തിരുവനന്തപുരം:
കോണ്‍ഗ്രസ് എംപി ബെന്നി ബെഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ചു. ദേശീയ നേതൃത്വത്തെ വിവരം അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തൻ്റെ സ്ഥാനം കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിൽ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. അത് കൂടുതൽ വഷളാക്കാൻ ആഗ്രഹിക്കുന്നില്ല. ഇന്ന് തന്നെ ദേശീയ നേതൃത്വത്തിന് കത്ത് നൽകുമെന്നും ബെന്നി ബെഹനാന്‍ പ്രതികരിച്ചു.
യുഡിഎഫ് കൺവീനർ സ്ഥാനവുമായി ബന്ധപ്പെട്ട് മാധ്യമ വാർത്തകൾ വേദനിപ്പിച്ചു. ഒരു ദേശീയ പാക്കേജിൻ്റെ അടിസ്ഥാനത്തിലാണ് താൻ കൺവീനറായത്. അത് ഒഴിവാക്കുകയാണ്. അടിസ്ഥാന രഹിതമായ വാർത്തകളുടെ പുകമറയിൽ തുടരാൻ താല്പര്യമില്ല. സ്ഥാനമൊഴിയണമെന്ന് ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. എംഎം ഹസനെ കൺവീനറാക്കണമെന്ന നിർദ്ദേശം കെപിസിസി ഹൈക്കമാൻഡിന് നൽകിയിരുന്നു. തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉമ്മൻ ചാണ്ടിയുമായി ഭിന്നതയുണ്ടെന്നത് തെറ്റായ പ്രചാരണമാണെന്നും ബെന്നി ബെഹനാൻ കൂട്ടിച്ചേർത്തു. പാര്‍ട്ടിക്ക് വേണ്ടി ഇനി മുന്നോട്ടും ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.