ഡൽഹി:
കർഷക ബില്ലിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്ത നടപടിയെ വിമർശിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ജനാധിപത്യ ഇന്ത്യയെ നിശബ്ദമാക്കുന്നത് തുടരുകയാണെന്ന് രാഹുൽ ആരോപിച്ചു. നിശബ്ദമാക്കുന്നതിലൂടെയും എംപിമാരെ സസ്പെൻഡ് ചെയ്യുന്നതിലൂടെയും കാർഷിക കരിനിയമം സംബന്ധിച്ച കർഷകരുടെ ആശങ്കകൾക്കു നേരെ കണ്ണടയ്ക്കുകയാണ്. ഈ സര്‍ക്കാറിന്റെ ധാർഷ്ട്യം രാജ്യമെമ്പാടും സാമ്പത്തിക ദുരന്തം വരുത്തിയെന്നും രാഹുൽ ആരോപിച്ചു.
കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് റൂള്‍ബുക്ക് വലിച്ചുകീറുകയും രാജ്യസഭാ ഉപാധ്യക്ഷനെ ഉപരോധിക്കുകയും ചെയ്ത സംഭവത്തില്‍ മലയാളികളായ എളമരം കരീം, കെ കെ രാഗേഷ് ഉൾപ്പെടെ എട്ടു എംപിമാരെയാണ് രാജ്യസഭ ചെയര്മാന് സസ്പെന്‍ഡ് ചെയ്തത്. തൃണമൂൽ എംപി ഡെറിക് ഒബ്രിയൻ, സഞ്ജയ് സിംഗ്, രാജു സതവ, രിപുൻ ബോറ, ദോള സെൻ, സെയ്ദ് നസിർ ഹസൈൻ എന്നിവരാണ് സസ്പെൻഷൻ നേരിട്ട മറ്റുള്ളവർ.
പാർലമെന്റിന്റെ 256 ാം ചട്ട പ്രകാരം പാർലമെന്ററികാര്യ സഹമന്ത്രി വി. മരളീധരനാണ് ഇവർക്കെതിരായ പ്രമേയം അവതരിപ്പിച്ചത്. പ്രമേയം ശബ്ദവോട്ടോടെ സഭ പാസാക്കി. ഇതിനു പിന്നാലെ എട്ട് അംഗങ്ങളെ എട്ട് ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുന്നതായി രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു പ്രഖ്യാപിച്ചു.