Mon. Dec 23rd, 2024

ഗായകരിലെ സകലകലാ വല്ലഭനായിരുന്നു എസ്പി ബാലസുബ്രഹ്മണ്യം എന്നറിയപ്പെട്ടിരുന്ന ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം. പ്രിയപ്പെട്ടവർക്ക് അദ്ദേഹം ബാലുവാണ്. ശാസ്​ത്രീയ സംഗീതത്തി​​െൻറ കൊടുമുടിയിലും ലളിത സംഗീതത്തി​​െൻറ താഴ്​വരയിലും ഒരേസമയം എത്തിച്ചേരാൻ കഴിഞ്ഞിരുന്ന ഈ അതുല്യ ഗായകൻ സംഗീതം പഠിച്ചിട്ടില്ലാ എന്നത് ആരെയും അതിശയിപ്പിക്കുന്ന ഒന്നാണ്.

1946 ജൂൺ 4ന് ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്താണ് എസ്പിബിയുടെ ജനനം. ഹരികഥാ പ്രസംഗക്കാരനായിരുന്ന സാമ്പമൂര്‍ത്തിയുടെ മകനായ ബാലുവിന് സംഗീതം പഠിക്കാൻ ഏറെ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. എങ്കിലും പാട്ടിനെ ഒരുപാട് സ്നേഹിച്ചിരുന്ന എസ്പിബി നാട്ടില്‍ പല ഗാനമേളകളില്‍ പങ്കെടുക്കുമായിരുന്നു.

അങ്ങനെ ഒരു ഗാനമേള കഴിഞ്ഞിറങ്ങുമ്പോളാണ് സംഗീത സംവിധായകന്‍ എസ്.പി. കോദണ്ഡപാണി ബാലുവിനെ അഭിനന്ദിക്കുകയും ‘നല്ല ശബ്ദമാണ്… നീ സിനിമയില്‍ പാടണം” എന്ന് പറഞ്ഞതും. സിനിമയില്‍ ഒരു പാട്ടുപാടുക ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന എസ്പിബി പിന്നീട് നിരന്തരം കോദണ്ഡപാണിയുടെ സന്ദർശകനായി. അങ്ങനെ 1966 ല്‍ കോദണ്ഡപാണി തന്നെ ‘ശ്രീ ശ്രീ മരയത രാമണ്ണ’ എന്ന തെലുങ്കുചിത്രത്തില്‍ ഒരു പാട്ടുപാടിച്ചു.

പിന്നീട് ആന്ധ്രയില്‍ നിന്ന് ചെന്നൈയില്‍ എന്‍ജിനിയറിങ് പഠിക്കാന്‍ വന്ന അദ്ദേഹം ടി.നഗറിലെ കോളേജില്‍ നടന്ന സംഗീതമത്സരം കഴിഞ്ഞിറങ്ങുമ്പോഴാണ് പഴയ ഒരു സുഹൃത്ത് ഭരണിയെ കാണുന്നത്. സുഹൃത്തായ ഭരണി അദ്ദേഹത്തിനെ നേരെ സംവിധായകന്‍ ശ്രീധറെ പരിചയപ്പെടുത്തി നൽകി. സംവിധായകന് എസ്പിബിയെ നന്നേ ബോധിച്ചു. അടുത്തദിവസം തന്റെ ‘ചിത്രാലയ’യുടെ ഓഫീസില്‍ വന്ന് സംഗീതസംവിധായകന്‍ എം.എസ്.വിശ്വനാഥനെ കാണാനും ശ്രീധർ പറഞ്ഞു.

പക്ഷെ ആദ്യമായി ഒരു സംഗീത സ്റ്റുഡിയോ കാണുന്ന എസ്പിബി അല്പം പരിഭ്രമപ്പെട്ടു. മുന്നില്‍ സംഗീത സാമ്രാട്ടായ എം.എസ്.വിശ്വനാഥന്‍, ചുറ്റും വാദ്യോപകരണങ്ങളും. തമിഴ് ഭാഷയിൽ അന്ന് വലിയ ധാരണയില്ലാത്ത എസ്പിബിയോട് ഒരു തമിഴ്പാട്ട് പാടാമോ എന്നാണ് എം.എസ്.വിശ്വനാഥന്‍ ചോദിച്ചത്.

ആ ശബ്ദം എം.എസ്സിന് ഇഷ്ടമായെങ്കിലും തമിഴ് ഉച്ചാരണം ശരിയായിട്ടില്ലെന്ന് തോന്നിയതിനാൽ തമിഴ് നന്നായി പഠിച്ചിട്ട്, തന്നെ വന്ന് കാണാൻ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ തമിഴ് ഉച്ചാരണം ശെരിയാകുമെന്ന വിശ്വാസം എസ്പിബിക്ക് ഉണ്ടായിരുന്നില്ല. അദ്ദേഹം തുടർന്നും ഗാനമേളകളിലും തെലുങ്കുചിത്രങ്ങളിലും സജീവമായി പാടാൻ തുടങ്ങി. ഒരു വര്‍ഷത്തിനുശേഷം തെലുങ്കുചിത്രത്തില്‍ പാടാനായി സ്റ്റുഡിയോയിലെത്തിയ എസ്പിബി യാദൃച്ഛികമായി എം.എസ്. വിശ്വനാഥനെ വീണ്ടും കണ്ടു. തന്നെ എംഎസ് മറന്നുകാണുമെന്നാണ് അദ്ദേഹം കരുതിയത്, എന്നാൽ ഒറ്റനോട്ടത്തിൽ തന്നെ എംഎസ് ബാലുവിനെ തിരിച്ചറിഞ്ഞു. അപ്പോഴേക്കും നന്നായി തമിഴ് വഴങ്ങുമായിരുന്ന എസ്പിബിയെ അദ്ദേഹം തന്റെ സ്റ്റുഡിയോയിലേക്ക് ക്ഷണിച്ചു.

ഇരുവരും ചേർന്നൊരുക്കിയ ആദ്യ ഗാനം പക്ഷേ പുറത്തുവന്നില്ല. അതിനുശേഷം ‘ശാന്തിനിലയം’ എന്ന ചിത്രത്തില്‍ ‘ഇയര്‍കൈ എന്നും ഇളയകന്നി…..’ എന്ന ഒരു ഗാനം എം.എസ്. എസ്പിബിക്ക് പാടാൻ കൊടുത്തു. പി.സുശീലയ്‌ക്കൊപ്പമാണ് അദ്ദേഹം ആ യുഗ്മഗാനം ആലപിച്ചത്. ആ ചിത്രവും പാട്ടും ശ്രദ്ധേയമായില്ലെങ്കിലും എസ്പിബിയുടെ ശബ്ദം ഒരുപാട് ശ്രദ്ധ നേടി. ശ്രദ്ധ നേടിയെന്ന് വെറുതെ പറഞ്ഞാൽ പോര അന്ന് തമിഴ് സിനിമയിലെ  മുടിചൂടാമന്നനായിരുന്ന  എം.ജി.ആർ അദ്ദേഹത്തിന്റെ ‘അടിമപ്പെണ്ണ്’ എന്ന സിനിമയിലേക്ക് പാടാൻ എസ്പിബിയെ ക്ഷണിച്ചു.

പക്ഷെ ദുർഭാഗ്യമെന്ന് പറയാം റെക്കോഡുചെയ്യേണ്ട സമയമായപ്പോഴേക്കും എസ്പിബിക്ക്  പനി പിടിച്ചു. സുഖപ്പെട്ടുവരാന്‍ ഒരു മാസത്തില്‍ ഏറെ സമയമെടുത്തു. അപ്പോഴേക്കും എംജിആറിന്റെ ചിത്രത്തിന്റെ റെക്കോഡിങ് കഴിഞ്ഞുകാണുമെന്ന് കരുതി വിഷമിച്ച എസ്പിബിക്ക് തെറ്റി. എന്നാൽ ആ റെക്കോഡിങ് നടന്നിരുന്നില്ല. എസ്പിബിയുടെ പനി മാറാന്‍ എംജിആര്‍ വരെ കാത്തിരുന്നിരുന്നുവെന്ന് സാരം.

‘ആയിരം നിലവേ…..’ എന്ന അദ്ദേഹം പാടിയ ഗാനം ഏറെ ശ്രദ്ധേയമാകുകയും ചെയ്തു. നാലു പതിറ്റാണ്ടായി വിവിധ ഭാഷകളില്‍ നാല്പതിനായിരത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട് ഈ അതുല്യ പ്രതിഭ. ഒരു ദിവസം 17 പാട്ടുകള്‍ വരെ പാടി റിക്കാര്‍ഡുചെയ്ത് ചരിത്രം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

‘ശങ്കരാഭരണ’ത്തിലെ ഗാനങ്ങളിലൂടെ മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡും നേടി. തുടർന്ന് ആറ് ദേശീയ അവാർഡുകളും, ഇന്ത്യയുടെ പരമോന്നത ബഹുമതിയായ പദ്മശ്രീയും പദ്മഭൂഷണും കരസ്ഥമാക്കി. ഗാനഗന്ധർവൻ യേശുദാസിനുശേഷം ദേശീയ അവാർഡുകൾ ഏറ്റവുമധികം തവണ ലഭിച്ചിരിക്കുന്നത് എസ്പിബിക്കാണ്. ഗായകൻ,  നടൻ, സംഗീത സംവിധായകൻ, നിർമ്മാതാവ്, ഡബ്ബിങ് ആർട്ടിസ്റ് തുടങ്ങി മേഖലകളിളെല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ആളാണ് എസ്പിബി.

മലയാള സിനിമയ്ക്കും പകരം വെയ്ക്കാനാകാത്ത ഒരുപാട് ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. കടല്‍പ്പാലം എന്ന ചിത്രത്തിലെ ‘ഈ കടലും മറുകടലും…’, ‘താരാപഥം ചേതോഹരം’ എന്ന ഗാനം അദ്ദേഹത്തിന്റെ ആദ്യ മലയാള ഗാനം. റാംജിറാവു സ്പീക്കിങ്ങിലെ ‘കളിക്കളം….’ ഇതെല്ലം എസ്പിബിയുടെ സംഭാവനകളാണ്.

തൊഴിലിനുവേണ്ടി സ്വകാര്യ ജീവിത സന്തോഷങ്ങളെ മാറ്റി നിറുത്താൻ ഒരിക്കലും തയ്യാറായിരുന്നില്ല എസ്പിബി. ഐസ്‌ക്രിം, ഐസ്വാട്ടര്‍, മധുരപലഹാരങ്ങള്‍ ഇതെല്ലം അദ്ദേഹം കഴിക്കും. “തൊഴിൽ ദൈവമാണ് പക്ഷെ  ജീവിതം എനിക്കു പ്രധാനമാണ്” ഇതായിരുന്നു തന്നെ ഉപദേശിക്കുന്നവരോട് എസ്പിബിക്ക് പറയാനുണ്ടായിരുന്നത്.

ശബ്ദലാവണ്യം കൊണ്ട് വിസ്മയം തീർത്ത അതുല്യ ഗായകൻ ഇനിയില്ല എന്ന ബോധ്യം ആരാധകർക്ക് ഹൃദയഭേദകമാണ്. തെന്നിന്ത്യൻ സംഗീതലോകത്തിന് അനശ്വര സംഗീതങ്ങൾ സമ്മാനിച്ച എസ്പിബി എന്നെന്നും ഓർമ്മിക്കപ്പെടുമെന്നതിൽ സംശയമില്ല. എസ്പിബിക്ക് ആദരാഞ്ജലികൾ .

 

By Arya MR