Fri. Nov 22nd, 2024

മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വാർത്തകളിലെ സത്യാവസ്ഥ പരിശോധിക്കാൻ കേരളാ പൊലീസിനെ നിയമിച്ച സംസ്ഥാന സർക്കാരിന്റെ നീക്കത്തെ വിമർശിച്ച് പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് റെജി കെ പി. വ്യാജവാർത്തകൾ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയുമാണ് എ.ഡി.ജി.പി മനോജ് എബ്രഹാമിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിെൻറ ദൗത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റെജി കെ പി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നത്.

വാർത്തകൾക്ക് ലിറ്റ്മസ് ടെസ്റ്റ് നടത്താനും മുദ്രണം ചാർത്താനും രംഗത്തിറങ്ങിയ പൊതുജന സമ്പർക്ക വകുപ്പിന് തുടക്കത്തിലേ പിഴച്ചതുകൊണ്ടാവാം ഇപ്പോൾ പരിശോധനയ്ക്കു സാക്ഷാൽ പൊലീസിനെ തന്നെ ചുമതലപ്പെടുത്തി സർക്കാർ തീരുമാനം ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാർത്തകൾക്കു മൂക്കുകയറിടാൻ ഭരണകൂടങ്ങൾ പലപ്രകാരങ്ങളിൽ മുമ്പും ശ്രമം നടത്തിയിട്ടുണ്ടെന്നും വിശ്വാസ്യതയില്ലാത്ത മാധ്യമങ്ങളുടെ നിലനിൽപ്പ് ഭരണകൂടം ആശങ്കപ്പെടേണ്ട വിഷയമല്ലെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് റെജി കെ പി എഴുതിയ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപത്തിലേക്ക്:

വാർത്തകൾക്കു ലിറ്റ്മസ് ടെസ്റ്റ് നടത്താനും മുദ്രണം ചാർത്താനും രംഗത്തിറങ്ങിയ പൊതുജന സമ്പർക്ക വകുപ്പിന് തുടക്കത്തിലേ പിഴച്ചതുകൊണ്ടാവാം ഇപ്പോൾ പരിശോധനയ്ക്കു സാക്ഷാൽ പൊലീസിനെ തന്നെ ചുമതലപ്പെടുത്തി സർക്കാർ തീരുമാനം ഉണ്ടായിരിക്കുന്നു. വ്യാജവാർത്തകൾ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയുമാണ് എ.ഡി.ജി.പി മനോജ് എബ്രഹാമിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിെൻറ ദൗത്യമെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വ്യക്തമാക്കിയത്.

ഭരണസിരാകേന്ദ്രമായ സെക്രേട്ടറിയേറ്റിനു മുന്നിൽ സമരക്കാരും പൊലീസും തമ്മിലുണ്ടായ സംഘർഷം കാമറയിൽ പകർത്താൻ ശ്രമിച്ചതിെൻറ പേരിൽ കേരള കൗമുദിയിലെ ഫോേട്ടാഗ്രാഫർ നിശാന്ത് ആലുകാടിനെ കഴുത്തിനു പിടിച്ച പൊലീസ് ഇനി സർക്കാറിെൻറ അനുഗ്രഹാശിസുകളോടെ മാധ്യമപ്രവർത്തകരുടെ കഴുത്തിനു കുത്തിപ്പിടിക്കുമെന്നു സാരം.

വാർത്തകൾക്കു മൂക്കുകയറിടാൻ ഭരണകൂടങ്ങൾ പലപ്രകാരങ്ങളിൽ മുമ്പും ശ്രമം നടത്തിയിട്ടുണ്ട്. തീർത്തും സദുദ്ദേശപരമെന്ന മുഖംമൂടിക്കുള്ളിൽനിന്നാണ് മുെമ്പല്ലാം ഇത്തരം പത്രമാരണ നടപടികൾ ഉണ്ടായിട്ടുള്ളതും. അതുകൊണ്ടുതന്നെ ഭരണകൂട നടപടികളെ ന്യായീകരിക്കാൻ നല്ലൊരു ശതമാനം ആളുകൾ അന്നും മുന്നിൽ നിന്നിട്ടുണ്ട്. പക്ഷേ, അവർ യാഥാർഥ്യം തിരിച്ചറിഞ്ഞു വരുേമ്പാഴേക്കും മാധ്യമ സ്വാതന്ത്ര്യം മാത്രമല്ല, ജനാധിപത്യംതന്നെ ഉൗർധൻ വലിച്ചു തുടങ്ങിയിട്ടുണ്ടാവും. മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനും കുച്ചുവിലങ്ങ് ഇട്ടുകൊണ്ടാണ് ലോക​െമങ്ങും ഏകാധിപത്യം അതിെൻറ പടികൾ ചവിട്ടിക്കയറിത്തുടങ്ങിയത് എന്ന ചരിത്ര പശ്ചാത്തലത്തിൽനിന്നു വേണം വാർത്തകൾക്കു മേലുള്ള പൊലീസ് പരിശോധനയെയും വിലയിരുത്തേണ്ടത്.

ഹിതകരമല്ലാത്ത വാർത്തകളെയും അപ്രിയ സത്യങ്ങളെയും മാത്രമല്ല, അസത്യ പ്രചാരണങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിനെയും പ്രതിരോധിക്കാൻ ജനാധിപത്യപരമായ വഴികൾ ഉണ്ടായിരിക്കെയാണ് സർക്കാർ പൊലീസിനെ കുട്ടുപിടിക്കുന്നത്. ഭരണകർത്താക്കളുടെ ആജ്ഞാനുവർത്തികളായ പൊലീസ് ഉദ്യോഗസ്ഥർ വാർത്തകളുടെ തെറ്റും ശരിയും പരിശോധിച്ചു മാധ്യമപ്രവർത്തകരെ കഴുത്തുപിടിക്കാൻ ഇറങ്ങിത്തിരിച്ചാൽ നമ്മുടെ മാധ്യമസ്വാതന്ത്ര്യത്തിെൻറ ഗതിയെന്താവും? വിശ്വാസ്യതയാണു മാധ്യമങ്ങളുടെ കൈമുതലും സെല്ലിങ് പോയൻറുമെങ്കിൽ കൂച്ചുവിലങ്ങുകളില്ലാത്ത മാധ്യമസ്വാതന്ത്ര്യമാണ് ജനാധിപത്യത്തിെൻറ ആണിക്കല്ല്. അടിസ്ഥാനമില്ലാത്ത വാർത്തകളും പ്രചാരണങ്ങളുമായി ഏതെങ്കിലും മാധ്യമമോ മാധ്യമപ്രവർത്തകരോ ഇറങ്ങിത്തിരിക്കുന്നുവെങ്കിൽ അവരുടെ തന്നെ വിശ്വാസ്യതയാണു തകരുന്നത്. ജനങ്ങൾ അതു കൈകാര്യം ചെയ്തുകൊള്ളും. വിശ്വാസ്യതയില്ലാത്ത മാധ്യമങ്ങളുടെ നിലനിൽപ്പ് ഭരണകൂടം ആശങ്കപ്പെടേണ്ട വിഷയമല്ല.

ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥരുടെ കൈയൂക്കിനു മുന്നിൽ കഴുത്തൊടിഞ്ഞു നിൽക്കേണ്ടവരല്ല കേരളത്തിലെ മാധ്യമപ്രവർത്തകർ. അവർ ചാർത്തുന്ന വ്യാജമുദ്രക്കു മുന്നിൽ നെട്ടല്ല് തകർന്നു ശയ്യാവലംബിയായി കിടക്കേണ്ടതല്ല നമ്മുടെ മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും.

 

By Athira Sreekumar

Digital Journalist at Woke Malayalam