Mon. Dec 23rd, 2024

 

ഫിലിപ്പൈൻസിന്റെ തലസ്ഥാനമായ മനിലയിലെ ക്വിയാപോ ജില്ലയിലെ വിശാലമായ ഒരു മാർക്കറ്റിന്റെ പ്രവേശന കവാടത്തിൽ 30 ഡിഗ്രി ചൂടിൽ ഞാൻ വിയർത്ത് നിൽക്കുകയാണ്. ഒരു കടലാസ്സിൽ ഞാൻ തിരയുന്ന വ്യക്തിയുടെ പേര് എഴുതിവെച്ചിട്ടുണ്ട്: ഒനെൽ ഡി ഗസ്മാൻ എന്ന ഫിലിപ്പിനോക്കാരൻ. ഒരുപക്ഷേ… കുറച്ച് വർഷങ്ങൾക്ക് മുമ്പ്, എന്റെ മുൻപിൽ വ്യാപിച്ചുകിടക്കുന്ന സ്റ്റാളുകളിൽ അദ്ദേഹം ജോലി ചെയ്തിരുന്നുവെന്ന് ഞാൻ കേട്ടിട്ടുണ്ട്.

ഞാൻ കടലാസ് കഷണം ആളുകൾക്ക് കാണിച്ചുകൊണ്ടിരുന്നു. ഇത് അസാധ്യമായ ഒരു ജോലിയാണെന്ന് തോന്നുന്നു. ഡി ഗസ്മാൻ ഇപ്പോൾ എങ്ങനെയിരിക്കുമെന്ന് എനിക്കറിയില്ല, കാരണം എന്റെ പക്കലുള്ള ഒരേയൊരു ഫോട്ടോയ്ക്ക് ഏകദേശം 20 വയസ്സ് പ്രായമുണ്ട്. ഒരു പത്രസമ്മേളനത്തിൽ വെച്ച് എടുത്ത അവ്യക്തമായ ഫോട്ടോയിൽ ഡി ഗസ്മാൻ സൺഗ്ലാസ് ധരിച്ച് മുഖം ഒരു തൂവാല കൊണ്ട് മൂടുന്നതായിട്ടാണുള്ളത്.

ആ വൈറസ് മനുഷ്യൻ? അയാളെ എനിക്കറിയാം

ആ യുവ വിദ്യാർത്ഥിക്ക് ഒളിക്കാൻ നല്ല കാരണമുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള ഏകദേശം 45 ദശലക്ഷം കമ്പ്യൂട്ടറുകളെ ബാധിക്കുകയും കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന നാശനഷ്ടമുണ്ടാക്കുകയും ചെയ്ത വൈറസ്, ലവ് ബഗ്, അഴിച്ചുവിട്ടതായി അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ടിരുന്നു.

വൈറസ് തകർപ്പൻ ആയിരുന്നു. അതിന്റെ സാങ്കേതിക സങ്കീർണ്ണത മൂലമോ അല്ലെങ്കിൽ അത് ഉണ്ടാക്കിയ തടസ്സം മൂലമോ അല്ല, മറിച്ച് കോഡിനേക്കാൾ വളരെ ശക്തമായ ഒന്ന് എങ്ങനെ ഉപയോഗിക്കാമെന്ന് ഇത് കാണിച്ചതിനാലാണ്.

ഇത് കമ്പ്യൂട്ടറുകളുടെ ബലഹീനതയിലല്ല, മറിച്ച് അവ ഉപയോഗിക്കുന്ന മനുഷ്യരിലാണ് ഉപയോഗിച്ചത്, അന്നുവരെയുള്ള എണ്ണമറ്റ സൈബർ കുറ്റകൃത്യങ്ങളിൽ ഉപയോഗിച്ച ഒരു തന്ത്രം. എന്നാൽ ഡി ഗസ്മാൻ ഒരിക്കലും ഒന്നും സമ്മതിച്ചിരുന്നില്ല. ഒന്നും വ്യക്തമായി പറയാതെ പത്രസമ്മേളനങ്ങൾ നടത്തുകയും, മാധ്യമങ്ങൾക്ക് കൂടുതലൊന്നും വെളിപ്പെടുത്താതെ അഭിമുഖം നൽകുകയും, അങ്ങനെ വിചാരണ നേരിടാതെ രക്ഷപ്പെടുകയും ചെയ്തു. പിന്നീട് രണ്ടുപതിറ്റാണ്ടോളം ഒളിവിൽ പോവുകയും ചെയ്തു. സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാതെ, ഓൺലൈൻ പ്രൊഫൈലുകളില്ലാതെ ജീവിച്ചു.

അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ കണ്ടെത്താൻ ഞാൻ ഒരു വർഷമെടുത്തു. അദ്ദേഹം ജർമ്മനിയിലായിരുന്നു, ഓസ്ട്രിയയിലെ ഐക്യരാഷ്ട്രസഭയിൽ ജോലി ചെയ്തു, അമേരിക്കയിലേക്ക് മാറി, അല്ലെങ്കിൽ മൈക്രോസോഫ്റ്റ് അദ്ദേഹത്തെ നിയമിച്ചു എന്നിങ്ങനെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഞാൻ ഇപ്പോൾ മനിലയിലെ ഒരു മാർക്കറ്റിലാണ്. അദ്ദേഹത്തിന്റെ പേരുകാണുന്ന ആരെങ്കിലും അത് തിരിച്ചറിയുമെന്നു പ്രതീക്ഷിച്ച്.

അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞാൽ, ഒരുപക്ഷേ ഞാൻ അദ്ദേഹത്തോട് വൈറസ്സിനെക്കുറിച്ചും, അതിന്റെ ആഘാതത്തെക്കുറിച്ച് മനസ്സിലാക്കിയിരുന്നോ എന്നും ചോദിച്ചേക്കാം. അല്ലെങ്കിൽ കഴിഞ്ഞ 20 വർഷത്തിനുശേഷം, അദ്ദേഹം തന്നെ ആയിരുന്നോ ഇതിന്റെ പിന്നിൽ എന്നു ചോദിക്കാൻ എനിക്ക് അവസരം കിട്ടിയേക്കും. പക്ഷേ അദ്ദേഹത്തിന്റെ പേരുകാണിച്ചപ്പോൾ ശൂന്യമായ നോട്ടങ്ങളും, സംശയാസ്പദമായ ചോദ്യങ്ങളുമായിരുന്നു. അപ്പോൾ മാർക്കറ്റ് സ്റ്റാളുകളിലുണ്ടായിരുന്ന ഒരാൾ എന്നെ നോക്കി പുഞ്ചിരിച്ചു.

“ആ വൈറസ് മനുഷ്യൻ? അയാളെ എനിക്കറിയാം.”

2020 മെയ് 4നാണ് ലവ് ബഗ് വൈറസ് അഴിച്ചുവിടപ്പെടുന്നത്. അത് വളരെ ലളിതമായിരുന്നു. എന്നാൽ, വളരെ വിനാശകരവും, എളുപ്പത്തിൽ പകർന്നുപിടിക്കുന്ന തരത്തിലുള്ളതുമായിരുന്നു. വൈറസ് ബാധിച്ചുകഴിഞ്ഞാൽ, ഉപയോക്താവിന്റെ ഫയലുകളിൽ പലതും വൈറസിന്റെ പകർപ്പുകൾ ഉപയോഗിച്ച് പുനരാലേഖനം ചെയ്യപ്പെടും. അതിനാൽ വൈറസ്സിന് ഇരയായ കമ്പ്യൂട്ടറിലെ ഫയലുകൾ തുറക്കാൻ ശ്രമിക്കുമ്പോഴെല്ലാം ആ കമ്പ്യൂട്ടർ ഈ വൈറസ്സിനെ വീണ്ടും ശക്തിപ്പെടുത്തും. ആളുകളുടെ പാസ്‌വേഡുകൾ മോഷ്ടിക്കാനും വൈറസ് ശ്രമിച്ചുതുടങ്ങി. പക്ഷേ, അതിന്റെ യഥാർത്ഥകഴിവ് കാണിച്ചത് അത് വ്യാപിക്കുന്ന രീതിയിലാണ്. വൈറസ് ബാധിച്ച് കഴിഞ്ഞ കമ്പ്യൂട്ടറിലെ മൈക്രോസോഫ്റ്റ് അക്കൌണ്ടിലെ കോണ്ടാക്റ്റുകളിലേക്കെല്ലാം മെയിൽ പോയിത്തുടങ്ങി. ഈ മെയിലിന്റെ കൂടെ ഞാൻ അറ്റാച്ചു ചെയ്തിട്ടുള്ള പ്രേമലേഖനം നോക്കുക എന്ന സന്ദേശവും അതിലടങ്ങിയിരുന്നു. നിങ്ങൾക്കായി ഒരു പ്രേമലേഖനം എന്ന തലക്കെട്ടിൽ വൈറസ് അടങ്ങിയിട്ടുള്ള ഒരു ടെക്സ്റ്റ് ഫയൽ ആയിരുന്നു അത്.

പ്രലോഭനപരമായ അത്തരം സന്ദേശത്തിൽ ആകർഷണം കണ്ടെത്തിയ ആളുകളെല്ലാം ഫയൽ തുറക്കുകയും അവരുടെയൊക്കെ കമ്പ്യുട്ടാറിൽ വൈറസ് ബാധയുണ്ടാവുകയും ചെയ്തു. അങ്ങനെ ലോകം മുഴുവൻ ആ വൈറസ് പടർന്നുപിടിക്കാൻ കാലതാമസമുണ്ടായില്ല. അതിന്റെ കണക്ക് പരിശോധിക്കുകയാണെങ്കിൽ വൈറസ് ബാധയുടെ വിജയത്തിന്റെ തോത് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും, അത് വളരെ ഭീതിദവുമായിരുന്നു. ആദ്യത്തെ ഇര ഒരു അമ്പത് പേർക്കും അവർ ഓരോരുത്തരും ഓരോ അമ്പതുപേർക്കും മെയിൽ അയച്ചാൽ വളരെക്കുറച്ച് സമയത്തിനുള്ളിൽത്തന്നെ അത് ലോകത്തെ എല്ലാ കമ്പ്യൂട്ടറുകളിലും എത്തും.

ഏതാനും മാസങ്ങൾക്കുമുമ്പ്, ലോകം Y2K ബഗ് ന്റെ അപകടത്തെക്കുറിച്ച് ആശങ്കാകുലരായിരുന്നു. 1900 കളിൽ നിന്ന് 2000ത്തിലേക്കുള്ള മാറ്റങ്ങളെ നേരിടുമ്പോൾ കമ്പ്യൂട്ടറുകൾ പരാജയപ്പെടുമോ എന്ന ഭയം. നാശനഷ്ട പ്രവചനങ്ങൾ വളരെയധികം അതിശയോക്തിപരമായിരുന്നുവെങ്കിലും ഭൂരിഭാഗം കമ്പ്യൂട്ടറുകളും ബാധിക്കപ്പെട്ടില്ല. ടെക് വ്യവസായം ആശ്വസിച്ചെങ്കിലും ലവ് ബഗ് വൈറസ് വിനാശത്തിന്റെ യഥാർത്ഥ തോത് കാണിച്ചു. വൈറസ് ബാധിച്ച കമ്പ്യൂട്ടറുകൾ ശരിയാക്കുന്നതിനും, വൈറസ്സിന്റെ വീണ്ടുമുണ്ടായേക്കാവുന്ന ആക്രമണം തടയുന്നതിനുമായി ചെലവഴിച്ചതിന്റെ കണക്കുകൾ പതിനായിരക്കണക്കിന് ബില്യൺ ഡോളറിലേക്ക് വ്യാപിച്ചു. പുറത്തിറങ്ങിയ വൈറസ് കോഡ് ആർക്കും ഡൌൺലോഡ് ചെയ്യാനും മാറ്റം വരുത്തി ഉപയോഗിക്കാനും കഴിയുമെന്നുള്ളതുകൊണ്ട് ഇതിനെക്കുറിച്ച് ഗവേഷണം നടത്തുന്നവർ ഇതിന്റെ ഒരുപാട് പകർപ്പുകൾ പുറത്തിറങ്ങിയതായി കണ്ടെത്തി.

വാർത്താപ്രാധാന്യം വർദ്ധിച്ചതോടെ ബഗ്ഗിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം നടത്തുന്നവർ ശ്രമിച്ചു. വൈറസ് മോഷ്ടിച്ചെടുക്കുന്ന പാസ്‌വേർഡുകൾ ഫിലിപ്പൈൻസിൽ രജിസ്റ്റർ ചെയ്ത ഒരു ഈമെയിൽ വിലാസത്തിലേക്കായിരുന്നു പോയ്‌ക്കൊണ്ടിരുന്നത്. മനിലയിലെ ഒരു അപ്പാർട്ട്മെന്റിൽ ആ വിലാസം, പോലീസ് കണ്ടെത്തുകയും ചെയ്തു.

പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം, നഗരത്തിന്റെ മധ്യഭാഗത്തുള്ള മകാറ്റി ക്യാമ്പസ്സിലെ എ എം എ കമ്പ്യൂട്ടർ കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ഒനെൽ ഡി ഗസ്മാൻ എന്ന 23 കാരനെ അവർ തിരിച്ചറിഞ്ഞു. അത് എ എം എ കോളേജ് വിദ്യാർത്ഥികളുടെ ഒരു ഹാക്കിങ് സെൽ ആണെന്നും, ഗസ്മാൻ അതിനെ നിയന്ത്രിക്കുന്നവരിൽ ഒരാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടുപിടിച്ചു.

മാധ്യമപ്രവർത്തകർ പട്ടണത്തിലേക്ക് കൂട്ടത്തോടെ എത്തിയപ്പോൾ ഡി ഗസ്മാന്റെ അഭിഭാഷകൻ തിടുക്കത്തിൽ ഒരു പത്രസമ്മേളനം സംഘടിപ്പിച്ചു, ലോകമാധ്യമങ്ങൾക്ക്, വൈറസ് ബാധയുണ്ടാക്കി എന്നു കരുതപ്പെടുന്ന മനുഷ്യനോട് ചോദ്യം ചോദിക്കാനായി. ഇരുണ്ട ഗ്ലാസ്സുള്ള കണ്ണടയും ധരിച്ച്, മുഖം തൂവാല കൊണ്ട് പൊത്തിപ്പിടിച്ച് ഗസ്മാൻ പരിഭ്രാന്തനായി പ്രത്യക്ഷപ്പെട്ടു. പോലീസ് റെയ്ഡ് ചെയ്ത ഫ്ലാറ്റിൽ താമസിച്ചിരുന്ന സഹോദരി ഐറീനും കൂടെയുണ്ടായിരുന്നു. ക്യാമറക്കണ്ണുകൾ ഗസ്മാനു നേരെ തിരിഞ്ഞു. പക്ഷേ, വ്യക്തമായ ഒരു ഉത്തരം പ്രതീക്ഷിച്ച് ഇരുന്നവരൊക്കെ നിരാശരായി. അവ്യക്തമായ മറുപടികളാണ് ലഭിച്ചത്.

ഒടുവിൽ ഒത്തുകൂടിയ മാധ്യമപ്രവർത്തകരിൽ ഒരാൾ “വൈറസ്സിനെ ഗസ്മാൻ ആകസ്മികമായി തുറന്നുവിട്ടുപോയതാണോ?” എന്ന ചോദ്യം ചോദിക്കുകയും, “അങ്ങനെ ആയിരിക്കാൻ സാധ്യതയുണ്ട്” എന്ന് ഗസ്മാൻ മറുപടി പറയുകയും ചെയ്തു. അങ്ങനെ പത്രസമ്മേളനം അവിടെ തീർന്നു. കമ്പ്യൂട്ടർ ഹാക്കിംഗിനെതിരെ ഫിലിപ്പൈൻസിന് അന്ന് നിയമമില്ലാത്തതിനാൽ ഡി ഗസ്മാന് ഒരിക്കലും വിചാരണ നേരിടേണ്ടി വന്നില്ല. താമസിയാതെ, ക്യാമറകൾ നിലച്ചു, വാർത്താ സംഘങ്ങൾ പോയി.

യഥാർത്ഥ ഉടമയെ സ്ഥിരീകരിക്കാത്തതിനാൽ, ഡി ഗസ്മാന്റെ സ്കൂൾ സുഹൃത്ത് മൈക്കൽ ബ്യൂണിനെ സംശയിച്ചു, മുൻപ് പ്രത്യക്ഷപ്പെട്ട വൈറസ്സിൽ മൈക്ക്-ബി എന്ന പേര് പ്രത്യക്ഷപ്പെട്ടിരുന്നു. ലവ് ബഗ് പൊട്ടിപ്പുറപ്പെട്ടതുമായി യാതൊരു ബന്ധവുമില്ലെന്ന് ബ്യൂൺ നിഷേധിച്ചുവെങ്കിലും അദ്ദേഹത്തിന്റെ അപേക്ഷകൾ അവഗണിക്കപ്പെട്ടു. മിക്ക ഓൺലൈൻ സ്രോതസ്സുകളും ഇപ്പോഴും വൈറസിന്റെ സ്രഷ്ടാക്കളായി ഡി ഗസ്മാനെയും ബ്യൂണിനെയും ബന്ധിപ്പിക്കുന്നു, ഇന്നുവരെ, 20 വർഷമായിട്ടും.

മനിലയിലെ ഏറ്റവും ആദരണീയമായ കത്തോലിക്കാ ആരാധനാലയങ്ങളിലൊന്നാണ് ബ്ലാക്ക് നസറീനിലെ മൈനർ ബസിലിക്ക, അതിന്റെ നിഴലിൽ ക്വിയാപോ മാർക്കറ്റ് വ്യാപിച്ചുകിടക്കുന്നു. ഹലോ കിറ്റി ബാക്ക്‌പാക്കുകൾ മുതൽ എൽഇഡി ലൈ പിടിപ്പിച്ച വർജിൻ മേരി പ്രതിമകൾ വരെ അവിടെയുണ്ട്. ഒനെൽ ഡി ഗസ്മാനെ അന്വേഷിക്കാനാണ് ഞാൻ അവിടെയെത്തിയത്.

പലർക്കും ഒരു ആൺ സുഹൃത്ത് വേണമെന്ന് ഞാൻ മനസ്സിലാക്കി, അവർക്ക് പരസ്പരം വേണം, അവർക്ക് സ്നേഹം വേണം, അതിനാൽ ഞാൻ അതിനെ അങ്ങനെ വിളിച്ചു

ക്രമേണ, അദ്ദേഹത്തെ ഓർത്തെടുത്ത സ്റ്റാൾ ഉടമ എന്നെ പട്ടണത്തിലുടനീളം യാത്ര ചെയ്യിപ്പിച്ച് മറ്റൊരു ഷോപ്പിംഗ് സെന്ററിലേക്ക് നയിച്ചു. മാർക്കറ്റ് സ്റ്റാളുകളുടെ മറ്റൊരു കൂട്ടത്തിലേക്ക് ഞാൻ ഇറങ്ങി, ഡി ഗസ്മാന്റെ പേര് എഴുതിയിരിക്കുന്ന കടലാസ് കഷ്ണം പിടിച്ച്. ശൂന്യമായ നിരവധി നോട്ടങ്ങൾക്കും സംശയാസ്പദമായ ചോദ്യങ്ങൾക്കും ശേഷം, വിരസനായി കാണപ്പെട്ട ഒരു വ്യാപാരി എന്നെ അടുത്തുള്ള ഒരു വാണിജ്യ യൂണിറ്റിന്റെ ദിശയിലേക്ക് ചൂണ്ടിക്കാണിച്ചു. അവിടം ശൂന്യമായിരുന്നു, പക്ഷേ 10 മണിക്കൂർ കാത്തിരിപ്പിന് ശേഷം ഞാൻ ഒടുവിൽ ഒനെൽ ഡി ഗസ്മാനുമായി മുഖാമുഖം വന്നു.

ഇപ്പോൾ 43 വയസ്സ് പ്രായമുള്ള അദ്ദേഹത്തിന്റെ മുഖക്കുരുവിന്റെ പാടുകൾ എല്ലാം അപ്രത്യക്ഷമായിരിക്കുന്നു, ഗസ്മാൻ വളരെയധികം മാറിയിട്ടുണ്ട്. യഥാർത്ഥ ഗസ്മാനുമായിട്ടാണോ ഞാൻ സംസാരിക്കുന്നതെന്ന് എനിക്ക് സംശയം തോന്നിത്തുടങ്ങി. അതിനാൽ, 20 വർഷം മുമ്പുള്ള, എന്റെ പക്കലുള്ള ഫോട്ടോയുമായി പിന്നീട് താരതമ്യം ചെയ്യാൻ വേണ്ടി, അയാളുടെ മുഖത്തെ കാക്കപ്പുള്ളികളുടെ സ്ഥാനം എന്റെ നോട്ട്പാഡിൽ ഒരു വിശദമായി സ്കെച്ച് ചെയ്യാൻ തുടങ്ങി. പണ്ട് നടന്ന പത്രസമ്മേളനത്തിൽ വൈറസ് തന്റെ സൃഷ്ടിയാണോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാതെ ഒഴിവാക്കിയത് തന്റെ മാത്രം ആശയമായിരുന്നില്ലെന്ന് ഗസ്മാൻ പറഞ്ഞു.

“അങ്ങനെയാണ് എന്റെ അഭിഭാഷകൻ എന്നോട് പറയാൻ പറഞ്ഞത്.” ഗസ്മാൻ പറഞ്ഞു.

ഒരു അഭിമുഖത്തിലൂടെ, തെളിവുകൾ നിരത്തിവെച്ച് ഗസ്മാനിൽ നിന്നും സത്യം പുറത്തെടുക്കാമെന്ന് ഞാൻ പ്രതീക്ഷിച്ചു. സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ താൻ ചെയ്ത തെറ്റ് ഏറ്റുപറയാൻ അദ്ദേഹം മടിച്ചില്ല. “അത് ഒരു വൈറസ്സായിരുന്നില്ല, ഒരു ട്രോജൻ ആയിരുന്നു. അത് അമേരിക്കയിലേക്കും യൂറോപ്പിലേക്കും എത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എനിക്ക് ആശ്ചര്യം തോന്നി.”

അദ്ദേഹം പിന്നീട് പറഞ്ഞ കഥ തികച്ചും നേരുള്ളതായിരുന്നു. ഗസ്മാൻ പാവപ്പെട്ടവനായിരുന്നു, ഇന്റർനെറ്റ് ലഭ്യത ചെലവേറിയതുമായിരുന്നു. ഓൺലൈനിൽ പ്രവേശിക്കുന്നത് മനുഷ്യാവകാശത്തിനു തുല്യമാണ് എന്നാണ് ഗസ്മാൻ കരുതിയിരുന്നത്. ഇന്റർനെറ്റിൽ പ്രവേശിക്കാൻ ഒരു പാസ്‌വേഡ് ആവശ്യമാണ്. അതിന് പണം ചെലവഴിച്ചവരുടെ പാസ്‌വേഡുകൾ മോഷ്ടിക്കുകയാണ് അതിന്റെ പ്രതിവിധിയെന്ന് ഗസ്മാന് തോന്നി. അത് മോഷ്ടിക്കുന്നതായിട്ട് ഗസ്മാൻ കണക്കാക്കിയിരുന്നില്ല. ഒരാളുടെ പാസ്‌വേഡ് അറിയാതെ പങ്കുവെച്ചതുകൊണ്ട് അയാൾക്ക് ഇന്റർനെറ്റിൽ പ്രവേശനം ഇല്ലാതാവുന്നില്ല. പക്ഷേ, ഇന്റർനെറ്റ് ദാതാവിന് രണ്ടുപേർക്ക് സേവനം നൽകേണ്ടിവരുമെന്ന വസ്തുത ഗസ്മാൻ അവഗണിച്ചു.

പാസ്‌വേഡ് മോഷ്ടിക്കുന്ന ഒരു പ്രോഗ്രാം എന്ന പരിഹാരമാണ് ഗസ്മാൻ കണ്ടെത്തിയത്. മറുവശത്ത്, ഒരുപക്ഷേ അയാളുടെ കുറ്റബോധം വ്യക്തമായിരിക്കണം, കാരണം ഇത് ഒരു തീസിസ് പ്രൊപ്പോസലിൽ അദ്ദേഹം സമർപ്പിച്ച് കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ കോളേജ് നിരസിച്ച പദ്ധതിയാണ്. അക്കാലത്ത് അത്തരം സോഫ്റ്റ് വെയർ രൂപകൽപന ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് അദ്ദേഹം പറയുന്നു. “വിൻഡോസ് 95 ൽ ഒരു ബഗ് ഉണ്ടായിരുന്നു, ആരെങ്കിലും അറ്റാച്ച്മെൻറിൽ ക്ലിക്കുചെയ്യുകയാണെങ്കിൽ, [പ്രോഗ്രാം] അവരുടെ മെഷീനിലൂടെ പ്രവർത്തിക്കും.”

പക്ഷേ, അറ്റാച്ചുമെന്റിൽ ആളുകളെ എങ്ങനെ ക്ലിക്കുചെയ്യിക്കാം എന്നത് ഒരു തടസ്സമുള്ള കാര്യമായിരുന്നു. മനിലയിലെ ഇന്റർനെറ്റ് ഉപയോക്താക്കൾ ഒത്തുകൂടുന്ന ചാറ്റ് റൂമുകളിൽ കയറുകയും, സംഭാഷണം നടത്തുകയും ചെയ്യും. അതിനുശേഷം ഇരകൾക്ക് വൈറസ് ബാധിച്ച ഒരു ഫയൽ, തന്റെ ഫോട്ടോയാണെന്നു പറഞ്ഞ് അയച്ചുകൊടുക്കും. അത് ഫലിച്ചു. “കമ്പ്യൂട്ടറുകളെക്കുറിച്ച് അറിവില്ലാത്ത വ്യക്തികളുമായി മാത്രം ചാറ്റ് ചെയ്ത് ഞാൻ പരീക്ഷണങ്ങൾ നടത്തി,” ഗസ്മാൻ പറഞ്ഞു. തന്റെ ഹാക്കിംഗ് മനില നിവാസികളിൽ ഒതുക്കാൻ ഡി ഗസ്മാന് നല്ല കാരണമുണ്ടായിരുന്നു. ആ സമയത്ത് ഇന്റർനെറ്റ് പ്രവേശനം ഡയലപ്പ് (dialup)നെ മാത്രം ആശ്രയിച്ചാണുണ്ടായിരുന്നത്. മനിലയുടെ ഡയലപ്പ് പാസ്‌വേഡുകൾ ഫിലിപ്പിനോ ഫോണുകളിൽ മാത്രമേ പ്രവർത്തിക്കൂ, ഡി ഗസ്മാൻ തന്റെ വീട്ടിലെ ഫോൺ ലൈനിൽ ഉപയോഗിക്കാൻ പാസ്‌വേഡുകൾ മോഷ്ടിക്കുകയായിരുന്നു എന്നതിനാൽ, നഗരത്തിന് പുറത്തുള്ള ഇരകളെ ടാർഗറ്റ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. അത് അങ്ങനെത്തന്നെ നടപ്പാക്കിയിരുന്നെങ്കിൽ, ഗസ്മാന്റെ ജീവിതം വളരെ വ്യത്യസ്തമായിരുന്നേനെ. പക്ഷേ, മറ്റു പല ഹാക്കർമാരേയും പോലെ ഗസ്മാനും ജിജ്ഞാസു ആയിരുന്നു. തന്റെ വൈറസ് പരീക്ഷണം മുന്നോട്ട് നയിക്കാനും ഗസ്മാൻ ആഗ്രഹിച്ചു.

മനില നിവാസികൾക്ക് മാത്രമായി പരിമിതപ്പെടുത്താതെ 2000 മെയ് മാസത്തിൽ അദ്ദേഹം തന്റെ യഥാർത്ഥ കോഡിൽ മാറ്റങ്ങൾ വരുത്തി. ഹാക്കർ ചരിത്രത്തിൽ തന്റെ സ്ഥാനം ഉറപ്പാക്കുന്ന മറ്റ് രണ്ട് മാറ്റങ്ങളും അദ്ദേഹം വരുത്തി. ഒരു കമ്പ്യൂട്ടറിനെ ബാധിച്ചുകഴിഞ്ഞാൽ, ഇരയുടെ ഇമെയിൽ വിലാസ പുസ്തകത്തിലെ ഓരോ വ്യക്തിക്കും സ്വയം ഒരു പകർപ്പ് അയയ്ക്കുന്ന രീതിയിൽ ഗസ്മാൻ ആ വൈറസ്സിനെ നിർമ്മിച്ചു. അങ്ങനെ ചെയ്യുന്നതിലൂടെ നിയന്ത്രിക്കാൻ കഴിയാത്ത ഒരു വൈറസ്സിനെയാണ് ഗസ്മാൻ രൂപകല്പന ചെയ്തത്. ഒരിക്കൽ പുറത്തുവിട്ടുകഴിഞ്ഞാൽ ഗസ്മാനുപോലും അതിന്മേൽ നിയന്ത്രണമില്ല.

ഡി ഗസ്മാന്റെ കൈപ്പിടിയിൽ ഒതുങ്ങാതെ വൈറസ് പടർന്നുകഴിഞ്ഞാൽ, കോഡ് അടങ്ങിയിരിക്കുന്ന അറ്റാച്ചുമെന്റ് തുറക്കുന്നതിന് സ്വീകർത്താക്കളെ പ്രലോഭിപ്പിക്കുന്നതിനുള്ള ഒരു മാർഗം അദ്ദേഹത്തിന് ആവശ്യമായിരുന്നു. ഒരു ഫോട്ടോയാണെന്ന് നടിക്കുന്ന അദ്ദേഹത്തിന്റെ പഴയ തന്ത്രം പ്രവർത്തിക്കില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. അതിനാൽ അദ്ദേഹം ഒരു പുതിയ തന്ത്രം അവതരിപ്പിച്ചു: സാർവത്രികവും അപ്രതിരോധവുമായ ഒരു ശീർഷകം അദ്ദേഹം വൈറസ്സിനു നൽകി. “പലർക്കും ഒരു ആൺ സുഹൃത്ത് വേണമെന്ന് ഞാൻ മനസ്സിലാക്കി, അവർക്ക് പരസ്പരം വേണം, അവർക്ക് സ്നേഹം വേണം, അതിനാൽ ഞാൻ അതിനെ അങ്ങനെ വിളിച്ചു,” അദ്ദേഹം പറഞ്ഞു.

അങ്ങനെ ലവ് ബഗ് ജനിച്ചു.

മറ്റ് ഹാക്കർമ്മാരെപ്പോലെ ഗസ്മാനും ഒരു രാത്രിഞ്ചരനാണ്. ഇരുട്ടാണ് പ്രവൃത്തിയിൽ ശ്രദ്ധ ചെലുത്താൻ നല്ലതെന്ന് അദ്ദേഹം കണ്ടെത്തി. രാത്രി ഒരുമണിക്കാണ് തന്റെ ഇരയെ ഗസ്മാൻ കണ്ടെത്തിയത്. സിംഗപ്പൂരിൽ താമസിക്കുന്ന ഒരു ഫിലിപ്പിനോയുമായി അദ്ദേഹം ഓൺലൈനിൽ ചാറ്റ് ചെയ്യുകയായിരുന്നു. ആ മനുഷ്യൻ ആരാണെന്ന് ഡി ഗസ്മാന് ഓർമ്മിക്കാൻ കഴിഞ്ഞില്ല. പക്ഷേ, പുതിയതും മെച്ചപ്പെട്ടതുമായ വൈറസ്സിന്റെ ഒരു പകർപ്പ് അദ്ദേഹത്തിന് അയച്ചതായി ഓർക്കുന്നു.

താൻ അഴിച്ചുവിട്ട വൈറസ്സ് ലോകമെങ്ങും ഉണ്ടാക്കിയേക്കാവുന്ന കുഴപ്പത്തിന്റെ ഗൌരവം മനസ്സിലാക്കാതെ, താൻ തന്റെ സുഹൃത്തിനൊപ്പം പുറത്തുപോയി മദ്യപിച്ചുവെന്ന് ഗസ്മാൻ പറഞ്ഞു.

ഒരു ദിവസത്തിനുള്ളിൽത്തന്നെ വൈറസ് കാട്ടുതീപോലെ പടർന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയം ബലപ്പെട്ടു.

ഗസ്മാന്റെ അമ്മ ഗസ്മാനെ വിളിച്ചു. മനിലയിൽ ഒരു ഹാക്കറെ പോലീസ് വേട്ടയാടുന്നുവെന്ന് അവർക്ക് വാർത്ത ലഭിച്ചിരുന്നു, മാത്രമല്ല മകന്റെ നിയമവിരുദ്ധ ഹോബിയെക്കുറിച്ച് അവർക്കറിയാമായിരുന്നു. അവർ ഗസ്മാന്റെ കമ്പ്യൂട്ടർ മറച്ചുവെച്ചെങ്കിലും ഡിസ്കുകൾ ഉപേക്ഷിച്ചു, അതിലൊന്നിൽ മൈക്കൽ-ബി(Mykl-B) വൈറസ് ഉണ്ടായിരുന്നു, മൈക്കൽ ബ്യൂണിനെയും മറ്റ് നിരവധി ഡസൻ എഎംഎ വിദ്യാർത്ഥികളെയും പോലീസിന്റെ നിരീക്ഷണത്തിലാക്കാൻ അത് വഴിവെച്ചു.

ഗസ്മാന്റെ 20 വർഷമായുള്ള നിശ്ശബ്ദത സഹപാഠിയായ ബ്യൂണിന്റെ ജീവിതത്തെ ബാധിച്ചു. ബ്യൂൺ വൈറസ് ഉണ്ടാക്കിയതിൽ ഒരു പങ്കുവഹിച്ചുവെന്ന് കരുതപ്പെട്ടിരുന്നു. എന്നിട്ടും ഡി ഗസ്മാൻ പറയുന്നതനുസരിച്ച് അദ്ദേഹത്തിന് ഇതുമായി യാതൊരു ബന്ധവുമില്ല. രണ്ടുപേരും ചേർന്ന് മുമ്പ് വൈറസ്സുകൾ നിർമ്മിച്ചിരുന്നു, പക്ഷേ ലവ് ബഗ് എഴുതിയത് ഡി ഗസ്മാൻ മാത്രമാണ്.

സംഭവം നടന്ന് ഒരു വർഷത്തോളം അവധിയെടുക്കേണ്ടി വന്നുവെന്ന് ഡി ഗസ്മാൻ പറഞ്ഞു, ഈ സമയത്ത് കമ്പ്യൂട്ടറിൽ തൊട്ടിട്ടില്ല. അദ്ദേഹം ഒരിക്കലും എ‌എം‌എയിലേക്ക് വീണ്ടും പോയി ബിരുദം നേടിയിട്ടില്ല. പിന്നീട് അദ്ദേഹം ഒരു മൊബൈൽ ഫോൺ ടെക്നീഷ്യനായി. വൈറസ് കോഡ് എഴുതിയതിൽ ഖേദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ഇപ്പോൾ ഇന്റർനെറ്റ് യുഗത്തിലെ എല്ലാ തെറ്റ് ചെയ്തവരുടെയും വിധിയായ അപകർഷതാബോധം നേരിടുന്നു. “ചിലപ്പോൾ എനിക്ക് എന്റെ ചിത്രം ഇൻറർനെറ്റിൽ ലഭിക്കും,” അദ്ദേഹം പറയുന്നു. “എന്റെ സുഹൃത്തുക്കൾ പറഞ്ഞു,‘ ഇത് നിങ്ങളാണ്, ഇത് നിങ്ങളാണ്! ’അവർ എന്റെ പേര് കണ്ടെത്തുന്നു. “ഞാൻ ലജ്ജാലുവായ ഒരാളാണ്. അങ്ങനെയുള്ള സംഭവങ്ങൾ എനിക്കു വേണ്ട.” ഗസ്മാന്റെ മക്കൾക്ക് 7 ഉം 14 ഉം വയസ്സ് പ്രായമുണ്ട്. ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ വൈറസ്സുകളിലൊന്നിൽ അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ച് ഒരു ദിവസം ഉടൻ തന്നെ അവർ അറിയുമെന്ന് ഗസ്മാനറിയാം. അത് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അദ്ദേഹത്തിന് അറിയില്ല.

ഞങ്ങളുടെ അഭിമുഖത്തിന്റെ അവസാനത്തിൽ, ഗസ്മാൻ, മാളിന്റെ ചെറിയ ടെക് റിപ്പയർ സ്റ്റാളുകളിലേക്ക്, തന്റെ ജോലിയിലേക്ക് മടങ്ങുന്നു, അവിടെ അദ്ദേഹം സോൾഡിങ് അയേണുകൾ, മൾട്ടിമീറ്ററുകൾ, നിർമ്മാണം പൂർത്തിയാക്കാത്ത മൊബൈൽ ഫോണുകൾ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു. തന്റെ ജോലിയെ സ്നേഹിക്കുന്നുവെന്നും സംതൃപ്തനാണെന്നും അദ്ദേഹം പറയുന്നു, പക്ഷേ ആ കമ്പ്യൂട്ടർ ഷോപ്പുകളിൽ നിന്ന് ഞാൻ പുറത്തുകടക്കുമ്പോൾ, തന്റെ ജീവിതം എവിടെയെത്തണം എന്ന് ഗസ്മാൻ ആഗ്രഹിച്ചിടത്ത് എത്തിയില്ല എന്ന തോന്നൽ എനിയ്ക്കുണ്ടായി.

ലവ് ബഗ് ഏറ്റവും മികച്ച കമ്പ്യൂട്ടർ വൈറസ്സോ ഏറ്റവും വിനാശകരമോ ആയിരുന്നില്ല, മാത്രവുമല്ല ഇത് ഏറ്റവും ലാഭകരവുമായിരുന്നില്ല. പക്ഷേ, ഇന്നത്തെ സമൂഹത്തെ ബാധിക്കുന്ന മിക്ക കമ്പ്യൂട്ടർ കുറ്റകൃത്യങ്ങളെയും കുറിച്ചുള്ള അടിസ്ഥാന സത്യത്തിന്റെ മികച്ച ചിത്രമാണിത്. ഇത് സാങ്കേതികവിദ്യയെക്കുറിച്ചല്ല, ആളുകളെക്കുറിച്ചാണ്.

ഇരുപതു വർഷത്തിന് ശേഷം, ഇന്റർനെറ്റിൽ നടത്തിയ ഏറ്റവും വലിയ ഹാക്കുകളും കൃത്രിമത്വങ്ങളും – സോണി പിക്ചേഴ്സ് എന്റർടൈൻമെന്റിന്റെ ഡിജിറ്റൽ കവർച്ച, ബംഗ്ലാദേശ് ബാങ്കിൽ നിന്ന് 81 മില്യൺ ഡോളറിന്റെ ഹൈടെക് തട്ടിപ്പ്, 2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഇടപെടൽ – എന്നിവ അല്ല, അവരുടെ ഹൃദയത്തിൽ, കോഡ്, സോഫ്റ്റ് വെയർ അല്ലെങ്കിൽ ഹാർഡ്‌വെയർ എന്നിവയെക്കുറിച്ച്, അത് മനുഷ്യരുടെ ബലഹീനത ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചാണ്.

ആളുകളെ കബളിപ്പിപ്പിച്ച് പാടില്ലാത്ത കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുക എന്നതാണ് ഹാക്കറിന്റെ ആദ്യ നടപടി. അത്തരം പ്രവൃത്തികൾ ചെയ്യാൻ ഇരകളെ എങ്ങനെ ബോദ്ധ്യപ്പെടുത്താമെന്നതാണ് യഥാർത്ഥ തന്ത്രം, അത് സാങ്കേതിക വൈദഗ്ദ്ധ്യം പോലെ മനഃശാസ്ത്രപരമായ വിവേകത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു നല്ല ഹാക്കർക്ക് മനുഷ്യന്റെ സ്വഭാവത്തെക്കുറിച്ച് സഹജമായ ഗ്രാഹ്യവും നമ്മുടെ ആഗ്രഹങ്ങളെയും ഭയങ്ങളെയും കുറിച്ച് ആഴത്തിലുള്ള ധാരണയും ആവശ്യമാണ്.

ഡി ഗസ്മാൻ ഇത് തിരിച്ചറിഞ്ഞ ആദ്യത്തെ വ്യക്തിയല്ല, പക്ഷേ തന്റെ വൈറസ്സിന് പേരിടുന്നതിൽ, ആകസ്മികമായി, എക്കാലത്തെയും വലിയ പ്രലോഭനവുമായി അദ്ദേഹം എത്തി. അദ്ദേഹത്തിന്റെ ആക്രമണം വിജയിക്കുകയും ആഗോള ഭീഷണിയായിത്തീരുകയും ചെയ്തു,

കാരണം, ഈ ഗ്രഹത്തിലെ എല്ലാവരും അന്വേഷിക്കുന്ന ഒരു കാര്യമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്: സ്നേഹം!

 

Translated from Wired