Fri. Nov 22nd, 2024
മുംബൈ:

താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യവസായി അനിൽ അംബാനി. ചൈനീസ് ബാങ്കുകളില്‍ നിന്ന് 700 മില്യൺ ഡോളര്‍ വായ്പ എടുത്തതിന്റെ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് യു.കെയിലെ കോടതിയിൽ നടക്കുന്ന വിചാരണയിലാണ് തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് അനിൽ അംബാനി വാചാലനായത്. തനിക്കിപ്പോൾ ആകെ ഒരു കാർ മാത്രമേയുള്ളുവെന്നും വക്കീൽ ഫീസ് നൽകിയത് ആഭരണങ്ങൾ വിറ്റാണെന്നും അനിൽ അംബാനി കോടതിയിൽ പറഞ്ഞു.

തനിക്ക് ലളിത ജീവിതശൈലിയാണുള്ളതെന്നും ഇതിനുള്ള പണം പോലും ഭാര്യയും കുടുംബവുമാണ് നല്‍കുന്നതെന്നും മറ്റ് വരുമാന മാര്‍ഗങ്ങളൊന്നും തനിക്കില്ലെന്നും അനില്‍ അംബാനി കോടതിയില്‍ പറഞ്ഞു. ആഡംബര കാറുകളുടെ ശേഖരത്തെക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ റോള്‍സ് റോയ്‌സ് ഇതുവരെയും സ്വന്തമാക്കിയിട്ടില്ലെന്നും ഇപ്പോള്‍ തനിക്ക് ആകെ ഒരു കാര്‍ മാത്രമാണ് ഉള്ളതെന്നുമായിരുന്നു അംബാനിയുടെ മറുപടി. 2020-ല്‍ ആഭരണങ്ങള്‍ വിറ്റ് 9.9 കോടി രൂപ സമ്പാദിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ പണത്തില്‍ ബാക്കിയൊന്നും അവശേഷിക്കുന്നില്ലെന്നും അനില്‍ അംബാനി കോടതിയില്‍ വ്യക്തമാക്കി.

സ്വന്തം അമ്മയോടും മകനോടും പോലും താൻ കടക്കാരനായിരിക്കുകയാണെന്ന് അനിൽ അംബാനി പറയുന്നു. അമ്മയ്ക്ക് 500 കോടിയും മകന്‍ അന്‍മോലിന് 310 കോടിയും നല്‍കാനുണ്ടെന്നും അനിൽ പറഞ്ഞു. ലണ്ടന്‍, കാലിഫോര്‍ണിയ, ബെയ്ജിങ് എന്നിവിടങ്ങളില്‍ നിന്ന് നടത്തിയ ഷോപ്പിങ്ങ് ബില്ലുകളെക്കുറിച്ചുള്ള ചോദ്യത്തിന് ഇത് അമ്മയുടെ ഷോപ്പിങ്ങുകള്‍ ആയിരുന്നുവെന്നായിരുന്നു അംബാനിയുടെ മറുപടി.

അനില്‍ അംബാനി 5,281 കോടി രൂപ തിരിച്ചടയ്ക്കണമെന്നും കോടതി ചെലവിലേക്കായി ചൈനീസ് ബാങ്കുകള്‍ക്ക് ഏഴ് കോടി രൂപ നല്‍കണമെന്നും യു.കെ.  കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, അനിൽ ഇത് അടച്ചില്ല. ഇതേതുടര്‍ന്ന് അംബാനിയുടെ ആസ്തികള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചൈനീസ് ബാങ്കുകള്‍ വീണ്ടും കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതിയില്‍ ഹാജരായപ്പോഴാണ് തന്റെ സാമ്പത്തിക പ്രയാസങ്ങളെപ്പറ്റി ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ അനുജൻ കോടതിയില്‍ മൊഴി നല്‍കിയത്.

By Arya MR