈവത്തിന്റെ മക്കളാണെന്നും അവർക്കും കുടുംബത്തിന് അവകാശമുണ്ടെന്നും പോപ്പ്    ഉറക്കെ പ്രഖ്യാപിച്ചത്.  പല സന്ദർഭങ്ങളിലും എൽജിബിടി വ്യക്തിത്വങ്ങളോട് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സ്വവർഗ വിവാഹ ബന്ധങ്ങളെ  നിയമപരമായി അംഗീകരിയ്ക്കണമെന്ന പ്രഖ്യാപനമുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. 

സ്വവർഗ്ഗാനുരാഗം പാപമാണെന്ന ബൈബിള്‍ വ്യാഖ്യാനിച്ചുള്ള  സഭാ മേധാവികളുടെ തീര്‍പ്പുകളുടെ അടിസ്ഥാനത്തിലാണ് വിശ്വാസികൾ സ്വവർഗാനുരാഗികളെ ‘വഴിതെറ്റിയവര്‍’ എന്ന് വിശേഷിപ്പിക്കുന്നത്. ഒരു പതിറ്റാണ്ടിന് മുൻപ് സ്വവർഗ വിവാഹം കുറ്റകരമായിരുന്ന വത്തിക്കാനിന്റെ മണ്ണിൽ ചവിട്ടി നിന്നുകൊണ്ട് കൂടി  ഈ പ്രഖ്യാപനം പോപ്പ് നടത്തിയതാണ് ഇപ്പോൾ ആഗോള വിശ്വാസികളെ അമ്പരപ്പിച്ചിരിക്കുന്നത്.

എന്നാൽ ഇതേ മാർപ്പാപ്പ തന്നെ സ്വവര്‍ഗ്ഗ ലൈംഗീക പ്രവണതയുള്ളവര്‍ പുരോഹിത വസ്ത്രം ഉപേക്ഷിക്കാന്‍ ‘ദ സ്ട്രങ്ത് ഓഫ് വോക്കേഷന്‍’ എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ പറയുന്നുമുണ്ട്. ഇത്തരത്തില്‍ ജീവിതം നയിക്കുന്നവര്‍ ‘ഇരട്ട  മുഖം’ ഒഴിവാക്കി പുരോഹിത വസ്ത്രം ഉപേക്ഷിക്കണം, സഭയ്ക്കുള്ളിലെ ‘സ്വവര്‍ഗ്ഗ ലൈംഗീകത’ തന്നെ ആകുലപ്പെടുത്തുന്നുവെന്നാണ് അന്ന് മാർപാപ്പ പറഞ്ഞത്. 

2013 ൽ പോപ്പ് ബെനഡിക്ട് പതിനാറാമൻ അപ്രതീക്ഷിതമായി പദവി രാജിവെച്ചപ്പോഴാണ് കർദിനാൾ ബെർഗോഗ്ലിയോ സഭയുടെ തലവനായി ചുമതയേൽക്കുന്നത്.  1282 വര്‍ഷങ്ങള്‍ക്കുശേഷമാണ് യൂറോപ്പിന് പുറത്തു നിന്നൊരാള്‍, ഒരു അർജെന്റീനക്കാരൻ  മാര്‍പാപ്പായി തിരഞ്ഞെടുക്കപ്പെടുന്നത്. ദക്ഷിണാര്‍ദ്ധ ഗോളത്തില്‍നിന്നുള്ള ആദ്യ മാര്‍പാപ്പ, ലാറ്റിന്‍ അമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പാപ്പ, ക്രൈസ്തവ സംന്ന്യാസ സമൂഹമായ ജസ്യൂട്ട്  കൂട്ടായ്മയില്‍നിന്നുള്ള ആദ്യ മാര്‍പാപ്പ തുടങ്ങിയ പ്രത്യേകതകളുമുണ്ട് ഇദ്ദേഹത്തിന്. 

മാറ്റങ്ങളുടെ ശംഖോലി അവിടെ മുഴങ്ങിത്തുടങ്ങി. എന്നാൽ,  കർദിനാൾ ബെർഗോഗ്ലി ഫ്രാൻസിസ് മാർപ്പാപ്പ എന്ന പരിവേഷം എടുത്തണിഞ്ഞപ്പോൾ സഭ പോലും അന്നേവരെ സാക്ഷ്യം വഹിക്കാത്ത വിശ്വാസങ്ങളിൽ പോലുമുള്ള മാറ്റങ്ങൾ കണ്ടുതുടങ്ങി. ഫ്രാൻസിസ് മാർപ്പാപ്പ സ്ഥാനാരോഹണത്തിനു തിരഞ്ഞെടുത്ത ദിവസം തന്നെ അതിന് തെളിവാണ്.

ഞായറാഴ്ചകളിലാണ് സാധാരണ മാര്‍പാപ്പയുടെ സ്ഥാനാരോഹണച്ചടങ്ങുകള്‍ നടക്കുന്നത്. എന്നാൽ, ഫ്രാൻസിസ് പോപ്പ് തിരഞ്ഞെടുത്തത് ഒരു ചൊവ്വാഴ്ച അതും, പലർക്കും അശുഭമായ പതിമൂന്നാം നമ്പർ തീയതി. പല പൊളിച്ചെഴുത്തുകളും വിശ്വാസി സമൂഹം ഇനി കാണേണ്ടി വരുമെന്നതിന്റെ നേർത്ത സൂചനയായിരുന്നു അത്. ഒരു മത നായകൻ എന്നതിന്റെ അതിർവരമ്പുകൾ ഭേദിച്ച് ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിലേക്ക് മാർപ്പാപ്പ മുന്നോട്ട് നടക്കുന്നത് പിന്നീട് കണ്ടു. ഇത് സഭാ വിശ്വാസികൾക്കിടയിൽ തന്നെ അദ്ദേഹത്തെ അപ്രിയനാക്കിയിട്ടുമുണ്ട്.

ആഗോളതാപനത്തിലും കാലാവസ്ഥ വ്യതിയാനത്തിലും ദരിദ്ര രാജ്യങ്ങളിൽ സൃഷ്ടിക്കുന്ന കെടുതികളിലും ഫ്രാൻസിസ് മാർപ്പാപ്പ നിരന്തരം ആശങ്ക പ്രകടിപ്പിച്ചു. സിറിയയിലെ ആഭ്യന്തര യുദ്ധത്തിൽ പലായനം ചെയ്യേണ്ടിവന്നവർക്ക് ആശ്വാസമായി. 2016ൽ ഗ്രീസ് സന്ദർശനം കഴിഞ്ഞ് റോമിലേക്ക് തിരികെ പറന്നപ്പോൾ മൂന്ന് മുസ്ലിം അഭയാർഥി കുടുംബങ്ങളെ കൂടി അദ്ദേഹം കൂടെകൂട്ടിയിരുന്നു.

ഇതൊക്കെ പുരോഗനവാദികളിൽ പോപ്പിന്റെ ജനപ്രിയത ഉയർത്തിയിരുന്നു. സഭയ്ക്കുള്ളിലും ഏറെ പരിഷ്‌കാരങ്ങൾ ഫ്രാൻസിസ് മാർപ്പാപ്പ നടപ്പാക്കിയിട്ടുണ്ട്. അതിൽ പ്രധാനം വിവിധ വകുപ്പുകൾ ലയിപ്പിക്കുകയും അധികാര സിരാകേന്ദ്രങ്ങളിലെ സഭാധ്യക്ഷന്മാരുടെ എണ്ണം കുറയ്ക്കുകയും ചെയ്തതാണ്. ഇതൊക്കെ വത്തിക്കാൻ വൃത്തങ്ങളിൽ ഫ്രാൻസിസ് മാർപ്പാപ്പ ഒരു യഥാർത്ഥ കത്തോലിക്കനല്ലെന്നും ഒരു കമ്മ്യൂണിസ്റ്റും പോപ്പുലിസ്റ്റുമാണെന്ന സംസാരങ്ങൾക്ക് വഴിവെച്ചിരുന്നു. കുടുംബ ബന്ധങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ മാർപ്പാപ്പയുടെ അധ്യക്ഷതയ്യിൽ ചേർന്ന യോഗത്തിൽ വിവാഹ മോചനം നേടി പുനർവിവാഹം ചെയ്തവർക്കും വിശുദ്ധ കുർബാന കൈക്കൊള്ളാമെന്ന് പറഞ്ഞത് സഭയ്ക്കുള്ളിൽ മറ്റൊരു വിവാദമായി. കത്തോലിക്കാ സഭയ്ക്കുള്ളിൽ തന്നെ കുട്ടികളെ ദുരുപയോഗം ചെയ്യുവെന്ന പരാതിയിന്മേൽ പോപ്പ് സ്വീകരിച്ച നടപടി മാതൃകാപരമായിരുന്നു.

കുട്ടികളുടെ സംരക്ഷണത്തിനായി പൊന്തിഫിക്കൽ കമ്മീഷൻ രൂപീകരിച്ചു. എന്നാൽ, പിന്നീട പ്രവർത്തനങ്ങൾ കാര്യമായി നടന്നില്ല. കൂടാതെ, ചിലിയിൽ ബാലപീഡനത്തിന് ആരോപണ വിധേയനായ ബിഷപ്പിനെ പിന്തുണച്ച് സംസാരിച്ചതും വിമര്‍ശനത്തിനിടയാക്കി. അതേപോലെ, മ്യാൻമർ സന്ദർശനത്തിനത്തിൽ റോഹിൻഗ്യൻ അഭയാർത്ഥികൾക്ക് വേണ്ടി സംസാരിക്കാതിരുന്നതും മാർപ്പാപ്പയെ പിന്തുണച്ച വിശ്വാസികളല്ലാത്തവർക്ക് കല്ലുകടിയായി. സഭ സ്ഥാപനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ട സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന്റെ പരാതിയിന്മേലും നടപടിയെടുക്കാൻ മാർപ്പാപ്പയ്ക്ക് കഴിയാതെ പോയിട്ടുണ്ട്. 

 സഭാ വിശ്വാസികൾക്കിടയിൽ ഇതുവരെയും പൂർണമായി  പ്രീതി നേടാൻ കഴിയാത്ത ഫ്രാൻസിസ് മാർപ്പാപ്പയുടെ സ്വവർഗാനുരാഗികളെ പിന്തുണച്ചുള്ള നിലപാട് വിശ്വാസികളെ എങ്ങനെ സ്വാധീനിക്കുമെന്ന് അറിയേണ്ടതുണ്ട്. സഭയൂടെ നേതൃത്വത്തില്‍ തന്നെ മാര്‍പ്പാപ്പയുടെ നിലപാടുകളോട് എതിര്‍പ്പുള്ളവര്‍ ശക്തരാണ്. അതിനാല്‍ മാര്‍പ്പാപ്പയുടെ നിലപാട് സഭയുടെ ഔദ്യോഗിക നിലപാടായി മാറാനുള്ള സാധ്യതയും വിരളമാണ്.   

എന്നിരുന്നാലും, കാലോചിതമായി അൽപമെങ്കിലും മാറി ചിന്തിച്ച സഭാ മേധാവി എന്ന നിലയ്ക്ക് ഫ്രാൻസിസ് മാർപ്പാപ്പ സ്മരിക്കപ്പെടുമെന്നതിൽ സംശയമില്ല.

 

By Arya MR