ഡൽഹി:
ബാബറി മസ്ജിദ് ആക്രമിച്ച് തകര്‍ക്കല്‍, ഗൂഢാലോചന തുടങ്ങിയ കേസുകളിൽ ലഖ്‌നൗ പ്രത്യേക സിബിഐ കോടതി സെപ്‌തംബർ 30ന് വിധി പറയും. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരടക്കം പ്രതികളായ മുപ്പത്തിരണ്ട് പേരോട് വിധി പ്രസ്‌താവിക്കുന്ന ദിവസം കോടതിയിൽ ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ‌്ജിയായ എസ് പി യാദവാണ് വിധി പറയുക.
എല്ലാ ദിവസവും വിചാരണ നടത്തി ഓഗസ്റ്റ് 31 നകം വിധി പ്രസ്താവിക്കാനാണ് സുപ്രീംകോടതി കഴിഞ്ഞ വർഷം നിർദ്ദേശം നൽകിയത്. ഇതിനായി ജഡ‌്ജിയായ എസ് പി യാദവിന്റെ കാലാവധിയും സുപ്രീംകോടതി നീട്ടിനൽകിയിരുന്നു. എന്നാൽ വിചാരണ അന്തിമഘട്ടത്തിലാണെന്നും ലോക്ക്‌ഡൗൺ അടക്കമുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടി പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയിൽ അപേക്ഷ നൽകി. ഇതേത്തുടർന്ന് സെപ്‌തംബർ 30 വരെ വിചാരണ പൂർത്തിയാക്കി വിധി പുറപ്പെടുവിക്കാൻ സുപ്രീംകോടതി സമയം അനുവദിക്കുകയായിരുന്നു.
1992 ഡിസംബർ ആറിനാണ് ആര്‍എസ്എസ്, വിഎച്ച്പി, ബിജെപി നേതൃത്വത്തിലുള്ള ഹിന്ദുത്വ സംഘടനാ പ്രവർത്തകർ ബാബറി മസ്ജിദ് തകർത്തത്. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച പള്ളി പൊളിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് അദ്വാനി അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കൾക്കെതിരായ കേസ്.