Wed. Nov 6th, 2024

മികച്ച നടനുള്ള പുരസ്കാരവും മികച്ച നടിക്കുള്ള പുരസ്കാരവും ഇത്തവണ ലഭിച്ചത് പ്രേക്ഷകര്‍ നൂറ് ശതമാനം മാര്‍ക്കിട്ടവര്‍ക്ക് തന്നെയാണ്. അര്‍ഹമായ അംഗീകാരങ്ങള്‍ തന്നെയാണ് സുരാജ് വെഞ്ഞാറമ്മൂടിനെയും കനി കുസൃതിയെയും തേടിയെത്തിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ കര്‍ക്കശക്കാരനായ ഭാസ്‌കര പൊതുവാളും വികൃതിയിലെ ബധിരനും, മൂകനുമായ എല്‍ദോ എന്നീ കഥാപാത്രങ്ങള്‍ക്കാണ് സുരാജിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. ഇത്രയും കാലം കാര്യമായ രീതിയില്‍ മലയാള സിനിമ സുരാജിലെ പ്രതിഭയെ വേണ്ടവിധം ഉപയോഗിച്ചില്ലെന്നതിന് തെളിവായ വേഷങ്ങള്‍ തന്നെയാണിവ.

സജിന്‍ ബാബുവിന്‍റെ ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കനി കുസൃതി മികച്ച നടിക്കുള്ള പുരസ്കാരത്തിന് അര്‍ഹയായത്.

സുരാജ് വെഞ്ഞാറമ്മൂടിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചെങ്കിലും മലയാള സിനിമ അദ്ദേഹത്തെ ഹാസ്യനടനായി മാത്രം അംഗീകരിച്ച ഒരു സമയം ഉണ്ടായിരുന്നു. കൊമേഴ്സ്യല്‍ സിനിമകള്‍ സുരാജിനെ അങ്ങനെ തളച്ചിട്ടപ്പോള്‍ അദ്ദേഹത്തിനുള്ളിലെ വലിയൊരു പ്രതിഭയെ കണ്ടെത്തിയത് സംവിധായകന്‍ ഡോ. ബിജുവായിരുന്നു. ‘പേരറിയാത്തവര്‍’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനായിരുന്നു  മികച്ച നടനുള്ള ദേശീയ പുരസ്കാരം സുരാജിന് നേടിക്കൊടുത്തത്. 2013ലായിരുന്നു ഈ പുരസ്കാര നേട്ടം. സമൂഹത്തിന്‍റെ മുഖ്യധാരയില്‍നിന്നു മാറ്റി നിര്‍ത്തിയ ഒരു കൂട്ടം ജനങ്ങളുടെ കഥയാണ് സിനിമ സംവദിക്കുന്നത്. തെരുവ് വൃത്തിയാക്കുന്ന ജീവനക്കാരന്റെ ജീവിതത്തിലൂടെ കേരളത്തിന്റെ സമകാലീന ചരിത്രം കൂടി പറയുന്ന ചിത്രം മൂഹത്തിനു മികച്ച സന്ദേശവും ജീവുത മൂല്യങ്ങളും പകര്‍ന്നു നല്‍കുന്ന സിനിമയാണ്. പക്ഷേ ദേശീയ തലത്തില്‍ മികച്ച നടനായി അംഗീകരിച്ചപ്പോഴും അദ്ദേഹം ഹാസ്യനടനായി തന്നെയാണ് കേരള്തതില്‍ അവാര്‍ഡുകള്‍  വാങ്ങിയത്. 2009, 2010 ലും മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സുരാജിന് ദേശീയ തലത്തില്‍ മികച്ച നടനായി തിര‍ഞ്ഞെടുക്കപ്പെട്ട 2013ലും ലഭിച്ചത് ഹാസ്യ നടനുള്ള സംസ്ഥാന അവാര്‍ഡുകള്‍ തന്നെയായിരുന്നു.

പക്ഷേ അതിലൊന്നും പരിഭവമോ പരാതിയോ പറയാതെ കിട്ടിയ വേഷങ്ങളെല്ലാം നല്ലരീതിയില്‍ കെെകാര്യം ചെയ്യുന്ന അതുല്യപ്രതിഭ തന്നെയാണ് സുരാജ് വെഞ്ഞാറമ്മൂട്. സാധാരണക്കാരന്‍, കോമഡി റോൾ, നെഗറ്റീവ് അങ്ങനൊന്നുമില്ല. ഇഷ്ടപ്പെട്ടാൽ, കയ്യിൽ നിൽക്കുമെന്നു തോന്നിയാൽ എന്തും ചെയ്യാന്‍ ഒരുക്കമാണ്. അതൊക്കെ വിജയങ്ങളാവുകയും ചെയ്തു. 250ലധികം സിനിമകള്‍ ചെയ്തെങ്കിലും അടുത്ത കാലത്താണ് നല്ല കഥാപാത്രങ്ങള്‍ തേടിയെത്തിയത്. കമല്‍ ചിത്രം ഗദ്ദാമ, ബാബു ജനാർദനന്റെ ‘ഗോഡ് ഫോർ സെയിലിൽ’ ഒക്കെ ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നു സുരാജിന് ലഭിച്ചത്. എബ്രിഡ് ഷെെനിന്‍റെ ആക്ഷന്‍ ഹീറോ ബിജുവിലെ പ്രകടനത്തിന് പിന്നാലെ ഒട്ടേറെ വല്ല കഥാപാത്രങ്ങള്‍ ചെയ്തു. തൊണ്ടിമുതലും ദൃക്സാക്ഷിയിലെ പ്രസാദിനെയും പ്രേക്ഷകര്‍ ഇരുകെെയ്യും നീട്ടി സ്വീകരിച്ചു. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനും, വികൃതിയും, ഡ്രെെവിംഗ് ലെെസന്‍സുമൊക്കെ സുരാജ് എന്ന നടനിലെ അഭിനയപ്രതിഭയെ അടിവരയിടുന്നതായിരുന്നു.

മികച്ച നടിയായി കനി കുസൃതിയെ തിരഞ്ഞെടുത്തത് സജിന്‍ ബാബുവിന്‍റെ ബിരിയാണിയിലെ മികച്ച പ്രകടനത്തിനാണ്. മുസ്ലിം വിഭാഗത്തില്‍പ്പെടുന്ന കദീജ എന്ന യുവതിയുടെ കഥാപാത്രമാണ് കനിയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന കുടുംബത്തിലെ ഖദീജ എന്ന സ്ത്രീ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും അതിനെ തരണം ചെയ്യാന്‍ അവര്‍ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. അന്താരാഷ്ട്ര തലത്തില്‍ മികച്ച് സ്വീകാര്യതയാണ് ബിരിയാണിക്കും കനിക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്.  42-മത് മോസ്‌കോ ഫിലിം ഫെസ്റ്റിവലില്‍ ബ്രിക്‌സ് മത്സര വിഭാഗത്തില്‍ കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതേ ചിത്രത്തിന് തന്നെ സ്‌പെയിന്‍ ഇമാജിന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ കനിക്ക്  രണ്ടാമത്തെ മികച്ച നടിക്കുള്ള അവാര്‍ഡും ലഭിച്ചിരുന്നു.

2009ല്‍ കേരള കഫേയില്‍  ശ്രദ്ധേയമായ വേഷം ചെയ്ത, മികച്ച നാടക പശ്ചാത്തലമുള്ള കനിയ്ക്ക് മലയാള സിനിമ നല്‍കിയത് ചെറുവേഷങ്ങള്‍ മാത്രമായിരുന്നു. ഓഡീഷന് പോലും ഇപ്പോഴും തന്നെ വിളിക്കാറില്ലെന്ന് കനി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. വേറെയൊരു ഇമേജ് ആണ് തനിക്ക് കല്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്നും നടി പറയുന്നതും നമ്മള്‍ കേട്ടിരുന്നു. മലയാള സിനിമ മറന്ന മലയാളത്തിന്റെ ആദ്യ നായിക പി.കെ റോസിയ്ക്ക് തന്റെ അവാര്‍ഡ് സമര്‍പ്പിക്കുന്നു എന്നായിരുന്നു പുരസ്കാരം ലഭിച്ചതിന് ശേഷം കനിയുടെ ആദ്യപ്രതികരണം. അവസരങ്ങള്‍ എല്ലാവര്‍ക്കും എല്ലാതരത്തിലും കിട്ടാറില്ല, നമ്മുടെ ആദ്യത്തെ നായിക തന്നെ ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ ദളിത് സ്ത്രീ കൂടിയാണ്. ഒരു അപ്പര്‍കാസ്റ്റ് കഥാപാത്രം അവതരിപ്പിച്ച അവരുടെ വീടൊക്കെ കത്തിച്ച് ഈ നാട്ടില്‍ നിന്ന് പറഞ്ഞു വിട്ട ചരിത്രമുള്ള സ്ഥലമാണ് കേരളമെന്നും കനി പറഞ്ഞു. ഇപ്പോഴും നായിക നിരയിലുള്ളവരെ നോക്കുമ്പോള്‍ ജാതീയപരമായി ആ ഡിസ്‌ക്രിമിനേഷന്‍ ഉള്ളതു പോലെ തന്നെയാണ് തോന്നിയിട്ടുള്ളതെന്നും നടി തുറന്നുപറഞ്ഞു. ഇങ്ങനെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയപ്പോള്‍ അഭിനയത്തിന് ഒരു അളവ്കോലില്ലെന്ന് തെളിയിക്കുകയാണ് കനി കുസൃതി.

 

 

 

By Binsha Das

Digital Journalist at Woke Malayalam