Fri. Nov 22nd, 2024
തിരുവനന്തപുരം:

കേരളസർവകലാശാല നിയമനത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി. കേസ് നിലനിൽക്കില്ലെന്ന് നിയമോപദേശം കിട്ടിയതായും അതിനാൽ എഴുതിത്തള്ളുന്നുവെന്നും കാണിച്ച് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. സർവകലാശാല മുൻ വൈസ് ചാൻസലറും റജിസ്ട്രാറും അ‌ഞ്ച് സിൻഡിക്കറ്റ് അംഗങ്ങളും അടക്കം പ്രതികളായ കേസാണ് എഴുതിത്തള്ളിയത്. സിപിഎം ബന്ധമുള്ള ആളുകൾക്ക് പരീക്ഷ പോലും എഴുതാതെ നിയമനം നൽകിയെന്ന കേസ് വലിയ വിവാദമായിരുന്നു.

അസിസ്റ്റന്‍റ് നിയമനത്തിൽ തട്ടിപ്പ് നടന്നുവെന്നാണ് ക്രൈംബ്രാഞ്ച് ആദ്യം നൽകിയ കുറ്റപത്രം. എന്നാൽ, നിയമനം നേടിയവർക്ക് എതിരെയും അന്വേഷണം വേണമെന്ന് കാട്ടി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെമാൽ പാഷ ഉത്തരവിട്ടിരുന്നു, ആദ്യം തയാറാക്കിയ കുറ്റപത്രം റദ്ദാക്കുകയും ചെയ്തിരുന്നു. നിയമനം ലഭിച്ചവരെ ചോദ്യം ചെയ്യാനോ, അവരുടെ മൊഴി രേഖപ്പെടുത്താനോ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചിട്ടില്ല.

ഇതനുസരിച്ച് തുടരന്വേഷണം നടത്തിയപ്പോഴാണ് കേസ് നിലനിൽക്കില്ലെന്നും വേണ്ടത്ര തെളിവില്ലെന്നും ക്രൈംബ്രാഞ്ചിപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്. മുൻ വൈസ് ചാൻസലർ ഡോ. എം കെ രാമചന്ദ്രൻ നായർ, പ്രോവിസി ഡോ. വി ജയപ്രകാശ്, സിൻഡിക്കേറ്റംഗങ്ങളും തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളുമായിരുന്ന എഎ റഷീദ്, ബിഎസ് രാജീവ്, എംപി റസ്സലും സിപിഎം നേതാക്കളാണ്.

 

By Arya MR