Thu. Dec 19th, 2024

തിരുവനന്തപുരം:

യൂട്യൂബിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. സ്ത്രീത്വത്തെ അപമാനിക്കുമ്പോൾ ഇത്തരത്തിൽ പ്രതികരിക്കേണ്ടി വരുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ  വ്യക്തമാക്കി. ഇത് സ്വാഭാവിക പ്രതികരണമാണെന്നും അവര്‍ പറയുന്നു. സൈബർ നിയമത്തിൽ പരിമിതികളുണ്ടെന്നും, ഇത്  മറികടക്കാൻ ഭേഗഗതി വരുത്തണമെന്നും  എം സി ജോസഫൈൻ ആവശ്യപ്പെട്ടു.

അതേസമയം, ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് സിനിമ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും രംഗത്തെത്തി. സംഭവം നിഷ്ക്രിയമായ നിയമവ്യവസ്ഥയുടെ കരണത്തേറ്റ അടിയാണെന്ന് പറഞ്ഞ ഫെഫ്ക ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാവകുപ്പില്‍ കേസെടുത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചു. വിഷയം അധികാരകേന്ദ്രങ്ങളുടെ ശ്രദ്ധയില്‍ക്കൊണ്ടുവരുമെന്നും ഫെഫ്ക ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഭാഗ്യലക്ഷ്മി നിരന്തരം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും, പ്രതിരൂപവുമാണെന്നും അങ്ങേയറ്റം സുതാര്യമായ ചലച്ചിത്ര ജീവിതത്തിന്റേയും, ഉറച്ച നിലപാടുകളുടേയും ഉടമായണെന്നും ഫെഫ്ക ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

By Binsha Das

Digital Journalist at Woke Malayalam