Wed. Jan 22nd, 2025

തിരുവനന്തപുരം

കോവിഡ്‌ വരുത്തിയ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചു വെക്കുന്നത്‌ ഇനി മുതല്‍ തുടരേണ്ടതില്ലെന്ന്‌ സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തേ പിടിച്ച ശമ്പളം അടുത്ത മാസം മുതല്‍ തിരികെ നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

സര്‍ക്കാര്‍ ജീവനക്കാരുടെ മാസശമ്പളത്തിന്റെ 20 ശതമാനം മാറ്റിവെക്കാനായിരുന്നു തീരുമാനം. ഇത്‌ സെപ്‌റ്റംബര്‍ ഒന്നു മുതല്‍ ആറു മാസത്തേക്കു കൂടി തുടരാനുള്ള തീരുമാനം റദ്ദാക്കും. പിടിച്ചെടുത്ത ശമ്പളം അടുത്ത മാസം മുതല്‍ പിഎഫിലേക്കു ലയിപ്പിക്കും. ഇതിനുള്ള ധനവകുപ്പിന്റെ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു.

കോവിഡ്‌ പ്രതിസന്ധിയെത്തുടര്‍ന്ന്‌ പ്രളയാനന്തര മാതൃകയില്‍ സാലറി ചലഞ്ചിന്‌ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനെ പ്രതിപക്ഷ സംഘടനകളും അധ്യാപകരും എതിര്‍ത്തതോടെയാണ്‌ ശമ്പളം മാറ്റിവെക്കാനുള്ള ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ മുന്നോട്ടു പോയത്‌. എന്നാല്‍ ഇതിനെതിരേ പ്രതിപക്ഷാനുകൂലികള്‍ കോടതിയെ സമീപിച്ചു.