Mon. Dec 23rd, 2024

കളമശേരി:

കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ ഗുരുതര വീഴ്ച ചൂണ്ടികാട്ടി രംഗത്തുവന്ന ജൂനിയര്‍ ഡോക്ടര്‍ നജ്മ തങ്ങളുടെ പ്രവർത്തകയല്ലെന്ന് കെഎസ്.യു. ഡോ നജ്മയക്ക് കെ.എസ്.യുവിൽ പ്രാഥമിക അഗത്വം പോലും ഇല്ലായിരുന്നുവെന്നും സംഘടന വ്യക്തമാക്കി.

തനിക്ക് കെഎസ്‍യുവുമായി ബന്ധമുണ്ടെന്ന തരത്തിൽ ചിലർ പ്രചരിപ്പിക്കുകയാണെന്ന് നജ്മ ഇന്നലെ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. രാഷ്ട്രീയ താൽപര്യത്തിലാണ് ഈ പ്രതികരണമെന്നുമാണ് സാമൂഹ്യമാധ്യമങ്ങളിലെ ചില ഗ്രൂപ്പുകളിലും വ്യക്തികളുടെ പേജുകളിലുമുള്ള പ്രചാരണം. ഇത് വസ്തുതാ വിരുദ്ധമാണ്. ഇത്തരം വ്യാജ പ്രചരണങ്ങൾ തന്നെ മാനസികമായി തളർത്തുന്നുണ്ട്. ദേശാഭിമാനിയുടെ പേര് പരാതിയിൽ എടുത്തു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നജ്മ കെ എസ് യു പ്രവര്‍ത്തകയാണെന്ന പ്രചാരണം തള്ളി സംഘടന തന്നെ രംഗത്തുവന്നത്.

നജ്മ കെ.എസ്.യു പ്രവർത്തകയാണെന്ന തരത്തിൽ ഇപ്പോൾ നടക്കുന്ന പ്രചാരണം രാഷ്ട്രീയ ഗൂഢാലോചനകളുടെ ഭാഗമാണെന്ന്  കെഎസ്.യു എറണാകുളം അധ്യക്ഷൻ അലോഷ്യസ് സേവ്യര്‍ ആരോപിച്ചിരുന്നു.

രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് നജ്മ കളമശ്ശേരി ആശുപത്രിക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന ദേശാഭിമാനി പത്രത്തിലെ വാർത്ത അടിസ്ഥാന രഹിതവും വില കുറഞ്ഞ രാഷ്ട്രീയ കളിയുടെ ഭാഗവുമാണെന്നും അലോഷ്യസ് തുറന്നടിച്ചു.

അതേസമയം, ഡോ.നജ്മയുടെ നടപടി ഉത്തരവാദിത്തമില്ലാത്തതാണെന്നും നജ്മയോട് വിശദീകരണം ചോദിച്ച് നടപടി സ്വീകരിക്കണമെന്നും ഗവണ്‍മെന്റ് നഴ്‌സസ് യൂണിയന്‍ ആവശ്യപ്പെട്ടു. നഴ്‌സിംഗ് ഓഫീസറുടെ ശബ്ദസന്ദേശം ചോര്‍ന്നതിനെ കുറിച്ചും ആരോപിക്കപ്പെട്ട വസ്തുതകളിലും വിശദമായ അന്വേഷണം വേണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു.

By Binsha Das

Digital Journalist at Woke Malayalam