Sun. Sep 8th, 2024

പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് എന്നറിയപ്പെടുന്ന ഉമ്മന്‍ ചാണ്ടി കേരളനിയമസഭയിലെത്തിയിട്ട് ഇന്ന് അര നൂറ്റാണ്ട് തികയുകയാണ്. വയസ്സ് 76 ആയെങ്കിലും പ്രായം തളര്‍ത്താത്ത പ്രസരിപ്പും ചുറുചുറുക്കുമാണ്  ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴുമുള്ളത്. അര നൂറ്റാണ്ടിനിടയില്‍ അദ്ദേഹം അലങ്കരിക്കാത്ത പദവികള്‍ വിരളമാണ്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രി പദവി തുടങ്ങി മിക്കവാറും എല്ലാ പദവികളിലുമെത്തിയ നേതാവാണ് ഉമ്മന്‍ ചാണ്ടി. കോവി‍‍ഡ് കാലമാണെങ്കിലും ആഘോഷ നിറവിലാണ് പുതുപ്പള്ളി.  സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന വേളയിലും നേട്ടങ്ങള്‍ക്കിടയിലും  വിവാദങ്ങള്‍ പിടികൂടിയെങ്കിലും പുതുപ്പള്ളിക്കാര്‍ക്ക് അവരുടെ കുഞ്ഞൂഞ്ഞിനെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ്. 1970 മുതല്‍ 11 തിരഞ്ഞെടുപ്പുകളില്‍ ഉമ്മന്‍ ചാണ്ടിയെ അല്ലാതെ മറ്റാരെയും പുതുപ്പള്ളിക്കാര്‍ കേരളനിയമസഭയിലേക്ക് അയച്ചിട്ടില്ല.

രാഷ്ട്രീയമായി എത്രയൊക്കെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായാലും ഉമ്മന്‍ ചാണ്ടിയെ കക്ഷി രാഷ്ട്രീയം മറന്ന് എല്ലാവരും സ്വീകരിച്ചിട്ടുണ്ട്. 1970ല്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായത്. കോട്ടയം ജില്ലയിലെ ഏറ്റവും വിജയസാധ്യത കുറഞ്ഞതും എല്ലാവരും മത്സരിക്കാന്‍ മടിക്കുന്നതുമായ പുതുപ്പള്ളിയില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ഉമ്മന്‍ ചാണ്ടി സ്ഥാനാര്‍ത്ഥിയാകുന്നത്. കോണ്‍ഗ്രസ് പിളര്‍ന്നുണ്ടായ സംഘടന കോണ്‍ഗ്രസിന്‍റെയും, കേരള കോണ്‍ഗ്രസിന്‍റെയും സ്ഥാനാര്‍ത്ഥിയായി പുതുപ്പള്ളി മുന്‍ എംഎല്‍എ കൂടിയായിരുന്ന പിസി ചെറിയാനെ ആയിരുന്നു സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. എന്നാല്‍, ത്രികോണ മത്സരത്തില്‍ സിപിഎമ്മിന്‍റെ ഇഎം ജോര്‍ജ് ജയിക്കുമെന്ന ഊഹാപോഹങ്ങള്‍ ശക്തമായതോടെ ചെറിയാന്‍ പിന്നോട്ടടിക്കുകയായിരുന്നു. പക്ഷേ പാര്‍ട്ടി വഴങ്ങിയില്ല. പിന്നീട് നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ ഒരുവിധം മദ്രാസിലെത്തിയ ചെറിയാന്‍ പിന്മാറുകയാണെന്ന പ്രസ്താവന പുറത്തുവിടുകയായിരുന്നു. അങ്ങനെ  ഉമ്മന്‍ ചാണ്ടിക്ക് നറുക്ക് വീണു. ഒടുവില്‍ കന്നി തിരഞ്ഞെടുപ്പില്‍ തന്നെ വിജയിച്ച അദ്ദേഹത്തിന് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.

കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടി ജനിച്ചത്. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈ സ്ക്കൂളിൽ നിന്നും സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം  കോട്ടയം സി എം എസ് കോളേജിലും ചങ്ങനാശ്ശേരി സെന്റ് ബെർമൻസ് കോളേജിലും ഉപരിപഠനം പൂര്‍ത്തിയാക്കി. എറണാകുളം ലോ കേളേജില്‍ നിന്നും അദ്ദേഹം നിയമബിരുദവും നേടിയിട്ടുണ്ട്. വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെഎസ് യുവിലൂടെയാണ് അദ്ദേഹത്തിന്‍റെ രാഷ്ട്രീയത്തിലുള്ള രംഗപ്രവേശനം. കെ.എസ്.യു. കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി,കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട്, യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് തുടങ്ങി നിരവധി ചുമതലകളിലൂടെയാണ് ഉമ്മന്‍ ചാണ്ടി മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. ഒരണയ്ക്ക് ബോട്ടു യാത്ര ചെയ്യാനുള്ള സൗകര്യം പുനസ്ഥാപിക്കാൻ വേണ്ടി 1957 ലെ സർക്കാരിനെതിരേ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ ഒരണ സമരത്തിലെ  മുന്നണിപോരാളിയായിരുന്നു അദ്ദേഹം.

എൺപതുകളുടെ തുടക്കത്തിൽ കോൺഗ്രസിനുള്ളിൽ രൂപമെടുത്ത ആന്റണി വിഭാഗത്തിലെ പ്രമുഖ നേതാക്കളിൽ ഒരാളു കൂടിയായിരുന്നു. 1970ല്‍  ആദ്യമായി കേരള നിയമസഭയിലേക്ക് എത്തിയ അദ്ദേഹം 2016വരെ നിമയസഭയിലെ പുതുപ്പള്ളിയുടെ മുഖമായി. 1980ല്‍ പുതുപ്പള്ളിയില്‍ മത്സരിക്കേണ്ടയെന്ന് മനസ്സുകൊണ്ട് തീരുമാനിച്ചിരുന്ന തന്നെ ആന്‍റണി ഒരു തരത്തിലും പിന്മാറാന്‍ സമ്മതിച്ചില്ലെന്ന് ഉമ്മന്‍ ചാണ്ടി പലകുറി പറഞ്ഞിട്ടുണ്ട്. 1977ൽ കെ കരുണാകരൻ്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും തുടർന്ന് എ.കെ. ആന്റണിയുടെ മന്ത്രിസഭയിലും തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയത് ഇദ്ദേഹത്തിന്റെ ഭരണ കാലത്താണ്. 1991ൽ കരുണാകരൻ മന്ത്രിസഭയിൽ ധനമന്ത്രിയായും ചുമതല വഹിച്ചു.  പാർട്ടിക്കുള്ളിൽ കരുണാകരൻ-ആന്റണി വിഭാഗങ്ങൾ തമ്മിലുള്ള ചേരി തിരിവ് ശക്തമായിരുന്ന കാലഘട്ടം കൂടിയായിരുന്നു ഇത്. പിന്നീട്, 1994ൽ എം.എ .കുട്ടപ്പന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ കരുണാകരനെ വെല്ലുവിളിച്ചു കൊണ്ട് ഉമ്മൻ ചാണ്ടി മന്ത്രിസ്ഥാനം രാജി വെച്ചു. കെ.കരുണാകരനെതിരായ പടനീക്കങ്ങളിലും ഗ്രൂപ്പ് സമവാക്യങ്ങളുടെ അഴിച്ചുപണിയിലും മുന്നില്‍ക്കണ്ട മുഖം ഏകെ ആന്റണിയുടേതാണെങ്കിലും അതിനൊക്കെ പിന്നിലെ മാസ്റ്റര്‍ ബ്രയിന്‍ ഉമ്മന്‍ചാണ്ടിയുടേതായിരുന്നു എന്നതാണ് വാസ്തവം.

2004 ഓഗസ്റ്റ് 31നാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി കസേരയിലെത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എ.കെ. ആന്റണി രാജി വെച്ചതിന് പിന്നാലെയായിരുന്നു ഈ സ്ഥാനകയറ്റം. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പരാജയപ്പെടുത്തി വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ ചുമതലയേറ്റതോടെ അദ്ദേഹം പ്രതിപക്ഷനേതാവായി പ്രവര്‍ത്തിച്ചു. 2011 മെയ് 18ന് വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പില്‍  എല്‍ഡിഎഫിനെ പരാജയപ്പെടുത്തി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി കസേര അലങ്കരിച്ചു. ഉമ്മന്‍ ചാണ്ടി അധികാരത്തിലേറിയത് തന്നെ വെറും 72 അംഗങ്ങളുടെ ബലത്തിലായിരുന്നു.

പക്ഷേ ഒരു ഭരണകര്‍ത്താവെന്ന നിലയില്‍ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളിലൂടെയും, പരീക്ഷണങ്ങളിലൂടെയും  ഉമ്മന്‍ചാണ്ടി കടന്നു പോയി. 2011 മുതല്‍ 2016വരെയുള്ള ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഒരുതരത്തില്‍ പറഞ്ഞാല്‍ വിവാദങ്ങളുടെ ഈറ്റില്ലമായിരുന്നു. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച  സോളാര്‍ കേസിലും പിന്നാലെ വന്ന ബാര്‍ കോഴ കേസിലുമൊക്കെ ഉമ്മന്‍ചാണ്ടിയുടെ പേര് ഉള്‍പ്പെട്ടതോടെ അഞ്ച് വര്‍ഷം അദ്ദേഹം വിവാദചുഴിയിലായിരുന്നു. സോളാര്‍ കേസിലെ വിവാദ നായിക സരിത എസ് നായരുമായി സഭ്യമല്ലാത്ത ഭാഷയിലും അദ്ദേഹത്തിന്‍റെ പേര് വലിച്ചിഴയ്ക്കപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്നീട് ഈ കേസ് ആഘോഷമാക്കുകയായിരുന്നു. സിപിഎമ്മില്‍ നിന്ന് മാത്രമല്ല ഭരണപക്ഷത്ത് നിന്നും അദ്ദേഹത്തിന് വിമര്‍ശകരുണ്ടായി. ബാറുകള്‍ക്ക് ലൈസന്‍ അനുവദിക്കുന്ന കാര്യത്തെ ചൊല്ലി അന്നത്തെ കെപിസിസി പ്രസിഡന്റ് വിഎംസുധീരനുമായി നേരിട്ട് ഏറ്റുമുട്ടലുകളുമുണ്ടായി. എന്നാല്‍, വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ 418 ബാറുകള്‍ പൂട്ടാന്‍ ആവശ്യപ്പെട്ട പാര്‍ട്ടിയുടെ നേതൃത്വത്തെ പോലും അതിശയിപ്പിച്ച് കേരളത്തിലെ മുഴുവന്‍ ബാറുകളും അടച്ചുപൂട്ടാന്‍ ഉമ്മന്‍ചാണ്ടി ഉത്തരവിട്ടു.

എല്‍ഡിഎഫ് സര്‍ക്കാര്‍ പണിപൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ച കൊച്ചി മെട്രോയും, കണ്ണൂര്‍ എയര്‍പോര്‍ട്ടും ഒക്കെ വരാന്‍ കാരണം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ ഭരണമികവിന്‍റെ ഫലമായാണ്. അമ്പത് ശതമാനത്തിലധികം പണികളും പൂര്‍ത്തിയാക്കിയത് യുഡിഎഫ് ഭരണകാലത്താണ്. വിഴിഞ്ഞം തുറമുഖം പദ്ധതി, സ്മാര്‍ട്ടി സിറ്റി തുടങ്ങി ഒട്ടേറെ പദ്ധതികള്‍ക്കാണ് അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ചുക്കാന്‍ പിടിച്ചത്. ശബരിമല മാസ്റ്റര്‍ പ്ലാന്‍, റോഡ് വികസന പദ്ധതികള്‍, ജന സമ്പര്‍ക്ക പരിപാടികള്‍, തിരുവനന്തപുരം വിമാനത്താവള വികസനം തുടങ്ങിയ പദ്ധതികളിലും അദ്ദേഹത്തിന്‍റെ കെെയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

 

By Binsha Das

Digital Journalist at Woke Malayalam