Mon. Dec 23rd, 2024

തിരുവനന്തപുരം

രാജ്യത്തെ ഏറ്റവും മുതിര്‍ന്ന കമ്യൂണിസ്‌റ്റ്‌ നേതാവും ആദര്‍ശം പ്രാവര്‍ത്തികമാക്കിയതിലൂടെ ജനകീയനുമായിത്തീര്‍ന്ന വി എസ്‌ അച്യുതാനന്ദന്‌ ഇന്ന്‌ 97 വയസ്‌ തികയുന്നു. കൃത്യമായ രാഷ്ട്രീയ ഇടപെടലുകളിലൂടെ എതിരാളികളുടെ പോലും അംഗീകാരം നേടിയ രാഷ്ട്രീയനേതാവാണ്‌ വിഎസ്‌. ഒരു പക്ഷേ കാര്‍ക്കശ്യം മുഖമുദ്രയാക്കിയ ഒരു നേതാവ്‌ ആദര്‍ശവിശുദ്ധിയാല്‍ ജനമനസുകളുടെ അംഗീകാരം നേടുന്നത്‌ സംസ്ഥാനചരിത്രത്തില്‍ ഒരു അപൂര്‍വ്വതയായിരിക്കും.

കക്ഷിരാഷ്ട്രീയത്തില്‍ ഒതുങ്ങുന്നതല്ല ആ രാഷ്ട്രീയ വ്യക്തിത്വം. പരിസ്ഥിപ്രശ്‌നം, സ്‌ത്രീപക്ഷ രാഷ്‌ട്രീയം, വിഭവചൂഷണം, വര്‍ഗീയത തുടങ്ങി വിവിധ വിഷയങ്ങളില്‍ രാഷ്ട്രീയ കേരളം എന്നും കാതോര്‍ത്തിരുന്ന വാക്കുകളാണ്‌ അദ്ദേഹത്തിന്റേത്‌.  അഴിമതിക്കെതിരേ കുരിശുയുദ്ധം നടത്തിയ അദ്ദേഹത്തിന്റെ സാന്നിധ്യം മതികെട്ടാന്‍ ഭൂമി കൈയേറ്റം, പ്ലാച്ചിമട കുടിവെള്ളപ്രശ്‌നം, ഐസ്‌ക്രീം പാര്‍ലര്‌ കേസ്‌, ലോട്ടറിക്കേസ്‌, മറയൂര്‍ ചന്ദനക്കൊള്ള തുടങ്ങിയ വിഷയങ്ങളില്‍ ഊര്‍ജ്ജമായി.

ചാട്ടുളി പോലുള്ള വാക്കുകള്‍ എതിര്‍പ്പാര്‍ട്ടിയിലുള്ളവര്‍ക്കു നേരെ മാത്രമല്ല, സ്വന്തം പാര്‍ട്ടിയിലെയും എതിരാളികളില്‍ പതിച്ചു. അതിന്റെ പേരില്‍ വലിയ നഷ്ടങ്ങളും അപമാനങ്ങളും ഏല്‍ക്കേണ്ടി വന്നെങ്കിലും ജനസമ്മതിയുടെ പേരില്‍ അദ്ദേഹത്തിനെ അവഗണിക്കാന്‍ സിപിഎമ്മിനും കഴിഞ്ഞില്ല.

പൊളിറ്റ്‌ ബ്യൂറോയില്‍ നിന്ന്‌ തരംതാഴ്‌ത്തിയിട്ടും മുഖ്യമന്ത്രി പദവി നല്‍കേണ്ടി വന്നതു തന്നെ ഉദാഹരണം. സംസ്ഥാനത്തിന്റെ 20മത്തെ മുഖ്യമന്ത്രിയായ അദ്ദേഹം ഔദ്യോഗികപദവിയിലിരുന്നു പോലും അവകാശനിഷേധങ്ങള്‍ക്കെതിരേ സമരം ചെയ്‌തിട്ടുണ്ട്‌.

കര്‍ഷകത്തൊഴിലാളി സമരത്തിന്റെ ഇതിഹാസഭൂമിയായ പുന്നപ്രയില്‍ വേലിക്കകത്ത്‌ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923ലാണ്‌ അച്യുതാനന്ദന്‍ ജനിച്ചത്‌. നാലാം വയസ്സില്‍ അമ്മയും 11-ാം വയസില്‍ അച്ഛനും നഷ്ടപ്പെട്ടതോടെ ഏഴാംക്ലാസില്‍ പഠനമവസാനിച്ച്‌ ജീവിതത്തിന്റെ തീച്ചൂളയിലേക്കിറങ്ങിയതാണ്‌ വിഎസ്‌.

ജ്യേഷ്‌ഠന്റെ തുണിക്കടയില്‍ തയ്യല്‍ക്കാരനായി ജോലി ചെയ്‌തു ജീവിതം തുടങ്ങിയ വിഎസ്‌, ആലപ്പുഴയില്‍ കയര്‍ ഫാക്ടറിയിലും ജോലി ചെയ്‌തു. അവിടെ വച്ചാണ്‌ തൊഴിലാളികളുടെ കഷ്ടപ്പാടുകള്‍ അനുഭവിച്ചറിഞ്ഞത്‌. തുടര്‍ന്ന്‌ തൊഴിലാളി പ്രവര്‍ത്തനങ്ങളില്‍ സജീവമായി.

നിവര്‍ത്തനപ്രക്ഷോഭത്തില്‍ പങ്കെടുത്ത്‌ വിഎസ്‌ 1938ല്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പുരോഗമനപ്രസ്ഥാനങ്ങളിലേക്ക്‌ ആകൃഷ്ടനായതിന്റെ ഫലമായി 1940ല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി അംഗമായി. 1985ല്‍ സിപിഎം പൊളിറ്റ്‌ ബ്യൂറൊ അംഗമായ അദ്ദേഹത്തെ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടായ അച്ചടക്കനടപടിയുടെ ഭാഗമായി 2009ല്‍ ഒഴിവാക്കി.

തുടര്‍ന്നും ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടിക്കു വിധേയനാകാന്‍ വൈമുഖ്യം കാണിച്ചതിനെത്തുടര്‍ന്ന്‌ തിരികെ പ്രവേശനം നിഷേധിക്കപ്പെട്ടു. നിലവില്‍ കേന്ദ്രകമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാണ്‌. 1964ല്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി പിളര്‍ന്നതോടെ ആ നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന്‌‌ ഇറങ്ങിപ്പോന്ന 32 പേരില്‍ ജീവിച്ചിരിക്കുന്ന ഏകവ്യക്തിയാണ്‌ വിഎസ്‌.

പിണറായി വിജയന്റെ നേതൃത്വത്തില്‍ നിലവിലെ എല്‍ഡിഎഫ്‌ മന്ത്രിസഭ രൂപീകരിച്ചതിനു പിന്നാലെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി ക്യാബിനറ്റ്‌ പദവിയോടെ അദ്ദേഹത്തെ നിയോഗിച്ചു. പാര്‍ശ്വവല്‍കൃതരും പാവപ്പെട്ടവരും തൊഴിലാളികളും ദുരിതമനുഭവിക്കുമ്പോള്‍ ഇന്ന്‌ കേരളം നഷ്ടബോധമനുഭവിക്കുന്നത്‌ വിഎസിന്റെ ശബ്ദം കേള്‍ക്കാത്തതിലാണ്‌.

ഒക്ടോബറില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന്‌‌ പൂര്‍ണവിശ്രമം നിര്‍ദേശിക്കപ്പെട്ടതിനെത്തുടര്‍ന്നാണ്‌ അദ്ദേഹം പൊതുരംഗത്ത്‌ ഏറെക്കുറെ നിഷ്‌ക്രിയനായത്‌. ചിട്ടയായ ജീവിതചര്യകളും മനസ്ഥൈര്യവും കൊണ്ട്‌ സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചു വന്നെങ്കിലും പഴയതു പോലെ സജീവമാകാന്‍ കഴിയുന്നില്ല.

എങ്കിലും പോരാട്ടം അവസാനിപ്പിക്കാന്‍ വയ്യാത്ത ജനനായകന്‍ രാഷ്ട്രീയരംഗം നിരീക്ഷിക്കുകയും ദിവസേനയുള്ള വാര്‍ത്തകള്‍ അറിയുകയും ചെയ്യുന്നു. ജീവിതവും സമരവും രണ്ടല്ലെന്നു തെളിയിച്ച യുഗപ്രഭാവന്‌ പിറന്നാള്‍ ആശംസകള്‍.