ന്യൂഡൽഹി:
അസം പോലീസിന്റെ സൈബർ സെൽ ഒരു പ്രാദേശിക കലാകാരന്റെ പെയിന്റിംഗിനെതിരെ നടപടിയെടുത്തുവെന്ന് ഒരു മാധ്യമം റിപ്പോർട്ടു ചെയ്തു. ഒരാൾ തകർന്ന ഭൂമിയിൽ കിടക്കുന്നതും വയറ്റിൽ നിന്ന് രക്തം ഒഴുകുന്നതും വയറ്റിൽ ദേശീയ പതാക കുത്തിവെച്ചതും ചിത്രീകരിക്കുന്ന ചിത്രം വരച്ചത് പ്രാഞ്ജാൽ പായേങ് എന്ന കലാകാരനാണ്.
അസമിലെ ഗോലാഘാട്ട് ജില്ലയിലെ തെൽഗോറോം പ്രദേശത്ത് ചിത്രരചന പഠിപ്പിക്കുകയാണ് പായേങ്. എന്തുകൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഈ ചിത്രം അപ്‌ലോഡ് ചെയ്തതെന്ന് വിശദീകരിക്കാൻ പോലീസ് സൂപ്രണ്ടിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. ദേശീയ പതാകയെ അവഹേളിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് പായേങ്ങിനോട് ചിത്രം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്.
സെപ്റ്റംബർ 24 ന് എസ്പിയുടെ ഓഫീസിൽ നിന്ന് തനിക്ക് ഒരു കോൾ ലഭിച്ചുവെന്നും അന്നു തന്നെ പോലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടതായും പായേങ് ദ വയറിനോട് പറഞ്ഞു. “എനിക്ക് അന്ന് പോലീസ് സ്റ്റേഷനിൽ എത്താൻ സാധിക്കില്ലായിരുന്നു. അതുകൊണ്ട് സെപ്റ്റംബർ 25 ന് അവിടെ പോയി.”
“എന്നെപ്പോലുള്ള പ്രാദേശിക കലാകാരന്മാർ നമുക്ക് ചുറ്റും കാണുന്നവ വരയ്ക്കുന്നു. സംസ്ഥാന പോലീസ് എതിർപ്പ് പ്രകടിപ്പിച്ച പെയിന്റിംഗ് പോലും എനിക്ക് ചുറ്റും കണ്ടതിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു. അസം പോലുള്ള കാർഷിക അധിഷ്ഠിത സംസ്ഥാനത്തെ കർഷകർ കഠിനാധ്വാനം ചെയ്തിട്ടും മോശം അവസ്ഥയിൽ കഴിയുന്നു. ഞാനും സമൂഹത്തിലെ ആ സാധാരണക്കാരുടെ വിഭാഗത്തിൽ പെടുന്നു. അവരെല്ലാം ദേശീയ പതാകയ്ക്ക് കീഴിൽ ഒത്തുചേരുന്നു, പക്ഷേ അവരുടെ അവസ്ഥകളും ഉയർത്തിക്കാട്ടേണ്ടതുണ്ട്.” പായേങ് പറഞ്ഞു.
പോലീസ് നടപടിക്കുശേഷവും, അസമിലും പരിസരത്തുമുള്ള നിരവധി ആളുകൾ ആ ഫോട്ടോ അവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകളിൽ പങ്കുവെക്കുകയും ഒരു കലാകാരന് തന്റെ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കാത്തതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു.