കൊച്ചി:
കളമശ്ശേരി മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് കോവിഡ് രോഗികൾ മരിച്ചെന്ന ആരോപണത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് മന്ത്രി ആവശ്യപ്പെട്ടത്.
ജീവനക്കാരുടെ അശ്രദ്ധ മൂലം കൊ വിഡ് രോഗികൾക്ക് മരണം സംഭവിച്ചതായി നഴ്സിംഗ് ഓഫീസർ ജലജ ദേവി വെളിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. നഴ്സുമാരുടെ അശ്രദ്ധകൊണ്ട് പലർക്കും മരണം സംഭവിക്കുന്നു എന്നാണ് സന്ദേശത്തിലുള്ളത്. ഗുരുതരാവസ്ഥയിലുള്ള പല രോഗികളുടെയും ഓക്സിജൻ മാസ്ക്ക് കൃത്യമായല്ല ഘടിപ്പിച്ചിരിക്കുന്നതെന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ചിലരുടെ വെൻറിലേറ്റർ ട്യൂബുകളുടെയും അവസ്ഥ ഇതു തന്നെ.
ഫോർട്ടുകൊച്ചി സ്വദേശി സി കെ ഹാരിസിന്റെ മരണം ഓക്‌സിജൻ ലഭിക്കാതെയാണെന്ന് സംഭാഷണത്തിൽ പറയുന്നുണ്ട്. വെന്റിലേറ്റർ ട്യൂബുകൾ മാറി കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണകാരണം. ഡോക്ടർമാർ നഴ്സുമാരെ സഹായിക്കാൻ ഇതു വേണ്ട വിധത്തിൽ റിപ്പോർട്ട് ചെയ്യുന്നില്ല എന്നും സന്ദേശത്തിലുണ്ട്.