മുംബൈ:
ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. നടി പായൽ ഘോഷിന്റെ പരാതിയിലാണ് വെർസോവ പോലീസ് കേസെടുത്തത്. 361 (ബലാത്സംഗം), 354 (സ്ത്രീകളുടെ അന്തസ്സിനെ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ത്രീയെ ആക്രമിക്കുക), 341(ബലപ്രയോഗത്തിലൂടെ തടഞ്ഞു വയ്ക്കുക), 342 (തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വെക്കുക) തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് എബിഎൻ തെലുഗുവിന് നൽകിയ അഭിമുഖത്തിലാണ് പായൽ അനുരാഗിനെതിര ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്. തന്നെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഇത് സാരമുള്ള കാര്യമല്ലെന്നും തന്നോടൊപ്പം ജോലി ചെയ്ത ഹുമ ഖുറേഷി, മാഹി ഗിൽ എന്നീ താരങ്ങൾ ഒരു വിളിപ്പുറത്താണുള്ളതെന്നും അനുരാഗ് പറഞ്ഞതായി പായൽ ആരോപിച്ചു. ഇതേ ആരോപണം, ട്വിറ്ററിലും ഉന്നയിച്ച പായൽ ഘോഷ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് സഹായവും അഭ്യർത്ഥിച്ചിരുന്നു.
എന്നാൽ, പായൽ ഘോഷിനെതിരെ സിനിമ രംഗത്തെ ഒട്ടനവധി പേരാണ് പിന്നീട് രംഗത്തുവന്നത്. അനുരാഗ് കശ്യപ് അത്തരത്തിൽ സ്ത്രീകളെ അപമാനിക്കുന്ന ഒരാളല്ലെന്നും ഇത് അനുരാഗിനെ മനപ്പൂർവം കേസിൽ കുടുക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്നും നടി തപ്‌സി പന്നുവും, നടിയും അനുരാഗിന്റെ മുൻ ഭാര്യയുമായ കൽക്കി കോച്ച്ലിനും പറഞ്ഞു. അതേസമയം, സംവിധായകൻ അനുരാഗ് കശ്യപിനെതിരേയുള്ള ലൈംഗികാരോപണത്തിൽ തന്റെ പേര് വലിച്ചിഴച്ചതിനെതിരേ നടി ഹുമ ഖുറേഷിയും മഹി ഗില്ലും രംഗത്തുവന്നു.
എന്റെ വ്യക്തിപരമായ അനുഭവം വച്ച് എന്റെ അടുത്തോ മറ്റാരുടെയെങ്കിലും അടുത്തോ അദ്ദേഹം അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് ഹിമ ഖുറേഷി വ്യതമാക്കി. അതേസമയം, നിരന്തര മോദി വിമർശകനായ തന്നെ കുടുക്കാനുള്ള പദ്ധതിയാണിതെന്ന് അനുരാഗ് കശ്യപും പ്രതികരിച്ചു.