തിരുവനന്തപുരം:
യൂട്യൂബിലൂടെ സ്ത്രീകൾക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചയാളെ കൈയ്യേറ്റം ചെയ്തെന്ന പരാതിയിൽ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർക്കെതിരെ കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമർശങ്ങള്‍ നടത്തുന്ന വീഡിയോ അപ്ലോഡ് ചെയ്ത യൂട്യൂബർ വിജയ് പി.നായരുടെ പരാതിയിലാണ് തമ്പാനൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
ആദ്യം തനിക്ക് പരാതിയില്ല മാപ്പുപറയുന്നു എന്നായിരുന്നു വിജയ് പി നായര്‍ മാധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞത്. എന്നാല്‍, അർധരാത്രിയോടെ ഇയാൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. അതിക്രമിച്ചു കടക്കൽ, ഭീഷണി, കൈയ്യേറ്റം ചെയ്യൽ, മോഷണം എന്നീ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്. വിജയ് പി നായരുടെ മൊബൈൽ ഫോണും ലാപ്പ്ടോപ്പും സംഘം കൊണ്ടു പോയി പൊലീസിനെ ഏല്‍പിച്ചിരുന്നു. ഐപിസി 462, 294 ബി, 323, 506, 392, 34 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
യൂട്യൂബ് ചാനലിലൂടെ ലൈംഗിക അധിക്ഷേപ പരാമർശങ്ങൾ നടത്തിയ കേസിൽ വിജയ് പി.നായർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഭാഗ്യലക്ഷ്മി നൽകിയ പരാതിയിൽ സെക്ഷൻ 354 പ്രകാരമാണ് കേസെടുത്തതെന്ന് തമ്പാനൂർ പൊലീസ് അറിയിച്ചു.