തിരുവനന്തപുരം:
മന്ത്രി കെടി ജലീലിന്‍റെ സ്വത്ത് വകകള്‍ സംബന്ധിച്ച് എന്‍ഫോഴ്സ്മെന്‍റ് കൂടുതല്‍ അന്വേഷണം നടത്തുന്നു. മന്ത്രിയുടെ ആസ്തികളുടെ വിശദാംശം തേടി ഇഡി രജിസ്ട്രേഷന്‍ വകുപ്പിനെ സമീപിച്ചു. ബാങ്ക് രേഖകള്‍ ഉള്‍പ്പെടെ ഇഡി പരിശോധിച്ച് വരികയാണ്. താന്‍ സമ്പന്നനല്ല എന്ന നിലപാടായിരുന്നു ചോദ്യം ചെയ്യലില്‍ ജലീല്‍ സ്വീകരിച്ചിരുന്നത്. ഇതിനിടെ, പ്രോട്ടോക്കോള്‍ ലംഘനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ഐഎക്ക് മുമ്പില്‍ കൃത്യമായ വിശദീകരണം ജലീല്‍ നല്‍കിയില്ലെന്നും സൂചനയുണ്ട്.
അതേസമയം, നയതന്ത്ര ബാഗിലൂടെ ഖുർ ആൻ കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് പ്രത്യേകം കേസ് എടുത്തു. നയതന്ത്ര ബാഗിലൂടെ കൊണ്ടുവന്ന വസ്തുക്കൾ പുറത്ത് വിതരണം ചെയ്തുവെന്നതിലാണ് കേസ്. മതഗ്രന്ഥങ്ങള്‍ ഇറക്കിയതില്‍ മന്ത്രി കെടി ജലീലിനെയും സര്‍ക്കാര്‍ ഉദ്യേഗസ്ഥരെയും കസ്റ്റംസ് ചോദ്യം ചെയ്യും. നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത് കൊൺസുലേറ്റ് ആവശ്യത്തിനുള്ള വസ്തുക്കളാണ്. ഇത് വിതരണം ചെയ്യണമെങ്കിൽ രാജ്യത്തിൻ്റെ അനുമതി വേണം. പതിനേഴായിരം കിലോ ഈന്തപ്പഴമിറക്കിയതില്‍ നിയമലംഘനമുണ്ടെന്നും കസ്റ്റംസ് കണ്ടെത്തി.