Mon. Dec 23rd, 2024
ന്യൂഡൽഹി:

 
സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ സിനിമാസംഘടന ഫെഫ്ക നല്‍കിയ ഹര്‍ജി സുപ്രീംകോടതി തളളി. ജസ്റ്റിസ് റോഹിങ്ടൺ നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. വിനയന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് ചലച്ചിത്ര സംഘടനകളായ അമ്മയ്ക്കും ഫെഫ്കയ്ക്കും പിഴ ചുമത്തിയ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ നാഷണല്‍ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണൽ തള്ളിയിരുന്നു.

വിനയന്റെ പരാതിയെ തുടര്‍ന്ന് 2017 മാര്‍ച്ചില്‍ കോമ്പറ്റീഷൻ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിൽ സിനിമ സംഘടനയായ അമ്മയ്ക്ക് നാല് ലക്ഷം രൂപയും, ഫെഫ്കയ്ക്ക് 81,000 രൂപയും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് 3,86,354 രൂപയും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന് 56,661 രൂപയും പിഴ ചുമത്തിയിരുന്നു.

വിനയന്റെ വിലക്ക് നീക്കുകയും സിനിമാസംഘടനകള്‍ക്ക് പിഴ ചുമത്തുകയും ചെയ്ത കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെയും നാഷണല്‍ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണലിന്റെയും നടപടിക്ക് എതിരെ ആയിരുന്നു ഫെഫ്ക സുപ്രീംകോടതിയെ സമീപിച്ചത്. തെളിവുകൾ പരിഗണിക്കാതെയാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഉത്തരവ് പുറപ്പെടുവിച്ചത് എന്നായിരുന്നു ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ വാദം.

വിനയനു വേണ്ടി അഭിഭാഷകൻ ഹർഷദ് ഹമീദാണ് സുപ്രീം കോടതിയിൽ ഹാജരായത്.