Mon. Dec 23rd, 2024

ഡൽഹി:

ഇന്ത്യൻ ക്ലാസിക്കൽ നൃത്തം, വാസ്തുവിദ്യ, കലാ ചരിത്രം എന്നിവയിൽ പണ്ഡിതയായ കപില വാത്സ്യായൻ അന്തരിച്ചു. 91 വയസ്സായിരുന്നു. ഇന്ന് രാവിലെ 9 മണിക്ക് ഡൽഹിയിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. മുൻ പാർലമെന്റ് അംഗവും ഇന്ത്യയിലെ ബ്യൂറോക്രാറ്റുമായിരുന്നു കപില വാത്സ്യായൻ. കൂടാതെ ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്ട്‌സിന്റെ സ്ഥാപക ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിൽ ഇന്ത്യാ ഗവൺമെന്റിന്റെ സെക്രട്ടറിയായും പ്രവർത്തനം അനുഷ്ഠിച്ചു. 2011ൽ രാജ്യം പരമോന്നത ബഹുമതിയായ പദ്മ വിഭൂഷൺ നൽകി കപില വാത്സ്യായനെ ആദരിച്ചിട്ടുണ്ട്.

ഡൽഹിയിലെ ലോധി ശ്മശാനത്തിൽ വെച്ചാണ് അന്ത്യകർമ്മങ്ങൾ നടക്കുക എന്ന് ഇന്ത്യ ഇന്റർനാഷണൽ സെന്റർ സെക്രട്ടറി കൻ‌വാൾ അലി അറിയിച്ചു. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് ചടങ്ങുകൾ നടക്കുക. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാൽ അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് ചടങ്ങിൽ പ്രവേശിക്കാൻ അനുമതി.

 

By Athira Sreekumar

Digital Journalist at Woke Malayalam